കട്ടിപ്പാറയില്‍ ഉരുൾ പൊട്ടൽ തെരച്ചില്‍ ആരംഭിച്ചു
ആറു പേരെ കൂടി കണ്ടെത്താനുള്ളതിനാല്‍ ഇന്ന് വ്യാപകമായ തെരച്ചില്‍ നടത്താനാണ് തീരുമാനം
കോഴിക്കോട് കട്ടിപ്പാറയില്‍ ഉരുള്‍ പൊട്ടലില്‍ പെട്ടവര്‍ക്കായുള്ള തെരച്ചില്‍ ആരംഭിച്ചു. ഇതുവരെ എട്ടു പേരുടെ മൃതദേഹം കണ്ടെടുത്തു. ആറു പേരെ കൂടി കണ്ടെത്താനുള്ളതിനാല്‍ ഇന്ന് വ്യാപകമായ തെരച്ചില്‍ നടത്താനാണ് തീരുമാനം. ദേശീയ ദുരന്തനിവാരണ സേനയുടെ ഒരു സംഘം കൂടി സ്ഥലത്തെത്തിയിട്ടുണ്ട്.
സന്നദ്ധ പ്രവര്‍ത്തകരെ വിവിധ സ്‌ക്വാഡുകളായി തിരിച്ചു കൊണ്ടായിരുന്നു കഴിഞ്ഞ ദിവസം തെരച്ചില്‍ നടത്തിയത്. ഫയര്‍ ഫോഴ്‌സ് ഉദ്യോഗസ്ഥരാണ് നേതൃത്വം നല്‍കുന്നത്. കഴിഞ്ഞ ദിവസം മരിച്ച ഹസ്സന്റെ പേരക്കുട്ടി റിഫ മറിയത്തിന്റെ മൃതദേഹം ഇന്നലെ കണ്ടെടുത്തിരുന്നു. ഇന്ന് താഴെ ഭാഗങ്ങളില്‍ വ്യാപകമായ തെരച്ചില്‍ നടത്തും. ആറു പേരെ ഇനിയും കണ്ടെത്താനുണ്ട്.
വീടുകള്‍ക്കു മുകളില്‍ പതിച്ച കൂറ്റന്‍ പാറകള്‍ പൊട്ടിച്ച് നീക്കുന്ന പ്രവര്‍ത്തി ഇന്നും തുടരും. ഇതിനു ശേഷം ജെ സി ബി ഉപയോഗിച്ച് മണ്ണ് നീക്കം ചെയ്യും. ഡോഗ് സ്‌ക്വാഡിന്റെ പരിശോധനയും ഇന്ന് തുടരും. കാലാവസ്ഥ അനുകൂലമായത് തെരച്ചിലിന് ആശ്വാസം പകര്‍ന്നിട്ടുണ്ട്. അതേ സമയം വെള്ളക്കെട്ടിനെ തുടര്‍ന്ന് ഗതാഗതം താറുമാറായ താമരശേരി കോഴിക്കോട് റൂട്ടില്‍ വാഹനങ്ങള്‍ ഓടിത്തുടങ്ങി. മഴക്ക് ശമനമുണ്ടായതോടെ പലയിടത്തും വെള്ളം ഇറങ്ങിത്തുടങ്ങി. ജില്ലയിലെ മലയോര മേഖലകളിലും മഴക്ക് ശമനമുണ്ടായിട്ടുണ്ട്