തീരദേശ പരിപാലന നിയമം ലംഘനം കാപികോ റിസോർട്ട് നാളെ പൊളിക്കും
റിസോർട്ട് പൊളിക്കാൻ 2020 ജനുവരിയിൽ സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. മിനി മുത്തൂറ്റ് ഗ്രൂപ്പിന്റെ ഉടമസ്ഥതയിൽ ഉള്ളതായിരുന്നു റിസോർട്ട്. പൊളിച്ചു നീക്കുന്നതിന്റെ ചെലവുകൾ ഉടമകൾ തന്നെ വഹിക്കണം.റിസോർട്ട് പൊളിച്ചതിനു ശേഷമുണ്ടാകുന്ന അവശിഷ്ടങ്ങള്‍ പരിസ്ഥിതിക്ക് ദോഷകരമല്ലാത്ത രീതിയില്‍ ആറു മാസത്തിനുള്ളില്‍ നീക്കം ചെയ്യും.
ആലപ്പുഴ|പാണാവള്ളി നെടിയതുരുത്തിലെ നിയമവിരുദ്ധമായി നിർമിച്ച കാപികോ റിസോർട്ട് പൊളിക്കൽ നടപടികൾ നാളെ ആരംഭിക്കും. രാവിലെ പത്ത് മണിക്കാണ് നടപടി തുടങ്ങുക. കഴിഞ്ഞ ദിവസം ജില്ലാ കലക്ടർ എത്തി റിസോർട്ട് ഏറ്റെടുത്തിരുന്നു.ഏറ്റെടുക്കല്‍ നടപടികളുടെ ഭാഗമായി ജില്ലാ കളക്ടര്‍ വി.ആര്‍. കൃഷ്ണ തേജ സ്ഥലത്തെത്തി സര്‍ക്കാര്‍ വക ഭൂമി എന്നെഴുതിയ ബോര്‍ഡ് സ്ഥാപിച്ചിരുന്നു. ഇവിടെ ആകെയുള്ള 7.0212 ഹെക്ടർ ഭൂമിയില്‍ റിസോര്‍ട്ടിന് പട്ടയമുള്ളതിന്‍റെ ബാക്കി വരുന്ന രണ്ടു ഹെക്ടറില്‍ അധികം സ്ഥലമാണ് സര്‍ക്കാര്‍ ഏറ്റെടുത്തത്.
റിസോർട്ട് പൊളിക്കാൻ 2020 ജനുവരിയിൽ സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. മിനി മുത്തൂറ്റ് ഗ്രൂപ്പിന്റെ ഉടമസ്ഥതയിൽ ഉള്ളതായിരുന്നു റിസോർട്ട്. പൊളിച്ചു നീക്കുന്നതിന്റെ ചെലവുകൾ ഉടമകൾ തന്നെ വഹിക്കണം.റിസോർട്ട് പൊളിച്ചതിനു ശേഷമുണ്ടാകുന്ന അവശിഷ്ടങ്ങള്‍ പരിസ്ഥിതിക്ക് ദോഷകരമല്ലാത്ത രീതിയില്‍ ആറു മാസത്തിനുള്ളില്‍ നീക്കം ചെയ്യും. റിസോര്‍ട്ടിലുള്ള സ്ഥാവര, ജംഗമ വസ്തുക്കളുടെ വിശാദാംശങ്ങള്‍ ഉള്‍പ്പെടുത്തി വീഡിയോ മഹസര്‍ തയ്യാറാക്കുന്നതിന് വില്ലേജ് ഓഫീസറെ ചുമതലപ്പെടുത്തിയിരുന്നു.
സുപ്രീംകോടതി ഉത്തരവ് വന്ന് 31 മാസങ്ങൾക്കു ശേഷമാണ് റിസോർട്ട് പൊളിക്കാനുള്ള നടപടികൾ ആരംഭിച്ചത്. തീരദേശ പരിപാലന നിയമം ലംഘിച്ചായിരുന്നു റിസോർട്ട് നിർമിച്ചത്.റിസോർട്ട് പൊളിച്ചു നീക്കണമെന്ന് 2018ല്‍ കേരള ഹൈക്കോടതി ഉത്തരിവിട്ടിരുന്നു. ഇതിനെതിരെ ഉടമകൾ നൽകിയ ഹർജി തള്ളിക്കൊണ്ടായിരുന്നു സുപ്രീകോടതി ഉത്തരവ് വന്നത്.
ജസ്റ്റിസ് കെ എസ് രാധാകൃഷ്ണന്‍ സുപ്രീംകോടതി ജഡ്ജിയായിരുന്ന കാലത്ത് വേമ്പനാട്ട് കായലിലെ കയ്യേറ്റങ്ങള്‍ സംബന്ധിച്ച് സ്വമേധയാ കേസെടുത്തിരുന്നു. അക്കാലത്ത് വനം- പരിസ്ഥിതി മന്ത്രാലയത്തോട് റിപ്പോര്‍ട്ട് തേടിയിരുന്നു. ആ റിപ്പോര്‍ട്ടിലാണ് കാപികോ, വാമികോ റിസോര്‍ട്ടുകളുടെ അനധികൃത നിർമാണത്തെ കുറിച്ചുള്ള റിപ്പോര്‍ട്ടുണ്ടായിരുന്നത്.ആലപ്പുഴ, എറണാകുളം തുടങ്ങിയ ജില്ലകളിലെ 18ഓളം കെട്ടിടങ്ങളുടെ നിയമലംഘനം സംബന്ധിച്ച് റിപ്പോർട്ടിൽ പരാമർശിച്ചിരുന്നു. ഇതിന്റെ തുടര്‍നടപടിയായാണ് കേരള ഹൈക്കോടതി കാപികോ വാമികോ റിസോര്‍ട്ടുകൾ പൊളിച്ചു നീക്കണമെന്ന് ഉത്തരവിട്ടത്