ESA വില്ലേജുകൾ ,വന്യജീവി ആക്രമണം , രാഷ്രിയ പാർട്ടികൾ നിലപാട് വ്യകതമാക്കണമെന്ന് കത്തോലിക്കാ സഭ
വർദ്ധിച്ചുവരുന്ന വന്യജീവി ആക്രമണങ്ങൾ മൂലമുള്ള മരണങ്ങൾ ഇല്ലാതാക്കാൻ നടപടി വേണമെന്നും സഭയുടെ വാർത്താകുറിപ്പിൽ ഉണ്ട് സാധാരണ ജനങ്ങളെ ബാധിക്കുന്ന വിഷയങ്ങൾ രാഷ്ട്രീയ ചർച്ചകൾക്കു വിധേയമാവാതിരിക്കുകയും സർക്കാരുകൾ വേണ്ടത്ര പരിഗണന നൽകാതിരിക്കുയും ചെയ്യുന്നത് സമൂഹത്തിൽ വലിയ ആശങ്കയ്ക്ക് കാരണമാകുന്നു
വിഡിയോ സ്റ്റോറി
കൊച്ചി | സംസ്ഥാനത്തെ ESA വില്ലേജുകൾ സംബന്ധിച്ച് രാഷ്രിയ പാർട്ടികൾ നിലപാട് വ്യകതമാക്കണമെന്ന് കത്തോലിക്കാ സഭ ,ESA വില്ലേജുകൾ സംബന്ധിച്ച റിപ്പോർട്ട് ഏപ്രിൽ 30 നു മുമ്പായി സമർപ്പിക്കാൻ തദ്ദേശ സ്വയം ഭരണസ്ഥാപനങ്ങങ്ങൾക്ക് സംസ്ഥാന സർക്കാർ അടിയന്തിര ഉത്തരവ് നൽകിയിരിക്കുകയാണ് . നിലവിലെ സാഹചര്യത്തിൽ കേരളത്തിലെ മലയോരമേഖലയിലെ കർഷകരുടെ ഭൂമി മുഴുവൻ ഇ എസ് എ പരിധിയിൽ ഉൾപ്പെടുത്തിയ റിപ്പോർട്ടാണ് വനം പരിസ്ഥി മന്ത്രാലയത്തിന്റെ പക്കലുള്ളത് , അടിയന്തരമായി ജനവാസ കേന്ദ്രങ്ങളും കൃഷി ഭൂമിയും ഒഴുവാക്കി റിപ്പോർട്ട് സമർപ്പിക്കാൻ സംസ്ഥാന സർക്കാരും തദ്ദേശ സ്വയഭരണ വകുപ്പ് തയ്യാറാകണമെന്നും കത്തോലിക്കാ സഭ ആവശ്യപ്പെട്ടു .ലോകസഭാ തെരെഞ്ഞെടുപ്പ് വേളയിൽ തന്നെ അടിയന്തിര റിപ്പോർട്ട് സമർപ്പിക്കാൻ സർക്കാർ നിർദേശം നൽകിയിട്ടുള്ളത് സംസ്ഥാന സർക്കാരിന്റെ ദുഷ്ടലാക്കണമെന്നും . സർക്കാർ നടപടിയിൽ ദൂരൂഹതയുണ്ടെന്നു സഭ കുറ്റപ്പെടുത്തുന്നു തെരെഞ്ഞെടുപ്പ് സമയത്ത് ഉദ്യോഗസ്ഥരെല്ലാം തെരെഞ്ഞെടുപ്പ് ജോലിയിലായിരിക്കും . ഈ സമയത്തു തന്നെ ഇത്തരത്തിൽ റിപ്പോർട്ട് സമർപ്പിക്കണമെന്ന സർക്കാർ നിലപാട് സംശയത്തത്തി ഇടനല്കുന്നതാണ് . ജനങ്ങളെ കുടിയിറക്കി വന വൽക്കരണത്തിലൂടെ പണ സബാധാനമാണ് സർക്കാർ ലക്‌ഷ്യം വക്കുന്നതെങ്കിൽ ജനങ്ങളെ അണിനിരത്തി ചെറുക്കേണ്ടി വരുമെന്നും സർക്കാർ കനത്ത വില നൽകേണ്ടി വരുമെന്നും സഭ മുന്നറിയിപ്പ് നൽകുന്നു .ആർച്ചുബിഷപ് ആൻഡ്രൂസ് താഴത്ത് ചെയർമാനായുള്ള സീറോമലബാർ പബ്ലിക് അഫയേഴ്സ് കമ്മീഷൻ ആണ് വിഷയത്തിൽ പ്രതിക്ഷേധവുമായി രംഗത്തെത്തിയിട്ടുള്ളത് .
