കൊടിസുനിയെ കൊല്ലാന്‍ ജയിലില്‍ ക്വട്ടേഷന്‍ അന്വേഷണം ശ്കതമാക്കി പോലീസ്
ഉത്തരമേഖലാ ജയില്‍ ഐ.ജി. വിനോദ്കുമാറിന്റെ നേതൃത്വത്തിലാണ് ജയില്‍വകുപ്പിന്റെ അന്വേഷണം. കഴിഞ്ഞ ദിവസം ഇദ്ദേഹം കൊടിസുനിയുടെ മൊഴിയെടുത്തു.
തൃശ്ശൂര്‍: കൊടിസുനിയെ കൊല്ലാന്‍ ജയിലില്‍ ക്വട്ടേഷന്‍ നല്‍കിയ സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു. പോലീസും ജയില്‍വകുപ്പും വേറെവേറെ അന്വേഷണം നടത്തുന്നുണ്ട്. ജയില്‍ ഉദ്യോഗസ്ഥരുള്‍പ്പെടെയുള്ളവര്‍ക്കെതിരേ ആരോപണം ഉയര്‍ന്നുകഴിഞ്ഞ സാഹചര്യത്തിലാണ് അന്വേഷണം വേഗത്തിലാക്കുന്നത്. ഉത്തരമേഖലാ ജയില്‍ ഐ.ജി. വിനോദ്കുമാറിന്റെ നേതൃത്വത്തിലാണ് ജയില്‍വകുപ്പിന്റെ അന്വേഷണം. കഴിഞ്ഞ ദിവസം ഇദ്ദേഹം കൊടിസുനിയുടെ മൊഴിയെടുത്തു. ഐ.ജി. തൃശ്ശൂരില്‍ത്തന്നെ തുടരുന്നുമുണ്ട്.
പോലീസിന്റെ ഭാഗത്തുനിന്ന് സ്‌പെഷ്യല്‍ ബ്രാഞ്ചാണ് അന്വേഷണം. ഇതിന്റെ വിവരശേഖരണം തുടങ്ങിയെന്നാണ് അറിയുന്നത്. സുനിയെ കാണാന്‍ ജയിലിലെത്തിയ പലരുമായും സംഘം ബന്ധപ്പെടുന്നുണ്ട്. സ്വര്‍ണക്കടത്തുസംഘമാണ് ക്വട്ടേഷന്റെ പിറകിലെന്ന സംശയമാണ് സുനി സുഹൃത്തുക്കളോട് പങ്കുവെച്ചത്.
കൊടിസുനിയുടെ സഹതടവുകാരന്റെ വെളിപ്പെടുത്തലോടെയാണ് ജയിലിലെ ക്വട്ടേഷന്‍ വിവരം പുറംലോകം അറിയുന്നത്. ഫ്‌ലാറ്റ് കൊലക്കേസിലെ റഷീദും സംഘവും ക്വട്ടേഷന്‍ ഏല്‍പ്പിക്കാന്‍ ശ്രമിച്ച വിവരം സഹതടവുകാരന്‍ സുനിയോടു തുറന്നുപറയുകയായിരുന്നു. തുടര്‍ന്ന് ജയില്‍ അധികൃതര്‍ക്ക് പരാതി നല്‍കുകയും ചെയ്തു. പക്ഷേ, പരാതിക്കാരനെ ജയില്‍ മാറ്റുകയെന്ന നടപടിയാണ് ജയില്‍ അധികൃതര്‍ സ്വീകരിച്ചത്.
അതേസമയം കൊടിസുനികഴിയുന്ന വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ സുരക്ഷ ശക്തമാക്കുന്നു. സംശയനിഴലിലുള്ള ജീവനക്കാരെ മാറ്റും.
തടവുകാരും ചില ഉദ്യോഗസ്ഥരും തമ്മിലുള്ള അവിഹിതബന്ധമാണ് ക്രമക്കേടുകളുടെ കാരണമെന്ന് ജയില്‍ രഹസ്യാന്വേഷണവിഭാഗത്തിന്റെ റിപ്പോര്‍ട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ സംശയത്തിലുള്ള ജീവനക്കാരെ ഇവിടെനിന്ന് മാറ്റും.
കഴിഞ്ഞ ദിവസം ജയില്‍ സന്ദര്‍ശിച്ച ജയില്‍മേധാവി ഷേക്ക് ദര്‍വേസ് സഹേബ് ജയിലിലെ സുരക്ഷയടക്കമുള്ള വിവരങ്ങളും ജീവനക്കാരുടെ ഇടപെടലും സംബന്ധിച്ച പൂര്‍ണവിവരങ്ങള്‍ ശേഖരിച്ചു. മതിയായ ജീവനക്കാരില്ലാത്ത വിഷയവും ചര്‍ച്ചയായി. ജയിലിലെ മൊബൈല്‍ ജാമറുകള്‍, സി.സി.ടി.വി. ക്യാമറകള്‍ അടക്കമുള്ളവ പ്രവര്‍ത്തനക്ഷമമല്ല. പരിഹരിക്കാന്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നെങ്കിലും നടപടിയുണ്ടായില്ല