കെ എം ഷാജി എംഎല്‍എ അടിസ്ഥാനരഹിത ആരോപണങ്ങള്‍ ദൗര്‍ഭാഗ്യകരമാണെന്നും : സ്പീക്കര്‍

കെ എം ഷാജിയുടെ നിയമസഭ അംഗത്വം ഹൈക്കോടതി റദ്ദാക്കിയ സംഭവവുമായി ബന്ധപ്പെട്ട് മാധ്യമങ്ങള്‍ക്ക് മുന്നില്‍ അദ്ദേഹം നടത്തുന്ന അടിസ്ഥാന രഹിത ആരോപണങ്ങള്‍ ദൗര്‍ഭാഗ്യകരമാണെന്നും സ്പീക്കര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. വളരെ സ്വാഭാവികമായ നിയമപരമായ ബാധ്യത നിര്‍വഹിക്കുകയാണ് നിയമസഭ സെക്രട്ടറിയും സെക്രട്ടേറിയറ്റും ചെയ്തത്

0

തിരുവനന്തപുരം: കെ എം ഷാജി എംഎല്‍എ അനാവശ്യ രാഷ്ട്രീയ വിവാദങ്ങളിലേക്ക് നിയമസഭ സ്പീക്കറെയും നിയമസഭ സെക്രട്ടറിയേയും വലിച്ചിഴക്കുകയാണെന്ന് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍. കെ എം ഷാജിയുടെ നിയമസഭ അംഗത്വം ഹൈക്കോടതി റദ്ദാക്കിയ സംഭവവുമായി ബന്ധപ്പെട്ട് മാധ്യമങ്ങള്‍ക്ക് മുന്നില്‍ അദ്ദേഹം നടത്തുന്ന അടിസ്ഥാന രഹിത ആരോപണങ്ങള്‍ ദൗര്‍ഭാഗ്യകരമാണെന്നും സ്പീക്കര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
വളരെ സ്വാഭാവികമായ നിയമപരമായ ബാധ്യത നിര്‍വഹിക്കുകയാണ് നിയമസഭ സെക്രട്ടറിയും സെക്രട്ടേറിയറ്റും ചെയ്തത്.

നിയമങ്ങള്‍ അനുസരിക്കേണ്ട ബാധ്യതയും കീഴ്‌വഴക്കങ്ങളുടെ അടിസ്ഥാനത്തിലാണ് നിയമസഭ ബുള്ളറ്റിന്‍ ഇറക്കാന്‍ നിര്‍ബന്ധിതരായതെന്നും അദ്ദേഹം പറഞ്ഞു.
നിയമസഭ സെക്രട്ടേറിയറ്റ് അനാവശ്യമായ ധൃതി കാണിച്ചു അയോഗ്യതകല്‍പ്പിക്കുന്നതിന് ബുള്ളറ്റിന്‍ ഇറക്കിയതായും നിയമസഭയുടെ നടപടി ശരിയായില്ലെന്നും രാഷ്ട്രീയം കളിക്കലാണ് പിന്നിലെന്നുമാണ് കെ എം ഷാജി ആരോപിച്ചത്. എന്നാല്‍, ഇതുവരെയും ഒരു തരത്തിലും ഷാജി ഉന്നയിക്കുന്ന കാര്യങ്ങള്‍ സംബന്ധിച്ച് ഒരു പ്രതികരണവും തന്റെ ഭാഗത്തു നിന്നും ഉണ്ടായിട്ടില്ല. തുടര്‍ച്ചയായി ഏതോ തെറ്റിദ്ധാരണയുടെയും തെറ്റായ ഉപദേശത്തിന്റെയോ അടിസ്ഥാനത്തിലാകാം അദ്ദേഹം മാധ്യമങ്ങളോട് ഇത്തരമൊരു കാര്യം പറഞ്ഞുകൊണ്ടിരിക്കുന്നതെന്നും സ്പീക്കര്‍ പറഞ്ഞു.

കെ എം ഷാജിയുടെ നിയമസഭ അംഗത്വം റദ്ദാക്കിക്കൊണ്ടുള്ള ഹൈക്കോടതി ഉത്തരവ് നവംബര്‍ ഒന്‍പതിന് പുറത്തിറങ്ങി. വിധിന്യായത്തിലെ പ്രസക്തമായ ഭാഗം കോടതിയില്‍ നിന്നും നിയമസഭ സ്പീക്കര്‍ക്ക് കൈമാറിയിരുന്നു. അതില്‍ നിയമപരമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഉടന്‍ നടപ്പില്‍ വരുത്തണമെന്ന് വ്യക്തമാക്കിയിരുന്നു. അത് അനുസരിക്കാനുള്ള ബാധ്യത നിയമസഭ സെക്രട്ടേറിയറ്റിനുണ്ട്. എന്നാല്‍ അന്നുതന്നെ ഉത്തരവ് രണ്ടാഴ്ചത്തേക്ക് സ്റ്റേ ചെയ്തു. അതിന്റെ കാലാവധി 23ന് അവസാനിച്ചു. ഈ സാഹചര്യത്തില്‍ ബുള്ളറ്റിന്‍ ഇറക്കുകയല്ലാതെ മറ്റു വഴികളില്ല.
ബുള്ളറ്റിന്‍ ഇറക്കുന്ന ആദ്യ സംഭവമല്ലെന്നും രേഖകളെ ഉദ്ധരിച്ച് സ്പീക്കര്‍ വ്യക്തമാക്കി. 10-ാം കേരള നിയമസഭയുടെ കാലയളവില്‍ തമ്പാനൂര്‍ രവിയുടെ തെരഞ്ഞെടുപ്പ് ഹൈക്കോടതി അസാധുവാക്കിയിരുന്നു. അന്നും സമാനമായ ബുള്ളറ്റിന്‍ ഇറങ്ങിയിട്ടുണ്ട്. അന്ന് ആരും അതു രാഷ്ട്രീയ പ്രേരിതമാണെന്ന് പറഞ്ഞില്ല. ഈ സ്വാഭാവിക നടപടി മനസിലാക്കാതെ നിയമസഭ സാമാജികനോ അദ്ദേഹവുമായി ബന്ധപ്പെട്ടവരോ നിയമസഭ സെക്രട്ടേറിയറ്റിനെ രാഷ്ട്രീയമായി വലിച്ചിഴയ്ക്കുന്നത് നിര്‍ഭാഗ്യകരമാണ്. ഇത്തരം ആരോപണങ്ങള്‍ അദ്ദേഹം ഇനിയെങ്കിലും ഒഴിവാക്കേണ്ടതാണെന്നും സ്പീക്കര്‍ വ്യക്തമാക്കി

You might also like

-