വർദ്ധിച്ചുവരുന്ന വന്യജീവി ആക്രമണങ്ങൾ മൂലമുള്ള മരണങ്ങൾ ഇല്ലാതാക്കാൻ നടപടി വേണമെന്നും സഭയുടെ വാർത്താകുറിപ്പിൽ ഉണ്ട് സാധാരണ ജനങ്ങളെ ബാധിക്കുന്ന വിഷയങ്ങൾ രാഷ്ട്രീയ ചർച്ചകൾക്കു വിധേയമാവാതിരിക്കുകയും സർക്കാരുകൾ വേണ്ടത്ര പരിഗണന നൽകാതിരിക്കുയും ചെയ്യുന്നത് സമൂഹത്തിൽ വലിയ ആശങ്കയ്ക്ക് കാരണമാകുന്നു. ഈ വിഷയങ്ങൾ സമൂഹമധ്യത്തിൽ ഉന്നയിക്കാനും ജനങ്ങൾ നേരിട്ടുകൊണ്ടിരിക്കുന്ന പ്രതിസന്ധികളെ സംബന്ധിച്ച് രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ പ്രതികരണങ്ങൾ അറിയാനും സീറോമലബാർ സഭ ആഗ്രഹിക്കുന്നതായും സഭയുടെ വാർത്താകുറിപ്പിൽ പറയുന്നു .
വാർത്താകുറിപ്പിൽ പ്രസകത ഭാഗങ്ങൾ
ESA ഷേപ്പ് ഫയൽ പുനർനിർണയത്തിലെ ബോധപൂർവ്വമായ വീഴ്ചകൾ
1. പശ്ചിമഘട്ടത്തിലെ പരിസ്ഥിതി സംവേദ പ്രദേശങ്ങളെ (ESA) സംബന്ധിച്ച് 2018-ൽ കേന്ദ്ര സർക്കാരിന് സമർപ്പിച്ച 92 വില്ലേജകളുടെ അതിർത്തി നിശ്ചയിച്ചതിൽ അപാകത ഉള്ളതായും ജനവാസമേഖലകൾ, കൃഷിയിടങ്ങൾ, തോട്ടഭൂമികൾ എന്നിവ അതിൽ ഉൾപ്പെട്ടിട്ടുള്ളതായും 24.05.2022-ൽ ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം വിലയിരുത്തിയതായി മനസിലാക്കുന്നു.
2. കേന്ദ്രസർക്കാർ അന്തിമവിജ്ഞാപനത്തിനായി സംസ്ഥാനത്തോട് തിരുത്തലുകൾ ആവശ്യപ്പെട്ടിട്ടും ഇതു സംബന്ധിച്ച വിശദമായ പഠനം നടത്തുന്നതിനായി ലഭ്യമായിരുന്ന സമയം മുഴുവനും പാഴാക്കിയശേഷം, സമയബന്ധിതമായി മറുപടി കൊടുക്കാതെ, ഈ ജനുവരി 31ന് അവസാനിച്ച കാലാവധി മുതൽ മൂന്നുമാസം കൂടി സംസ്ഥാന സർക്കാർ അവധി നീട്ടി ചോദിച്ചിരിക്കുകയാണ്.
