എം.എല്‍.എമാര്‍ക്ക് വിപ്പ് നല്‍കാനുള്ള പാര്‍ലമെന്ററി പാര്‍ട്ടി നേതാവിന്റെ അവകാശം നിലനില്‍ക്കുമെന്ന് കര്‍ണാടക സ്പീക്കര്‍
നിയമസഭയില്‍ മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമി അവതരിപ്പിച്ച വിശ്വാസവോട്ടിനുള്ള പ്രമേയത്തിനിടെ കോണ്‍ഗ്രസ് കക്ഷിനേതാവ് സിദ്ധരാമയ ഉന്നയിച്ച ക്രമപ്രശ്നത്തിലാണ് സ്പീക്കറുടെ റൂളിംഗ്.
എം.എല്‍.എമാര്‍ക്ക് വിപ്പ് നല്‍കാനുള്ള പാര്‍ലമെന്ററി പാര്‍ട്ടി നേതാവിന്റെ അവകാശം നിലനില്‍ക്കുമെന്ന് കര്‍ണാടക സ്പീക്കര്‍ രമേശ് കുമാര്‍. നിയമസഭയില്‍ മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമി അവതരിപ്പിച്ച വിശ്വാസവോട്ടിനുള്ള പ്രമേയത്തിനിടെ കോണ്‍ഗ്രസ് കക്ഷിനേതാവ് സിദ്ധരാമയ ഉന്നയിച്ച ക്രമപ്രശ്നത്തിലാണ് സ്പീക്കറുടെ റൂളിംഗ്. പാര്‍ലമെന്ററി പാര്‍ട്ടി നേതാക്കളുടെ അവകാശം സുപ്രീം കോടതി റദ്ദ് ചെയ്തിട്ടില്ലെന്നും സ്പീക്കര്‍ വിശദീകരിച്ചു.
ആശങ്കകള്‍ക്കൊടുവിലാണ് കുമാരസ്വാമി ഇന്ന് വിശ്വാസപ്രമേയം അവതരിപ്പിച്ചത്. സര്‍ക്കാര്‍ വിശ്വാസവോട്ടെടുപ്പ് നേടുമെന്ന് പറഞ്ഞ മുഖ്യമന്ത്രി ബി.ജെ.പി, സഖ്യസര്‍ക്കാറിനെ അസ്ഥിരപ്പെടുത്താന്‍ നിരന്തരം ശ്രമിക്കുകയാണെന്നും വിശദീകരിച്ചു. നിലവില്‍ സഖ്യ സര്‍ക്കാറിന് നൂറും ബി.ജെ.പിയ്ക്ക് 107 ഉം ആണ് സഭയിലെ അംഗബലം.
അവിശ്വാസ പ്രമേയത്തിന്മേലുള്ള ചര്‍ച്ച ഇന്നുതന്നെ പൂര്‍ത്തിയാക്കി വോട്ടെടുപ്പ് നടത്തണമെന്നാണ് ബി.ജെ.പി ആവശ്യം. ഇക്കാര്യം ചൂണ്ടിക്കാണിച്ച് അവര്‍ സ്പീക്കര്‍ക്ക് കത്ത് നല്‍കിയിട്ടുണ്ട്. അതേസമയം സുദീര്‍ഘമായ പ്രസംഗം നടത്താന്‍ കുമാരസ്വാമിക്കും ഭരണപക്ഷത്തെ മറ്റ് അംഗങ്ങള്‍ക്കും അവസരമുണ്ട്.
അവിശ്വാസ പ്രമേച ചര്‍ച്ചക്കിടെ സഭയിലെ മുഴുവന്‍ അംഗങ്ങള്‍ക്കും സംസാരിക്കാന്‍ അവസരം ലഭിക്കും. ഈ പ്രസംഗത്തിന് സമയപരിധിയില്ല. ചര്‍ച്ച നാളെയും പൂര്‍ത്തിയായില്ലെങ്കില്‍ വോട്ടെടുപ്പ് അടുത്താഴ്ചത്തേക്ക് നീട്ടാനും സാധിക്കും. വിശ്വാസപ്രമേയത്തിന്മേലുള്ള ചര്‍ച്ച തുടരുകയാണ്.