കശ്മീര്‍ ബില്‍ ലോക്സഭ പാസാക്കി: ജമ്മു കശ്മീര്‍ ഇനി രണ്ട് കേന്ദ്രഭരണ പ്രദേശങ്ങള്‍
ജമ്മു കശ്മീര്‍ വിഭജന ബില്ലിനെതിരെ 370 പേര്‍ അനുകൂലമായ വോട്ടു ചെയ്തപ്പോള്‍. 70 പേര്‍ എതിര്‍ത്ത് വോട്ടു ചെയ്തു.
ഡൽഹി : ജമ്മു കശ്മീരിനുള്ള പ്രത്യേക പദവി എടുത്തു കളയുന്ന 370-ാം വകുപ്പും ജമ്മു കശ്മീര്‍ സംസ്ഥാനത്തെ വിഭജിച്ച് രണ്ട് കേന്ദ്രഭരണപ്രദേശങ്ങളാക്കി മാറ്റുന്ന ജമ്മു കശ്മീര്‍ വിഭജന ബില്ലും ലോക്സഭ പാസാക്കി.ജമ്മു കശ്മീര്‍ വിഭജന ബില്ലിനെതിരെ 370 പേര്‍ അനുകൂലമായ വോട്ടു ചെയ്തപ്പോള്‍. 70 പേര്‍ എതിര്‍ത്ത് വോട്ടു ചെയ്തു.
കശ്മീരിനുള്ള പ്രത്യേക പദവി എടുത്തു കളയാനുള്ള ബില്ലില്‍ 366 പേര്‍ അനുകൂലമായും ബാക്കിയുള്ളവര്‍ എതിര്‍ത്തും വോട്ടു ചെയ്തു.രണ്ട് ബില്ലുകളും ഇന്നലെ രാജ്യസഭ പാസാക്കിയിരുന്നു. ലോക്സഭയും ബില്‍ പാസാക്കിയതോടെ ഫലത്തില്‍ ജമ്മു കശ്മീര്‍ വിഭജനം പൂര്‍ത്തിയായി. ഇനി ബില്ലില്‍ രാഷ്ട്രപതി ഔദ്യോഗികമായി ഒപ്പിടുന്നതോടെ ജമ്മു കശ്മീര്‍, ലഡാക്ക് എന്നീ കേന്ദ്രഭരണപ്രദേശങ്ങള്‍ ഔദ്യോഗികമായി നിലവില്‍ വരും.
ജമ്മു കശ്മീരില്‍ പത്ത് ശതമാനം സാമ്പത്തികസംവരണം ഏര്‍പ്പെടുത്താനുള്ള ബില്‍ കശ്മീര്‍ ബില്ലുകള്‍ പാസായ ശേഷം അമിത് ഷാ അവസാനഘട്ടം ലോക്സഭയില്‍ നിന്നും പിന്‍വലിച്ചു. പ്രത്യേക പദവി ഇല്ലാതായതോടെ രാജ്യത്ത് എല്ലായിടത്തും എന്ന പോലെ സാമ്പത്തിക സംവരണം കശ്മീരിനും ബാധകമായ സാഹചര്യത്തിലാണ് ഇത്.
എന്‍ഡിഎ കക്ഷികളില്‍ ജെഡിയു ഒഴിച്ച് മറ്റെല്ലാ പാര്‍ട്ടികളും ബില്ലിന് അനുകൂലമായി വോട്ടു ചെയ്തു. ആം ആദ്മി, ടിഡിപി തുടങ്ങിയ പ്രതിപക്ഷ പാര്‍ട്ടികളും ഇന്ന് കശ്മീര്‍ ബില്ലിന് അനുകൂലമായി വോട്ടു ചെയ്തു. കോണ്‍ഗ്രസ്, സിപിഎം, സിപിഐ, ഡിഎംകെ, മുസ്ലീം ലീഗ്, എഐഎഐഎം എന്നീ കക്ഷികള്‍ ബില്ലിനെതിരായി വോട്ടു ചെയ്തു. തൃണമൂല്‍ കോണ്‍ഗ്രസ് വോട്ടെടുപ്പില്‍ നിന്നും വിട്ടു നിന്നു. രാജ്യസഭയില്‍ നിന്നും വിരുദ്ധമായി വോട്ടെടുപ്പ് നടത്തിയാണ് ലോക്സഭ ബില്ലുകള്‍ പാസാക്കിയത്.
ശബ്ദവോട്ടോടെ ബില്ലുകള്‍ പാസാക്കാന്‍ സ്പീക്കര്‍ നിര്‍ദേശിച്ചെങ്കിലും കേരളത്തിലെ കോണ്‍ഗ്രസ് എംപിമാര്‍ വോട്ടെടുപ്പ് വേണം എന്ന് ശക്തമായി വാദിച്ചു. ഇതോടെയാണ് വോട്ടെടുപ്പിലേക്ക് നടപടികള്‍ നീണ്ടത്. പ്രതീക്ഷിച്ചതിലും അനായാസമായാണ് രണ്ട് ബില്ലുകളും ലോക്സഭയും രാജ്യസഭയും കടത്താന്‍ മോദി സര്‍ക്കാരിന് സാധിച്ചത്. വലിയൊരു രാഷ്ട്രീയ വിജയം നേടുന്നതോടൊപ്പം കൂടുതല്‍ ബില്ലുകള്‍ കൊണ്ടു വരാനും ഇത് മോദി സര്‍ക്കാരിന് ധൈര്യം നല്‍കും.
പ്രതിപക്ഷനിരയിലെ അനൈക്യം ഇക്കാര്യത്തില്‍ സര്‍ക്കാരിന് വലിയ രീതിയില്‍ ഗുണം ചെയ്തു. കശ്മീര്‍ ബില്ലില്‍ എന്തു നിലപാട് വേണം എന്ന കാര്യത്തില്‍ കോണ്‍ഗ്രസിനുള്ളില്‍ ഇപ്പോഴും അഭിപ്രായ ഐക്യം ആയിട്ടില്ല. പ്രമുഖ നേതാവ് ജ്യോതിരാതിദ്യസിന്ധ്യ ബില്ലിനെ പിന്തുണച്ച് രംഗത്തു വന്നത് ഇതിനൊരു ഉദാഹരമാണ്. ബില്‍ പാസാക്കിയതിന് പിന്നാലെ ലോക്സഭാ സമ്മേളനം വെട്ടിചുരുക്കി സഭ അനിശ്ചിത കാലത്തേക്ക് പിരിഞ്ഞു