3. റവന്യൂ -പരിസ്ഥിതി – വനം വകുപ്പുകളുടെ പ്രതിനിധികളെ ഉൾപ്പെടുത്തി സംസ്ഥാന സർക്കാർ ESA വില്ലേജ് ഷെയ്പ് ഫയൽസിന്റെ തിരുത്തലുകൾ നടത്തിയതായി അറിയുന്നു .ഇങ്ങനെ തയ്യാറാക്കിയ ഫയലുകൾ അതാത് വില്ലേജുകൾ ഉൾപ്പെടുന്ന പഞ്ചായത്തുകൾക്കു കൈമാറി ജനങ്ങളെ ബോധ്യപ്പെടുത്തിമാത്രമേ കേന്ദ്രത്തിന് അയച്ചുകൊടുക്കുകയുള്ളൂ എന്ന് രണ്ടുവർഷംമുമ്പ് സംസ്ഥാനസർക്കാർ ചർച്ചകളിൽ നൽകിയ ഉറപ്പു കാറ്റിൽ പറത്തിയിരിക്കുന്നു. മാത്രമല്ല തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെ കൂടി ഉൾപ്പെടുത്തി മേൽകമ്മിറ്റിക്ക് രൂപംകൊടുക്കേണ്ടതിനുപകരം, തയ്യാറാക്കി എന്ന് പറയപ്പെടുന്ന ഷേപ്പ് ഫയൽ, ഈ ഇലക്ഷൻ സമയത്ത്, മൂന്നാഴ്ചക്കകം (ഏപ്രിൽ 30) എന്തെങ്കിലും തിരുത്തലുകൾ ഉണ്ടെങ്കിൽ അറിയിക്കാൻ ആവശ്യപ്പെട്ടുകൊണ്ട് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് സംസ്ഥാനസർക്കാർ വളരെ വൈകി സർക്കുലർ നൽകിയിരിക്കുകയാണ്. എന്നാൽ അവർക്ക് ഇതിലേക്ക് ആവശ്യമായ രേഖകൾ ലഭ്യമാക്കുകയോ, സാങ്കേതികസഹായം നൽകുകയോ ചെയ്തിട്ടില്ല എന്നറിയുന്നു.
4. നിലവിലെ ESA ഡ്രാഫ്റ്റ് നോട്ടിഫിക്കേഷൻ അനുസരിച്ച്
ESA പരിധിയിൽപെട്ടുപോയ 92 വില്ലേജുകളിലെ ജനവാസ കേന്ദ്രങ്ങളെ ഒഴിവാക്കാതെയും ഇതുമായി ബന്ധപ്പെട്ട് സംസ്ഥാനസർക്കാർ കേന്ദ്രത്തിനു സമർപ്പിച്ച റിപ്പോട്ടിൽ ഈ വില്ലേജുകളിലെ ‘ വനവിസ്തൃതിയിൽ സംഭവിച്ച വലിയ തെറ്റുകൾ തിരുത്താതെയുമാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് ഇപ്പോൾ നൽകിയിരിക്കുന്ന ESA വില്ലേജ് ഷേപ്പ് ഫയൽ (സ്ഥലീയവിവരങ്ങൾ) തയ്യാറാക്കിയിരിക്കുന്നത് എന്ന് അനുമാനിക്കുന്നു.
5. നിലവിൽ ESA യിൽ ഉൾപ്പെട്ടിരിക്കുന്ന 92 വില്ലേജുകളുടെയും ഷെയ്പ് ഫയലുകൾ (സ്ഥലീയവിവരങ്ങൾ) പ്രശ്നബാധിത പ്രദേശങ്ങളിൽ നിവസിക്കുന്ന പൊതുജനങ്ങളെക്കൂടി ബോധ്യപെടുത്തി അവരുടെ ആശങ്കകൾകൂടി പരിഹരിക്കാൻ സർക്കാർ തയാറായിട്ടുമില്ല.
സാധാരണക്കാർക്ക് അവ വ്യക്തമാക്കി കൊടുക്കാനുള്ള ക്രമീകരണങ്ങളും ചെയ്യുന്നില്ല.
