കുമാരസ്വാമി അധികാരമേറ്റു : കർണാടകയിൽ ബിജെപി യുടെ ബന്ദ് ?
കർണാടക നിയമസഭയിൽ പ്രതിപക്ഷ നേതാവ് ബി എസ് യെഡിയൂരപ്പയെ ബി.ജെ.പി.തെരെഞ്ഞെടുത്തു
ബംഗളൂരു: കർണാടക നിയമസഭയിൽ മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി വിശ്വാസവോട്ടെടുപ്പിൽ വിജയിച്ചതിനു പിന്നാലെ ബിജെപി സമരത്തിനൊരുങ്ങുന്നു. കാർഷിക കടം എഴുതിത്തള്ളണമെന്ന് ആവശ്യപ്പെട്ടാണ് ബിജെപി സമരത്തിനു തയാറെടുക്കുന്നത്. വരുന്ന തിങ്കളാഴ്ച ഈ ആവശ്യം ഉന്നയിച്ച് ബിജെപി കർണാടകയിൽ ബന്ദിന് ആഹ്വാനം ചെയ്തു.
ദേശസാത്കൃത ബാങ്കുകളിലേതുൾപ്പെടെ 53,000 കോടി രൂപയുടെ കാർഷിക കടം എഴുതിത്തള്ളുമെന്ന് കുമാരസ്വാമി വാഗ്ദാനം ചെയ്തിരുന്നതായി ബിജെപി നേതാവ് ബി.എസ്. യെദിയൂരപ്പ പറഞ്ഞു. അധികാരമേറ്റ് 24 മണിക്കൂറിനുള്ളിൽ വായ്പ എഴുതിത്തള്ളുമെന്നാണ് കുമാരസ്വാമി വാഗ്ദാനം ചെയ്തിരുന്നത്. കൂട്ടുകക്ഷി മന്ത്രിസഭയാണ് എന്നതരത്തിലുള്ള കഥകൾ കേൾക്കാൻ കർഷകർ തയാറല്ല. നിയമസഭയുടെ പ്രത്യേക സെഷനിൽ തന്നെ കാർഷിക വായ്പ എഴുതിത്തള്ളുന്നതു സംബന്ധിച്ച് പ്രഖ്യാപനം നടത്തണം. അല്ലാത്തപക്ഷം ബിജെപി സംസ്ഥാന വ്യാപക പ്രക്ഷോഭം ആരംഭിക്കുമെന്നും യെദിയൂരപ്പ പറഞ്ഞു.കുമാരസ്വാമിയുടെ കർഷക വിരുദ്ധ, ജന വിരുദ്ധ, അഴിമതി സർക്കാരിനെതിരെയാണ് ബിജെപിയുടെ പോരാട്ടം. ജനങ്ങളെ കുമാരസ്വാമി സർക്കാർ സംരക്ഷിക്കുമെന്ന് ആരും പ്രതീക്ഷിക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.