“വിശ്വാസം’ തെളിയിച്ചു കുമാരസ്വാമി: “വിശ്വാസംമില്ലന്ന് “യെഡ്യൂരപ്പ ചടങ്ങ് ബഹിഷ്കരിച്ചു ബിജെപി
ബംഗളൂരു: കർണാടക നിയമസഭയിൽ മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി വിശ്വാസവോട്ട് നേടി. ബി.എസ്. യെദിയൂരപ്പയുടെ നേതൃത്വത്തിൽ 104 ബിജെപി എംഎൽഎമാർ വോട്ടെടുപ്പിന് നിൽക്കാതെ സഭ ബഹിഷ്കരിച്ചതോടെ 117 അംഗങ്ങളുടെ പിന്തുണയുള്ള കുമാരസ്വാമി സർക്കാർ സഭയെ വിശ്വാസത്തിലെടുത്തു. നേരത്തെ സ്പീക്കർ തെരഞ്ഞെടുപ്പിൽനിന്നും ബിജെപി പിൻമാറിയിരുന്നു.
ബിജെപിയുമായി നേരത്തെ സഖ്യം രൂപീകരിച്ചത് കറുത്ത അധ്യായമാണെന്ന് കുമാരസ്വാമി വിശ്വാസ പ്രമേയം അവതരിപ്പിച്ചുകൊണ്ട് സഭയിൽ പറഞ്ഞു. തന്റെ തീരുമാനം പിതാവിനെ ഏറെ വേദപ്പിച്ചിരുന്നു. അതിന് പിതാവിനോട് മാപ്പ് പറയുന്നുവെന്നും കുമാരസ്വാമി പറഞ്ഞു.
അച്ഛൻ ദേവഗൗഡയെ പോലെ മതേതരവാദിയായി ജീവിക്കാനാണ് ആഗ്രഹമെന്നും അദ്ദേഹം സഭയിൽ പറഞ്ഞു. നിലവിലെ രാഷ്ട്രീയ സാഹചര്യം കൊണ്ടാണ് കോണ്ഗ്രസ്-ജെഡിഎസ് സഖ്യം രൂപീകരിച്ചത്. 2004 സമാനമായ രീതിയിൽ മറ്റൊരു സഖ്യം രൂപീകരിച്ചിരുന്നു. എന്നാൽ പ്രത്യേക സാഹചര്യത്തിലാണ് ഇരു പാർട്ടികളും പുതിയ സഖ്യം രൂപീകരിച്ചതെന്നും കുമാരസ്വാമി കൂട്ടിച്ചേർത്തു.
കുമാരസ്വാമിക്കു പിന്നാലെ ബിജെപി നേതാവ് ബി.എസ്. യെദിയൂരപ്പയും സഭയിൽ സംസാരിച്ചു. കുമാരസ്വാമിയെ പിന്തുണച്ചതിൽ ഖേദിക്കുന്നുവെന്ന് യെദിയൂരപ്പയും പറഞ്ഞു. ശിവകുമാർ ഭാവിയിൽ ദുഖിക്കേണ്ടിവരും. കുമാരസ്വാമിയെ വിശ്വസിക്കാൻ കൊള്ളാത്തവനാണ്. നൂറിൽ 99 ശതമാനം പേരും കോണ്ഗ്രസ്-ജെഡിഎസ് സഖ്യത്തെ ശപിക്കുന്നുണ്ടെന്നും യെദിയൂരപ്പ പറഞ്ഞു.
ജനതാദളിനെതിരെയാണ് തന്റെ പോരാട്ടമെന്നും യെദിയൂരപ്പ പറഞ്ഞു. യെദിയൂരപ്പയുടെ പ്രസംഗത്തിനുശേഷമാണ് ബിജെപി അംഗങ്ങൾ സഭ ബഹിഷ്കരിച്ചത്.
