കണ്ണൂരിൽ കരാറുകാരന്റെ ആത്മഹത്യ: കെ കരുണാകരൻ ട്രസ്റ്റിന്റെ സാമ്പത്തിക ഇടപാടുകളും വിവാദത്തിൽ
ആശുപത്രിയുമായി ബന്ധപ്പെട്ട സാമ്പത്തിക കേസിൽ ഏക സാക്ഷിയായിരുന്നു മരണപ്പെട്ട ജോസഫ്
കണ്ണൂർ: ചെറുപുഴയിൽ കരാറുകാരൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ കെ.കരുണാകരൻ ട്രസ്റ്റിന്റെ സാമ്പത്തിക ഇടപാടുകളും വിവാദമാകുന്നു. ട്രസ്റ്റിന്റെ സ്വത്തുവകകള്‍ റിയല്‍ എസ്റ്റേറ്റ് ഇടപാടുകള്‍ക്കായി മാറ്റി എന്നാണ് പ്രധാന ആക്ഷേപം. ട്രസ്റ്റിന്റെ സാമ്പത്തിക ഇടപാടുകളെ സംബന്ധിച്ച് സമഗ്ര അന്വേഷണം വേണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.കരുണാകരന്റെ സ്മരണാർഥം ആധുനിക സംവിധാനങ്ങൾ ഉള്ള ആശുപത്രി പണിയുന്നതിനായി 2011 ലാണ് ചെറുപുഴയില്‍ കെ.കരുണാകരൻ ട്രസ്റ്റ് രൂപീകരിച്ചത്. കെപിസിസി നിര്‍വാഹകസമിതി അംഗം കെ കുഞ്ഞികൃഷ്ണന്‍ നായരുടെ നേതൃത്വത്തിലായിരുന്നു നടപടികള്‍.
പദ്ധതിക്കായി കണ്ടെത്തിയ രണ്ട് ഏക്കര്‍ ഭൂമിയില്‍ 70 സെന്റ് സ്ഥലം ചെറുപുഴ ഡെവലപ്പേഴ്‌സ് എന്ന സ്ഥാപനത്തിന് 2012 ല്‍ കൈമാറി. അവിടെ നിര്‍മ്മിച്ച കെട്ടിടത്തിന്റെ മുകള്‍ഭാഗം പിന്നീട് സിയാദ് എന്ന കമ്പനിക്ക് വിറ്റു. കെ കരുണാകരന്റെ പേരില്‍ പണം പിരിച്ച് റിയല്‍ എസ്റ്റേറ്റ് ഇടപാടിന് വകമാറ്റി എന്നാരോപിച്ച് മുന്‍ ട്രസ്റ്റ് അംഗം പയ്യന്നൂര്‍ കോടതിയില്‍ കേസ് നല്‍കിയിട്ടുണ്ട്.ആശുപത്രി ഇപ്പോള്‍ വാടകയ്ക്ക് നടത്തുന്നത് കാഞ്ഞങ്ങാട് കൃഷ്ണ മെഡിക്കല്‍ സെന്ററാണ്. ഇതിന്റെ ഉടമ ഉള്‍പ്പെട്ട
ലീഡര്‍ ഹോസ്പിറ്റല്‍സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനി മുഴുവന്‍ കെട്ടിടവും വാങ്ങാനുള്ള തയ്യാറെടുപ്പിലാണ്. ഫലത്തില്‍ കെ കരുണാകരന്‍ സ്മാരക ട്രസ്റ്റ് നാമാവശേഷമാണ്. അതേസമയം പദ്ധതിക്ക് ആവശ്യമായ പണം സമാഹരിക്കാന്‍ കഴിയാത്ത സാഹചര്യത്തിലാണ് കമ്പനികള്‍ രൂപികരിച്ചതെന്നാണ് കോണ്‍ഗ്രസ് നേതാക്കളായ ട്രസ്റ്റ് ഭാരവാഹികളുടെ വിശദീകരണം.
ഇക്കഴിഞ്ഞ സെപ്റ്റംബർ 5നാണ് കരാറുകാരനായ മുത്തപ്പാറക്കുന്നേൽ ജോസഫിനെ കെ കരുണാകരൻ മെമ്മോറിയൽ ആശുപത്രിയുടെ മുകളിലത്തെ നിലയില്‍ മരിച്ച നിലയിൽ കണ്ടെത്തിയത്. ആശുപത്രിയുമായി ബന്ധപ്പെട്ട സാമ്പത്തിക കേസിൽ ഏക സാക്ഷിയായിരുന്നു മരണപ്പെട്ട ജോസഫ്