6. ESA പരിധിയിൽ നിന്നും ജനവാസപ്രദേശങ്ങളും കൃഷിഭൂമിയും റവന്യൂഭൂമിയും പൂർണമായും ഒഴിവാക്കി,ഈ വില്ലേജുകളിലെ നിലവിലുള്ള യഥാർത്ഥ വനവിസ്തൃതി രേഖപെടുത്തി മാത്രമേ പുതിയ ESA തിരുത്തൽ റിപ്പോർട്ട് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിലേക്ക് സമർപ്പിക്കാൻ പാടുള്ളൂ എന്ന് ഇതിനാൽ സർക്കാരിനോട് ആവശ്യപ്പെടുന്നു.
7. മന്ത്രിമാരും ജനപ്രതിനിധികളും തെരഞ്ഞെടുപ്പുപ്രചരണത്തിൻ്റെ തിരക്കിലായതിനാൽ ഉദ്യോഗസ്ഥരുടെ മാത്രം മേൽനോട്ടത്തിൽ പ്രസ്തുത റിപ്പോർട്ട് കേന്ദ്രസർക്കാരിന് സമർപ്പിക്കാനുള്ള സാഹചര്യം ഉണ്ടാകാനിടയാകരുത് എന്ന് സർക്കാരിനോട് ആവശ്യപ്പെടുന്നു..
വന്യജീവി ആക്രമണങ്ങളും നിരുത്തരവാദ സമീപനങ്ങളും
1. അവർത്തിച്ചാവർത്തിച്ചുണ്ടാകുന്ന വന്യജീവി ആക്രമണങ്ങൾ മൂലം കേരളത്തിലെ 106 പഞ്ചായത്തുകളിൽ ജീവിക്കുന്ന 35 ലക്ഷം ജനങ്ങളുടെ ജീവൻ അപകടത്തിലാകുന്ന സ്ഥിതി വിശേഷമാണ് ഉണ്ടായിരിക്കുന്നത്.
2. ഈ വർഷത്തെ ആദ്യ മൂന്നു മാസങ്ങളിൽ 8 മനുഷ്യ ജീവനുകൾ വന്യമൃഗ ആക്രമണങ്ങളിൽ പൊലിയുകയും അനേകർക്കു പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. അതിനാൽ ഈ തെരഞ്ഞെടുപ്പുകാലത്ത് ഈ വിഷയം രാഷ്ട്രീയചർച്ചയുടെ ഭാഗമായി മാറേണ്ടതുണ്ട്.
3. വന്യജീവി ആക്രമണങ്ങളിൽ കേന്ദ്ര, സംസ്ഥാന സർക്കാരുകളും പ്രതിപക്ഷവും കുറ്റകരമായ നിസംഗത തുടരുകയും പരസ്പരം പഴിചാരുകയുമാണ് ചെയ്യുന്നത്.
4. സംസ്ഥാന വനംവകുപ്പ് ഇക്കാര്യത്തിൽ സ്വീകരിക്കുന്ന നിലപാട് ആത്മാർത്ഥതയില്ലാത്തതും ഫലപ്രാപ്തിയില്ലാത്തതുമാണെന്നു വിശ്വസിക്കേണ്ട സാഹചര്യമാണ് ഇപ്പോഴുള്ളത്.
5. വനാതിർത്തികളിൽ കിടങ്ങുകളും വൈദ്യുതിവേലികളും നിർമ്മിച്ച് വന്യജീവികൾ കൃഷിഭൂമിയിലും റവന്യൂ ഭൂമിയിലും പ്രവേശിക്കുന്നതു തടയാൻ ആത്മാർത്ഥമായ ഒരു ശ്രമവും സംസ്ഥാന വനംവകുപ്പിൻ്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നില്ല.
6, 1972 ലെ വന്യജീവി സംരക്ഷണ നിയമത്തിലെ 11 (2) വകുപ്പുപ്രകാരം ജീവനു ഭീഷണിയാകുന്ന വന്യമൃഗങ്ങളെ കൊല്ലാൻ ജനങ്ങൾക്ക് അധികാരമുള്ളതാണ്. ഇതു തടസപ്പെടുത്തുന്ന സമീപനമാണ് സംസ്ഥാന വനംവകുപ്പു സ്വീകരിക്കുന്നത്.
