ബിനോയ് കോടിയേരിയെ താനോ പാര്‍ട്ടിയോ സംരക്ഷിക്കില്ലെന്ന് കോടിയേരി ബാലകൃഷ്ണന്‍.

തന്നെ കണ്ട് സംസാരിച്ചുവെന്ന പരാതിക്കാരിയായ യുവതിയുടെ മൊഴി കോടിയേരി തള്ളി. ഇക്കാര്യത്തില്‍ ആരും തന്നെ വന്നു കണ്ടിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.

0

തിരുവനന്തപുരം: വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന ബിഹാര്‍ സ്വദേശിയായ യുവതിയുടെ പരാതിയില്‍ അന്വേഷണം നേരിടുന്ന മകന്‍ ബിനോയ് കോടിയേരിയെ താനോ പാര്‍ട്ടിയോ സംരക്ഷിക്കില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. തനിക്ക് നേരെയുണ്ടായ ആരോപണങ്ങളും കേസും നേരിടുകയും നിരപരാധിത്വം തെളിയിക്കുകയും ചെയ്യേണ്ട ബാധ്യത ബിനോയിക്കാണെന്നും ഇക്കാര്യത്തില്‍ സിപിഎമ്മിന് ഒന്നും തന്നെ ചെയ്യാനില്ലെന്നും എകെജി സെന്‍ററില്‍ മാധ്യമങ്ങളെ കണ്ട കോടിയേരി പറഞ്ഞു. ബിനോയിക്കെതിരായ പീഡനക്കേസ് വാര്‍ത്ത പുറത്തു വന്ന ശേഷം ഇതാദ്യമായാണ് കോടിയേരി ഈ വിഷയത്തില്‍ പ്രതികരിക്കുന്നത്.

തന്നെ കണ്ട് സംസാരിച്ചുവെന്ന പരാതിക്കാരിയായ യുവതിയുടെ മൊഴി കോടിയേരി തള്ളി. ഇക്കാര്യത്തില്‍ ആരും തന്നെ വന്നു കണ്ടിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. കോടിയേരിയുടെ ഭാര്യ പ്രശ്നം ഒത്തുതീര്‍പ്പാക്കാന്‍ ഇടപെടുകയും താനുമായി സംസാരിക്കുകയും ചെയ്തുവെന്ന യുവതിയുടെ മൊഴി മാധ്യമങ്ങള്‍ ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ മുംബൈ കോടതി പരിഗണിക്കുന്ന കേസിലുള്ള മൊഴിയാണ് എന്നതിനാല്‍ അതേക്കുറിച്ച് കൂടുതല്‍ പറയാനില്ലെന്ന മറുപടിയാണ് അദ്ദേഹം നല്‍കിയത്.

കോടിയേരിയുടെ വാക്കുകള്‍….

ബിനോയിയെ പാര്‍ട്ടി സംരക്ഷിക്കില്ല. മകനെ സംരക്ഷിക്കുന്ന തരത്തിലുള്ള ഒരു നടപടിയും ഞാനോ പാര്‍ട്ടിയോ ഇതുവരെ സ്വീകരിച്ചിട്ടില്ല. പാര്‍ട്ടി സെക്രട്ടറി സ്ഥാനത്ത് നിന്നും താന്‍ മാറി നില്‍ക്കുമെന്ന വാര്‍ത്ത ചില‍ര്‍ സൃഷ്ടിച്ചതാണ്. അവരുടെ ലക്ഷ്യം വേറെയാണ്. ബിനോയ് പ്രായപൂര്‍ത്തിയായ ആളാണ്.

തനിക്ക് നേരെയുണ്ടായ ആരോപണങ്ങളില്‍നിരപരാധിത്വം തെളിയിക്കേണ്ടത് ബിനോയിയുടെ വ്യക്തിപരമായ ബാധ്യതയാണ്. കുടുംബാംഗങ്ങൾ ചെയ്യുന്ന തെറ്റിന്‍റെ ഉത്തരവാദിത്വം ഏറ്റെടുക്കാൻ എനിക്കോ പാര്‍ട്ടിക്കോ ആവില്ല. അതവര്‍ തന്നെ നേരിടണം. ഇതാണ് ഇക്കാര്യത്തില്‍ എന്‍റെ നിലപാട്. പാര്‍ട്ടി നിലപാട് എന്താണെന്ന് പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി തന്നെ വ്യക്തമാക്കിയിട്ടുണ്ട്.