നേരത്തെ നിയമസഭാ സ്പീക്കറായി കെ.ആർ. രമേശ് കുമാറിനെ തെരഞ്ഞെടുത്തിരുന്നു. സ്പീക്കർ തെരഞ്ഞെടുപ്പിൽനിന്നു ബിജെപി പിന്മാറിയതോടെ എതിരില്ലാതെയാണ് കോൺഗ്രസ് സ്ഥാനാർഥിയുടെ വിജയം. ബിജെപി മുതിർന്ന എംഎൽഎ എസ്. സുരേഷ്കുമാറിനെ സ്ഥാനാർഥിയായി നിശ്ചയിച്ചിരുന്നു. എന്നാൽ അവസാന നിമിഷം സ്പീക്കർ തെരഞ്ഞെടുപ്പിൽനിന്നു ബിജെപി പിന്മാറുകയായിരുന്നു.
ഇന്ന് സഭയിൽ എത്തുന്നതിന് മുൻപ് കോൺഗ്രസ്-ജെഡിഎസ് എംഎൽഎമാർ പ്രത്യേക യോഗം ചേർന്നിരുന്നു. ഹോട്ടലിൽ താമസിപ്പിച്ചിരുന്ന കോൺഗ്രസ്-ജെഡിഎസ് എംഎൽഎമാരെ പ്രത്യേക ബസിലാണ് വിദാൻ സൗധിൽ എത്തിച്ചത്.
ഒരാഴ്ചക്കിടെ രണ്ടാമത്തെ വിശ്വാസ വോട്ടെടുപ്പിനാണ് കർണാടക നിയമസഭ ചേർന്നത്. നിയമസഭ തെരഞ്ഞെടുപ്പിൽ ആർക്കും കേവലഭൂരിപക്ഷമില്ലാതിരുന്ന സാഹചര്യത്തിൽ ഏറ്റവും വലിയ ഒറ്റക്കക്ഷിയായിരുന്ന ബിജെപി സർക്കാർ രൂപീകരിക്കാൻ ഗവർണർ വാജുഭായ് വാല ക്ഷണിച്ചിരുന്നു.
ഇതേതുടർന്നു കഴിഞ്ഞ വ്യാഴാഴ്ച മുഖ്യമന്ത്രിയായി യെദിയൂരപ്പ സത്യപ്രതിജ്ഞ ചെയ്തു. തുടർന്നു യെദിയൂരപ്പയോട് വിശ്വാസവോട്ട് നേടാൻ ഗവർണർ ആവശ്യപ്പെട്ടിരുന്നു. എന്നാൽ വോട്ടെടുപ്പിന് മുൻപ് വിശ്വാസ പ്രമേയം അവതരിപ്പിച്ച് കൊണ്ട് നടത്തിയ പ്രസംഗത്തിനുശേഷം യെദിയൂരപ്പ രാജി പ്രഖ്യാപിച്ചു. ഇതോടെയാണ് ഗവർണർ കുമാരസ്വാമിയെ സർക്കാർ രൂപീകരിക്കാൻ ക്ഷണിച്ചത്
കെ.ആർ. രമേശ് കുമാർ നിയമസഭാ സ്പീക്കർ
ബംഗളൂരു: കർണാടക നിയമസഭാ സ്പീക്കറായി കെ.ആർ. രമേശ് കുമാറിനെ തെരഞ്ഞെടുത്തു. സ്പീക്കർ തെരഞ്ഞെടുപ്പിൽനിന്നു ബിജെപി പിന്മാറിയതോടെ എതിരില്ലാതെയാണ് കോൺഗ്രസ് സ്ഥാനാർഥിയുടെ വിജയം. ബിജെപി മുതിർന്ന എംഎൽഎ എസ്. സുരേഷ്കുമാറിനെ സ്ഥാനാർഥിയായി നിശ്ചയിച്ചിരുന്നു. എന്നാൽ അവസാന നിമിഷം സ്പീക്കർ തെരഞ്ഞെടുപ്പിൽനിന്നു ബിജെപി പിന്മാറുകയായിരുന്നു