കാഷ്മീരിൽറൈസിംഗ് കാഷ്മീർ പത്രാധിപർ ഷുജാത്അത് ബുഖാരി വെടിയേറ്റു മരിച്ചു
വർഷങ്ങൾക്കു ശേഷം ആദ്യമായാണ് മാധ്യമപ്രവർത്തകർക്കു നേരെ കാഷ്മീരിൽ ആക്രമണം നടക്കുന്നത്.
ശ്രീനഗർ: ജമ്മുകാഷ്മീരിൽ മുതിർന്ന മാധ്യമപ്രവർത്തകൻ വെടിയേറ്റു മരിച്ചു. റൈസിംഗ് കാഷ്മീർ എഡിറ്റർ ഷുജാത്അത് ബുഖാരിയാണ് കൊല്ലപ്പെട്ടത്. വ്യാഴാഴ്ച വൈകുന്നേരം ശ്രീനഗറിൽ പ്രസ് കോളനിയിലെ തന്റെ ഓഫീസിൽനിന്ന് പുറത്തിറങ്ങിയതിനു തൊട്ടുപിന്നാലെയാണ് ബുഖാരിക്ക് വെടിയേറ്റത്.അക്രമികൾ തൊട്ടടുത്തുനിന്നാണ് വെടിവച്ചത്. ഒന്നിലേറെ വെടിയുണ്ടകൾ അദ്ദേഹത്തിന്റെ ശരീരത്ത് തുളച്ചുകയറി. അക്രമികളെ തടുക്കാൻ ശ്രമിച്ച രണ്ട് സുരക്ഷാ ജീവനക്കാർക്കും വെടിയേറ്റു. ഇവരുടെ നില ഗുരുതരമാണ്. നിരവധി വർഷങ്ങൾക്കു ശേഷം ആദ്യമായാണ് മാധ്യമപ്രവർത്തകർക്കു നേരെ കാഷ്മീരിൽ ആക്രമണം നടക്കുന്നത്. സംഭവത്തിൽ മാധ്യമമേഖലയാകെ ഞടുക്കത്തിലാണ്. മാധ്യമസ്വാതന്ത്ര്യത്തിനു നേർക്കുള്ള ആക്രമണമാണിതെന്ന് കാഷ്മീർ ടൈംസ് എക്സിക്യുട്ടീവ് എഡിറ്റർ അനുരാധ ജാംവാൽ പറഞ്ഞു. 2000 ൽ ബുഖാരിക്കു നേരെ ആക്രമണം നടന്നിരുന്നു. അന്നുമുതൽ അദ്ദേഹം പോലീസ് സംരക്ഷണത്തിലായിരുന്നു. മുഖ്യമന്ത്രി മെഹബൂബ മുഫ്തിയും മുൻ മുഖ്യമന്ത്രി ഒമർ അബ്ദുള്ളയും സംഭവത്തിൽ ഞടുക്കം രേഖപ്പെടുത്തി.
അമർനാഥ് തീർഥാടനവുമായി ബന്ധപ്പെട്ട സുരക്ഷാ സംവിധാനങ്ങൾ അവലോകനം ചെയ്യാൻ ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗ് യോഗം വിളിച്ചതിനു പിന്നാലെയാണ് ആക്രമണം.