7. വന്യമൃഗ ആക്രമണങ്ങളെ പ്രതിരോധിക്കുന്ന സാധാരണ ജനങ്ങളെ കേസുകളിൽ കുടുക്കി അറസ്റ്റു ചെയ്യുകയും ക്രൂരമായി മർദ്ദിക്കുകയും ചെയ്യുന്ന മനുഷ്യത്വരഹിതമായ നടപടിയാണ് വനം വകുപ്പ് ഉദ്യോഗസ്ഥർ തുടർന്നുകൊണ്ടിരിക്കുന്നത്. ഈ ഉദ്യോഗസ്ഥരുടെമേൽ സംസ്ഥാന സർക്കാരിന് യാതൊരു നിയന്ത്രണവുമില്ലെന്ന സ്ഥിതിയിലേക്കാണ് കാര്യങ്ങൾ നീങ്ങുന്നത്. വിവിധ പ്രതിഷേധങ്ങളിൽ ആവശ്യപ്പെട്ടിട്ടും “റവന്യൂഭൂമിയിൽ നടക്കുന്ന പ്രശ്നങ്ങളിൽ പോലീസും റവന്യൂ വകുപ്പുമാണ് ഇടപെടേണ്ടത് അവിടെ വനംവകുപ്പിന് കടന്നുകയറാൻ അവകാശമില്ല” എന്ന ശക്തമായ നിലപാട് സംസ്ഥാന സർക്കാർ സ്വീകരിക്കാത്തത് എന്തുകൊണ്ടാണ്?
8. മറ്റു സംസ്ഥാനങ്ങളുടെ മാതൃകയിൽ കേരളം സ്വതന്ത്ര വന്യജീവി നിയമം നിർമിക്കാനോ ജനവാസകേന്ദ്രങ്ങളിൽ ഇറങ്ങുന്ന വന്യജീവികളെ വെടിവയ്ക്കാനുള്ള അധികാരം പോലീസ്, റവന്യൂ ഉദ്യോഗസ്ഥർക്കു നൽകാനോ തയ്യാറാകുന്നില്ല.
9. വന്യജീവി ആക്രമണങ്ങളെ തടയാൻ ശ്രമിക്കേണ്ടതിനുപകരം പ്രതിഷേധിക്കുന്നവർക്കെതിരെ കേസ് എടുക്കുകയും ജാമ്യമില്ലാവകുപ്പുകൾ ചുമത്തുകയുമാണ് സംസ്ഥാന സർക്കാർ ചെയ്യുന്നത്.
10. വന്യജീവികൾ നടത്തുന്ന കൊലപാതകങ്ങൾ വനംവകുപ്പ് ഉദ്യോഗസ്ഥരുടെ കൃത്യവിലോപം കൊണ്ടും ഒത്താശയോടെയും നടക്കുന്നതായിരിക്കെ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കെതിരെ നരഹത്യയ്ക്കു കേസെടുക്കേണ്ടതാണ്. എന്നാൽ അവരെ സസ്പെൻഡ് ചെയ്യാൻപോലും സർക്കാർ തയ്യാറാകുന്നില്ല.
11. വന്യജീവികൾക്ക് ആവശ്യമായ ഭക്ഷണംനൽകാനോ അനിയന്ത്രിതമായി പെറ്റുപെരുകുന്ന വന്യജീവികളെ നിയന്ത്രിക്കാനോ സംസ്ഥാന വനംവകുപ്പ് തയ്യാറാകുന്നില്ല. വനംവകുപ്പിൻ്റെ അനാസ്ഥയ്ക്ക് ജീവൻ നഷ്ടപ്പെടുന്നത് ഈ നാട്ടിലെ സാധാരണ പൗരൻമാർക്കാണ്.
12. വന്യജീവി ആക്രമണങ്ങളുടെ ഇരകൾക്ക് ഉചിതമായ നഷ്ടപരിഹാരം (50 ലക്ഷം രൂപയെങ്കിലും) നൽകാതെ സർക്കാർ കയ്യൊഴിയുകയാണ് ചെയ്യുന്നത്. വലിയ പ്രതിഷേധങ്ങൾ ഉണ്ടാകുന്നിടത്തു മാത്രമാണ് ചെറിയതുകകളെങ്കിലും നഷ്ടപരിഹാരം നൽകുന്നത്.
