പ്രവീണ്‍ വര്‍ഗീസ് കേസ്: പുനര്‍വിചാരണ വേണമെന്ന ആവശ്യം തള്ളി
.ഫെബ്രുവരി 8, 2014 ല്‍ പ്രതി ഗേജ് ബത്തൂണ്‍ പ്രവീണ്‍ വര്‍ഗീസിനെ കവര്‍ച്ച ചെയ്ത ശേഷം കൊലപ്പെടുത്തുകയായിരുന്നുവെന്ന് 2018 ജൂണ്‍ 14 ന് ജൂറി വിധിയെഴുതിയിരുന്നു.
പ്രവീണ്‍ വര്‍ഗീസ് കേസ്: പുനര്‍വിചാരണ വേണമെന്ന ആവശ്യം തള്ളി
ഇല്ലിനോയ്‌സ്: സതേണ്‍ ഇല്ലിനോയ്ഡ് യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥിയും, മലയാളിയുമായ പ്രവീണ്‍ വര്‍ഗീസ് വധക്കേസ് പുനര്‍ വിചാരണ നടത്തണമെന്ന ആവശ്യം ഇല്ലിനോയ്‌സ് ജാക്‌സണ്‍ കൗണ്ടി ജഡ്ജ് മാര്‍ക്ക് ക്ലാര്‍ക്ക് തള്ളിക്കളഞ്ഞു.
ആഗസ്റ്റ് 15 നാണ് കോടതി ശിക്ഷ വിധിക്കുക. ജൂലായ് 27 നാണ് കേസ്സ് പുനര്‍വിചാരണ ചെയ്യാനാകില്ലെന്ന് ജഡ്ജി വിധിച്ചത്.ഫെബ്രുവരി 8, 2014 ല്‍ പ്രതി ഗേജ് ബത്തൂണ്‍ പ്രവീണ്‍ വര്‍ഗീസിനെ കവര്‍ച്ച ചെയ്ത ശേഷം കൊലപ്പെടുത്തുകയായിരുന്നുവെന്ന് 2018 ജൂണ്‍ 14 ന് ജൂറി വിധിയെഴുതിയിരുന്നു.
20 വര്‍ഷം മുതല്‍ 60 വര്‍ഷം വരെയാണ് ശിക്ഷ ലഭിക്കുക.പ്രോസിക്യൂട്ടേഴ്‌സ് കേസ് കോടതി മുമ്പാകെ അവതരിപ്പിച്ചത് ശരിയായ രീതിയിലല്ലായിരുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് ബത്തൂണിന്റെ അറ്റോര്‍ണി പുനര്‍ വിചാരണ ചെയ്യണമെന്ന ആവശ്യം കോടതിയില്‍ സമര്‍പ്പിച്ചത്.
പ്രവീണ്‍ വര്‍ഗീസിന്റെ തലയില്‍ കണ്ട മുറിവ് മരണ കാരണമോ, തലച്ചോറിനെ ഗുരുതരമായി ബാധിക്കുന്നതോ അല്ലായിരുന്നുവെന്നാണ് മെഡിക്കല്‍ എക്‌സെര്‍ട്ട് സാക്ഷ്യപ്പെടുത്തിയിരുന്നതെന്ന് അറ്റോര്‍ണി ചൂണ്ടിക്കാട്ടി.
മകന്റെ കൂടെ ഉറച്ചു നില്‍ക്കുകയാണെന്നും, ബത്തൂണല്ല പ്രവീണിന്റെ മരണത്തിനുത്തരവാദി എന്ന് വിശ്വസിക്കുന്നുണ്ടെന്നും ബത്തൂണിന്റെ പിതാവ് പറഞ്ഞു.
അവസാനം നീതി നിര്‍വ്വഹിക്കപ്പെട്ടുവെന്നും ജൂറിയുടെ തീരുമാനമാണ് അവസാനത്തേതെന്നും പ്രവീണിന്റെ മാതാവ് ലവ്‌ലി വര്‍ഗീസും പുനര്‍ വിചാരണ തള്ളിയതറിഞ്ഞു പ്രതികരണമാരാഞ്ഞ മാധ്യമ പ്രവര്‍ത്തകരെ അറിയിച്ചു.