കുറ്റാരോപിതനായ വ്യക്തിയെ സംരക്ഷിക്കുക എന്നത് പാര്‍ട്ടി നയമല്ല. എന്‍റെ മകന്‍റെ കാര്യത്തിലും ആ നയമാണ് ഞാന്‍ പിന്തുടരുന്നത്. മറ്റുള്ള നിയമപ്രശ്നങ്ങള്‍ ആ വഴിക്ക് നേരിടും. കഴിഞ്ഞ കുറച്ചു ദിവസമായി ഞാന്‍ ആയുര്‍വേദ ചികിത്സയിലാണ്. പാര്‍ട്ടിയോഗത്തില്‍ പങ്കെടുക്കാനാണ് ഇപ്പോള്‍ വന്നത്. മാധ്യമങ്ങള്‍ കഴിഞ്ഞ കുറച്ചു ദിവസമായി എന്നെ തേടി നടക്കുകയാണ് എന്നറിഞ്ഞു. അതാണ് ഇപ്പോള്‍ നിങ്ങളെ നേരിട്ട് കാണാന്‍ വന്നത്.

ബിനോയിക്കെതിരായ പരാതി സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് ഇപ്പോള്‍ കോടതിക്ക് മുന്‍പിലുള്ള കാര്യത്തില്‍ താന്‍ അഭിപ്രായം പറയില്ലെന്ന് കോടിയേരി വ്യക്തമാക്കി. തനിക്കെതിരായ കേസ് മകന്‍ നിയമപരമായി നേരിടുന്നുണ്ട്. ബിനോയിയെ താന്‍ സംരക്ഷിക്കില്ല ആ കേസ് ബിനോയ് തന്നെ നേരിടണം. ഈ കേസിലെ നിജസ്ഥിതി അറിയേണ്ടതുണ്ട്. ആരോപണങ്ങള്‍ തെറ്റാണെന്നും നിരപരാധിയാണെന്നും തെളിയിക്കേണ്ടത് ബിനോയിയുടെ ബാധ്യതയാണ് കോടിയേരി പറഞ്ഞു.

ഞാന്‍ തെറ്റുകാരനല്ല ആണെങ്കില്‍ എനിക്കെതിരെ തക്കതായ നടപടിയെടുക്കാന്‍ പാര്‍ട്ടിക്ക് കരുത്തുണ്ട്. ബിനോയ് വേറെ തന്നെ കുടുംബമായി താമസിക്കുന്നയാളാണ് അവന് പിറകേ ഞാന്‍ പോയി നോക്കിയിട്ടില്ല. പോയിരുന്നുവെങ്കില്‍ ഇങ്ങനെയൊന്നും സംഭവിക്കില്ലായിരുന്നു. വാര്‍ത്ത പുറത്തു വന്നപ്പോള്‍ ആണ് ഇതേക്കുറിച്ചൊക്കെ ഞാന്‍ അറിയുന്നതും അന്വേഷിക്കുന്നതും. അതല്ലാതെ എനിക്ക് ഈ സംഭവങ്ങളെക്കുറിച്ചൊന്നും മുന്‍ അറിവില്ല.

ഈ വിഷയം കോടതിയിലെത്തിയ ശേഷം ബിനോയിയെ ഞാന്‍ കണ്ടിട്ടില്ല. ഈ രാജ്യത്തൊരു സംവിധാനമില്ലേ ? ബിനോയ് എവിടെയെന്ന് അവര്‍ കണ്ടെത്തട്ടെ. ബിനോയിയെ താന്‍ ബന്ധപ്പെടാന്‍ ശ്രമിച്ചിട്ടില്ല. അങ്ങനെ ചെയ്യാന്‍ താന്‍ മുംബൈ പൊലീസിന്‍റെ ഭാഗവുമല്ല. തനിക്ക് നേരെയുണ്ടായ ആരോപണം ബിനോയ് നിഷേധിച്ചിട്ടുണ്ട്. അതിനാലാണ് കോടതിയില്‍ അവന്‍ കേസ് നേരിടുന്നത്. സ്വന്തം നിരപരാധിത്വം തെളിയിക്കാന്‍ ബിനോയ് പോരാടുന്നുണ്ട്. പരാതിക്കാരിയായ പെണ്‍കുട്ടിയെ ഞാന്‍ കണ്ടു സംസാരിച്ചിരുന്നു എന്നത് തെറ്റായ വാര്‍ത്തയാണ്.

You might also like

-