ചരിത്രം വായിച്ചു പഠിക്കണം. ഇതൊന്നും പ്രത്യേകം പഠിക്കേണ്ട ചരിത്രമല്ല ഭൂപരിഷ്കരണ വിവാദത്തിൽ മുഖ്യമന്ത്രി പിണറായി വിജയന് മറുപടിയുമായി കാനം രാജേന്ദ്രൻ
ഉദ്ഘാടന പ്രസംഗത്തില്‍ സി അച്യുതമേനോന്റെ പേര് പരാമര്‍ശിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വിസ്മരിച്ചുവെന്ന് ആരും കരുതില്ലെന്നും മറിച്ച്, അത് ചരിത്രവസ്തുതകളുടെ മനഃപൂർവ്വമായ തമസ്ക്കരമാണെന്നും ജനയുഗം കുറ്റപ്പെടുത്തുന്നു.
ഭൂപരിഷ്കരണ വിവാദത്തിൽ മുഖ്യമന്ത്രി പിണറായി വിജയന് മറുപടിയുമായി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. ഭൂപരിഷ്കരണത്തിന്‍റെ ക്രെഡിറ്റിന് ആരും ശ്രമിക്കേണ്ടതില്ലെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞു. ഭൂപരിഷ്കരണ നിയമം നടപ്പാക്കിയത് സി.അച്യുതമേനോൻ സർക്കാരാണ്. ഒന്‍പതാം പട്ടികയില്‍ ഉള്‍പ്പെടുത്തി സംരക്ഷണം നല്‍കി. അതിന്റെ ക്രെഡിറ്റ് പങ്കുവയ്ക്കാൻ സി.പി.ഐ തയാറല്ല. ഭൂപരിഷ്കരണത്തിന്‍റെ സുവർണ ജൂബിലി ചടങ്ങിൽ അച്യുത മേനോന്റെ പേര് മുഖ്യമന്ത്രി പരാമർശിക്കാതിരുന്നത് മനഃപൂർവ്വമാണെന്ന് സി.പി.ഐ ആരോപണം ഉന്നയിച്ചിരുന്നു. എന്നാൽ, സി.പി.ഐക്ക് ചരിത്രം അറിയില്ല എന്നായിരുന്നു ഇതിന് മുഖ്യമന്ത്രിയുടെ മറുപടി. ഇതിനാണ് കാനം രാജേന്ദ്രൻ മറുപടി നൽകിയിരിക്കുന്നത്.
കേരളത്തിൽ എല്ലാവർക്കും ഇതറിയാം. അല്ലാത്തവർ ചരിത്രം വായിച്ചു പഠിക്കണം. ഇതൊന്നും പ്രത്യേകം പഠിക്കേണ്ട ചരിത്രമല്ല, ഇതെല്ലാം കേരളത്തിൽ എല്ലാവർക്കും അറിയാം. അർഹതയുള്ളവർക്ക് ചരിത്രത്തിൽ അർഹമായ സ്ഥാനം നൽകുന്നതാണ് മാന്യത. സൂര്യനെ പാഴ്മുറം കൊണ്ട് മറയ്ക്കാൻ ശ്രമിക്കരുതെന്നും കാനം പറഞ്ഞു.അതേസമയം ഉദ്ഘാടന പ്രസംഗത്തില്‍ സി അച്യുതമേനോന്റെ പേര് പരാമര്‍ശിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വിസ്മരിച്ചുവെന്ന് ആരും കരുതില്ലെന്നും മറിച്ച്, അത് ചരിത്രവസ്തുതകളുടെ മനഃപൂർവ്വമായ തമസ്ക്കരമാണെന്നും ജനയുഗം കുറ്റപ്പെടുത്തുന്നു. ഇത് ഇടതുപക്ഷത്തിന്റെ ചരിത്രത്തോടുള്ള സമീപനത്തെയാണ് ചോദ്യം ചെയ്യുന്നതെന്നും മുഖപ്രസംഗം പറയുന്നു.