13. മറ്റു സ്ഥലങ്ങളിൽനിന്നുപിടിക്കുന്ന വിഷസർപ്പങ്ങളെയും ക്ഷുദ്രജീവികളെയും വനാതാർത്തിയോടുചേർന്നുള്ള ജനവാസകേന്ദ്രങ്ങളിൽ തുറന്നുവിടുന്നത് ആളുകളെ അവിടെനിന്ന് ഒഴിപ്പിക്കാനുള്ള ബോധപൂർവമായ ശ്രമത്തിൻ്റെ ഭാഗമാണെന്നു സംശയിക്കേണ്ടിയിരിക്കുന്നു.
14, സംസ്ഥാനത്തിൻ്റെ വനവിസ്തൃതി വർദ്ധിപ്പിക്കാനും വനത്തിനുള്ളിൽ ദേശവിരുദ്ധ / നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കു സൗകര്യം ചെയ്തുകൊടുക്കാനുംവേണ്ടി ജനങ്ങളെ കുടിയിറക്കാനുള്ള ചില വനംവകുപ്പ് ഉദ്യോഗസ്ഥരുടെ ഗൂഢശ്രമങ്ങളും അതിനെ പിന്തുണയ്ക്കുന്ന സർക്കാരുകളുടെയും രാഷ്ട്രീയ പാർട്ടികളുടെയും നയസമീപനങ്ങളും പൊതുജന താൽപര്യത്തിന് പൂർണമായും എതിരാണ് എന്നു പറയേണ്ടിയിരിക്കുന്നു.
15. വന്യജീവി ആക്രമണങ്ങളിൽ കൊല്ലപ്പെട്ടവർക്കു നീതി ലഭിക്കുന്നതിനു വേണ്ടി തെരുവിലിറങ്ങിയ കർഷർക്കും മലയോര നിവാസികൾക്കുമെതിരെ രജിസ്റ്റർ ചെയ്തിട്ടുള്ള എല്ലാ കേസുകളും 2024 ഏപ്രിൽ 20ന് മുമ്പ് പിൻവലിക്കാൻ സംസ്ഥാനസർക്കാർ തയ്യാറാകണമെന്ന് സീറോമലബർ സഭ ശക്തമായി ആവശ്യപ്പെടുന്നു.
ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകേണ്ടവർ തന്നെ പലപ്പോഴും അവരുടെ അന്തകരായി മാറിക്കൊണ്ടിരിക്കുന്നു എന്നത് അങ്ങേയറ്റം അപലപനീയവും ചർച്ചചെയ്യപ്പെടേണ്ടതുമാണ് .
തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന ഈ സാഹചര്യത്തിൽ ESA വില്ലേജുകളുടെ അതിർത്തി പുനർനിർണയം ഉത്തരവാദിത്തപരമായും കാര്യക്ഷമമായും നിർവഹിക്കണമെന്നും വന്യജീവി ആക്രമണങ്ങളിൽ നിന്നും മനുഷ്യജീവനും കൃഷിഭൂമിക്കും മതിയായ സംരക്ഷണം നൽകണമെന്നും ജനപക്ഷത്തുനിന്നും കേന്ദ്ര-സംസ്ഥാന സർക്കാരുകളോട് ആവശ്യപ്പെടുന്നു. അതോടൊപ്പം ഭരണപക്ഷത്തും പ്രതിപക്ഷത്തുമുള്ള എല്ലാ രാഷ്ട്രീയ പ്രസ്ഥാനങ്ങളും ജനാധിപത്യ സംവിധാനത്തിൽ അവർക്കുള്ള ഉത്തരവാദിത്തം ഓർമിച്ചുകൊണ്ട് ഈ വിഷയങ്ങളിൽ ഇടപെടുകയും പ്രശ്നപരിഹാരത്തിനുള്ള സത്വര നടപടികൾ സ്വീകരിക്കാൻ സർക്കാരുകളിൽ സമ്മർദം ചെലുത്തുകയും ചെയ്യണമെന്ന് സീറോമലബാർ സഭ ഇതിനാൽ ആവശ്യപ്പെടുന്നു.