സർക്കാർ ചെലവിൽ മുഖ്യ പ്രതിപക്ഷത്തിന്റെ തന്തയ്ക്ക് വിളിക്കുന്ന വേദിയായി നവകേരള സദസ്സ് മാറി ,കെ മുരളീധരൻ
നവകേരള സദസ്സ് ആളെ പറ്റിക്കാനുള്ള പരിപാടിയാണെന്ന പ്രതിപക്ഷ ആരോപണം 101 ശതമാനവും ശരിയായെന്നും ഇതിനെ സിപിഐഎം പൂര്‍ണമായും രാഷ്ട്രീയ വേദിയാക്കി മാറ്റിയെന്നും മുരളീധരന്‍ ആരോപിച്ചു
തിരുവനന്തപുരം | നവകേരള സദസ്സ്’ പരിപാടിക്കെതിരെ രൂക്ഷ വിമർശനവുമായി കെ മുരളീധരൻ എംപി. സർക്കാർ ചെലവിൽ മുഖ്യ പ്രതിപക്ഷത്തിന്റെ തന്തയ്ക്ക് വിളിക്കുന്ന വേദിയായി നവകേരള സദസ്സ് മാറിയെന്ന് വിമർശനം. ലീഗുമായുള്ള കോൺഗ്രസിന്റെ ബന്ധം തകർക്കാൻ പിണറായി വിജയൻ എത്ര ശ്രമിച്ചാലും നടക്കില്ലെന്നും അദ്ദേഹം പറഞ്ഞു.നവകേരള സദസ്സ് ആളെ പറ്റിക്കാനുള്ള പരിപാടിയാണെന്ന പ്രതിപക്ഷ ആരോപണം 101 ശതമാനവും ശരിയായെന്നും ഇതിനെ സിപിഐഎം പൂര്‍ണമായും രാഷ്ട്രീയ വേദിയാക്കി മാറ്റിയെന്നും മുരളീധരന്‍ ആരോപിച്ചു. ഒരു സ്ഥലത്തുനിന്ന് പരാതി കിട്ടിയാല്‍ നാല്‍പ്പത്തഞ്ച് ദിവസത്തിനകം പരിഹരിക്കുമെന്നാണ് ഇന്നലെ പറഞ്ഞത്. നാല്‍പ്പത്തഞ്ചു ദിവസമാകുമ്പോഴേക്കും യാത്ര കഴിയും. ഇത് ആളെ പറ്റിക്കാനാണ് എന്ന് പറഞ്ഞത് 101 ശതമാനം ശരിയായിയാണെന്നും മുരളീധരന്‍ പറഞ്ഞു.
‘വീട് ചോദിക്കുന്നു, വീടില്ല. ക്ഷേമപെന്‍ഷന്‍ ചോദിക്കുന്നു, പെന്‍ഷന്‍ ഇല്ല. സപ്ലൈകോയില്‍ ചെല്ലുമ്പോള്‍ സബ്സിഡി ഇല്ല. മാവേലി സ്‌റ്റോറില്‍ ചെല്ലുമ്പോള്‍ പഞ്ചാസാര ഇല്ല. പിന്നെ എന്ത് സദസ്സാണ് നടത്തുന്നത്?’-മുരളീധരന്‍ വിമര്‍ശിച്ചു. ഉമ്മന്‍ ചാണ്ടിയുടെ സമയത്ത് ഓണ്‍ ദ സ്പോട്ടിലാണ് പരിഹാരം ഉണ്ടാക്കിയിരുന്നതെന്നും മുരളീധരന്‍ പറഞ്ഞു
കോണ്‍ഗ്രസിന് ഒരിക്കലും മുസ്ലിം ലീഗിനെ സംശയമില്ല. ലീഗുമായി 53 വർഷത്തെ രാഷ്ട്രീയ ബന്ധമാണുള്ളത്. ലീഗുമായുള്ള കോൺഗ്രസ് ബന്ധം തകർക്കാൻ പിണറായി വിജയൻ എത്ര ശ്രമിച്ചാലും നടക്കില്ല. അരിയില്‍ ഷുക്കൂറിനെ പോലുള്ള യൂത്ത് ലീഗ് പ്രവര്‍ത്തകരെ തല്ലിക്കൊന്നവരാണ് മാര്‍ക്സിസ്റ്റ് പാര്‍ട്ടി. കെ.എം ഷാജിയുടെ സ്വത്ത് പിടിച്ചെടുത്ത് ജയിലിൽ ഇടാൻ ശ്രമിച്ചു. മുനീറിനെതിരായ വിജിലന്‍സ് അന്വേഷണം ഇപ്പോഴും നടത്തിക്കൊണ്ടിരിക്കുന്നവരാണ്. അങ്ങനെയുള്ള ഒരു രാഷ്ട്രീയ പാർട്ടിയിലേക്ക് സഖ്യകക്ഷിയായി മുസ്ലിം ലീഗ് ഒരിക്കലും പോകില്ലെന്നും മുരളീധരന്‍ പറഞ്ഞു
അതേസമയം നവകേരള യാത്ര പരാജയമെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ജനങ്ങളുടെ ഒരു പരാതിയും പരിഗണിക്കുന്നില്ല. പരിപാടി തലപ്പാവ് വെച്ച രാജഭരണകാലത്ത് ഓർമിപ്പിക്കുന്നുവെന്നും ചെന്നിത്തല വിമർശിച്ചു. തീർത്തും രാഷ്ട്രീയ പരിപാടിയാണ് നടക്കുന്നത്. സർക്കാർ നിർബന്ധിച്ച് കൊണ്ടുവന്നവരാണ് പങ്കെടുക്കുന്നത്. തിരഞ്ഞെടുപ്പിനു മുൻപുള്ള രാഷ്ട്രീയ പരിപാടിയാണ് ഇതെന്നും ചെന്നിത്തല പറഞ്ഞു.