കെവിൻ വധക്കേസിൽ ജാമ്യം റദ്ദ് ചെയ്യണം അന്വേഷണം സംഘം ഹൈക്കോടതിയിലേക്ക്.
കെവിന്‍റെ ബന്ധുക്കളിൽ നിന്നും കൈക്കൂലി വാങ്ങിയെന്നും നീനുവിന്‍റെ പരാതി പരിഗണിക്കാതെ പ്രതികൾക്ക് ഒത്താശ
കൊച്ചി: കെവിൻ വധക്കേസിൽ അറസ്റ്റിലായ ഗാന്ധിനഗർ പോലീസ് സ്റ്റേഷനിലെ മുൻ എഎസ്ഐ ബിജു, പോലീസ് ഡ്രൈവർ അജയകുമാർ എന്നിവരുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് അന്വേഷണം സംഘം ഹൈക്കോടതിയിലേക്ക്. കെവിന്‍റെ ബന്ധുക്കളിൽ നിന്നും കൈക്കൂലി വാങ്ങിയെന്നും നീനുവിന്‍റെ പരാതി പരിഗണിക്കാതെ പ്രതികൾക്ക് ഒത്താശ ചെയ്തെന്നുമുള്ള ഗുരുതര കുറ്റങ്ങൾ ഇരുവർക്കുമെതിരേ പോലീസ് ഉന്നയിക്കുന്നുണ്ട്. ഇതിനിടെയാണ് ഏറ്റുമാനൂർ കോടതി കഴിഞ്ഞ ദിവസം ഇരുവർക്കും ജാമ്യം നൽകിയത്. പോലീസുകാർക്കെതിരേയുള്ള കുറ്റങ്ങൾ എന്താണെന്ന് അന്വേഷണ സംഘം ബോധ്യപ്പെടുത്താതിരുന്നതോടെയാണ് കോടതി ജാമ്യം അനുവദിച്ചത്.
പോലീസുകാർക്ക് ജാമ്യം ലഭിച്ചതോടെ കേസിൽ അന്വേഷണ സംഘം ഒത്തുകളിക്കുകയാണെന്ന് ആരോപണം ഉയർന്നിരുന്നു. ഇതോടെയാണ് ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കുന്നത്.
അതേസമയം പോലീസുകാർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകാനും ആഭ്യന്തരവകുപ്പ് തീരുമാനിച്ചിട്ടുണ്ട്. കേസിൽ വീഴ്ച വരുത്തിയ നാല് പോലീസുകാർക്കാണ് കാരണംകാണിക്കൽ നോട്ടീസ് നൽകുന്നത്. 15 ദിവസത്തിനകം മറുപടി നൽകണമെന്നാണ് നോട്ടീസ് ആവശ്യപ്പെടുക. ഇവർക്കെതിരേയുള്ള നടപടി 30 ദിവസത്തിനകം പൂർത്തിയാക്കണമെന്നാണ് ഡിജിപിയുടെ നിർദ്ദേശം.