എ വി ഗോപിനാഥ് തിരികെ വരുമെന്ന് ,കെ സുധാകരൻ

പരമാവധി എല്ലാവരെയും ഒരുമിച്ച് കൊണ്ടുപോകാനാണ് ശ്രമിക്കുന്നത്. പക്ഷേ അതിന് വേണ്ടി പാര്‍ട്ടിയുടെ അച്ചടക്കവും പ്രവര്‍ത്തനങ്ങളുടെ സുതാര്യതയും തടസപ്പെടുത്താനാവില്ല.

0

തിരുവനന്തപുരം :ഡി സി സി പട്ടികയിൽ അതൃപ്തി അറിയിച്ച് കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ച എ വി ഗോപിനാഥ് തിരികെ വരുമെന്ന് പ്രതീക്ഷിക്കുന്നതായി കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. അദ്ദേഹത്തെ പാര്‍ട്ടിയില്‍ ശക്തിപ്പെടുത്താനുള്ള ശ്രമമായിരിക്കും കെപിസിസി അധ്യക്ഷന്‍ എന്ന നിലയില്‍ ചെയ്യുകയെന്നും കെ സുധാകരന്‍ മാധ്യമങ്ങളോട് പറഞ്ഞു.‘പാലക്കാട്ടെ പ്രത്യേക രാഷ്ട്രീയ സാഹചര്യത്തിന്റെ അടിസ്ഥാനത്തിലാണ് എ വി ഗോപിനാഥ് രാജിതീരുമാനമെടുത്തത്. അതെന്നോട് ചര്‍ച്ച ചെയ്തിരുന്നു. പക്ഷേ അദ്ദേഹവും ഞാനും തമ്മിലുള്ള ബന്ധം അതീവ ദൃഡമാണ്. അങ്ങനെ എന്നെ കയ്യൊഴിയാന്‍ അദ്ദേഹത്തിന് കഴിയില്ല. പാര്‍ട്ടി വിട്ട് ഗോപിനാഥ് എങ്ങോട്ടും പോകില്ലെന്ന ആത്മവിശ്വാസം എനിക്കുണ്ട്’. കെ സുധാകരന്‍ പ്രതികരിച്ചു.

‘പരമാവധി എല്ലാവരെയും ഒരുമിച്ച് കൊണ്ടുപോകാനാണ് ശ്രമിക്കുന്നത്. പക്ഷേ അതിന് വേണ്ടി പാര്‍ട്ടിയുടെ അച്ചടക്കവും പ്രവര്‍ത്തനങ്ങളുടെ സുതാര്യതയും തടസപ്പെടുത്താനാവില്ല. ഇതുവരെയും എല്ലാവരോടും പറഞ്ഞിരുന്നത് സഹകരിച്ച് മുന്നോട്ടുപോകണമെന്നാണ്. സഹകരിക്കാത്തവരെ നിര്‍ബന്ധിപ്പിക്കാനുള്ള മെക്കാനിസമൊന്നും പാര്‍ട്ടിയിലില്ല. ഇത്രയും കാലം പാര്‍ട്ടിക്കൊപ്പം നിന്നവര്‍ പാര്‍ട്ടിക്ക് ഹാനികരമാകുന്ന പ്രവര്‍ത്തി ചെയ്യുന്നത് ഉചിതമാണോ എന്ന് പരിശോധിക്കണം. ആ അഭ്യര്‍ത്ഥന മാനിക്കണമെന്നാണ് നേതൃത്വത്തിന് പറയാനുള്ളത്.

ഈ വിഷയത്തെ കുറിച്ചുള്ള പാര്‍ട്ടിയുടെ നിലപാട് വ്യക്തമാക്കിയതാണ്. വീണ്ടുമൊരു ചര്‍ച്ചയ്ക്ക് താത്പര്യമില്ല. അത് പാര്‍ട്ടിയുടെ ഗുണത്തിന് വേണ്ടിയാണ്. വിവാദങ്ങള്‍ അവസാനിപ്പിക്കാനുള്ള തീരുമാനം. ഡിസിസി അധ്യക്ഷ നിയമനം ഹൈക്കമാന്‍ഡിന്റെ അന്തിമ തീരുമാനമാണ്. അത് സംസ്ഥാന നേതൃത്വമല്ല തീരുമാനിക്കുന്നത് എന്നും കെപിസിസി അധ്യക്ഷന്‍ കൂട്ടിച്ചേര്‍ത്തു.

You might also like

-