ജെഎൻ-1 കോവിഡ് ഉപവകഭേദം കേരളത്തിൽ സ്ഥിരീകരിച്ചു

സംസ്ഥാനത്ത് കൊവിഡ് രോഗികളുടെ എണ്ണവും ഉയരുകയാണ്. ആക്ടീവ് കേസുകൾ 1,523 ആയി ഉയർന്നു.ജനിതക ഘടന പരിശോധന നടത്തുന്ന ലാബുകളുടെ കൺസോർഷ്യമായ INSACOG നടത്തിയ പഠനത്തിലാണ് കേരളത്തിൽ ജെ.എൻ1 വകഭേദം കണ്ടെത്തിയത്

0

ഡൽഹി| ഇന്ത്യയിൽ ആദ്യമായി ജെഎൻ-1 കോവിഡ് ഉപവകഭേദം കേരളത്തിൽ സ്ഥിരീകരിച്ചു. ജനിതകലബോറട്ടറികളുടെ ശൃംഖലയായ ഇൻസാകോഗാണ് ഇക്കാര്യം കണ്ടെത്തിയതെന്ന് ഐസിഎംആർ ഡയറക്ടർ ജനറൽ ഡോ. രാജീവ് ബഹൽ അറിയിച്ചു. ഡിസംബർ 8ന് തിരുവനന്തപുരത്തെ കരകുളത്തുനിന്ന് ശേഖരിച്ച കോവിഡ് പോസിറ്റീവ് സാംപിളിലാണ് പുതിയ ഉപവകഭേദം കണ്ടെത്തിയത്. 79 കാരിയിൽ നിന്ന് ശേഖരിച്ച സാംപിളാണ് പരിശോധനയ്ക്ക് അയച്ചത്.

സംസ്ഥാന ആരോഗ്യവകുപ്പുമായി ബന്ധപ്പെടുന്നുണ്ടെന്നും നടപടികൾ നിരീക്ഷിക്കുകയാണെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. പ്രതിരോധശേഷി കുറയ്ക്കുന്ന, വേഗത്തിൽ വ്യാപനശേഷിയുള്ള വൈറസാണ് ജെഎൻ 1 കോവിഡ് ഉപവകഭേദം. ഇത് ചൈനയിൽ സ്ഥിരീകരിച്ചതായി വെള്ളിയാഴ്ച വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തിരുന്നു. വിദേശരാജ്യങ്ങളിലും ജെഎൻ 1 വകഭേദം റിപ്പോർട്ട് ചെയ്യുന്നുണ്ട്

നേരത്തെ തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ നിന്ന് സിംഗപ്പൂരിലെത്തിയ വ്യക്തിയിൽ ജെഎൻ-1 ഉപവകഭേദം സ്ഥിരീകരിച്ചിരുന്നു. തുടർന്ന് തിരുച്ചിറപ്പള്ളി ജില്ലയിലോ തമിഴ്‌നാട്ടിലെ മറ്റ് സ്ഥലങ്ങളിലോ കേസുകളുടെ എണ്ണത്തിൽ വർധനയുണ്ടായിട്ടില്ല. “ഇന്ത്യയിൽ ജെഎൻ-1 വേരിയന്റിന്റെ മറ്റൊരു കേസും കണ്ടെത്തിയിട്ടില്ല,” ഉന്നത വൃത്തങ്ങൾ അറിയിച്ചു.ജെഎൻ-1 കോവിഡ് ഉപവകഭേദം ആദ്യമായി റിപ്പോർട്ട് ചെയ്തത് ലക്സംബർഗിലാണ്.

“ഏഴു മാസത്തെ ഇടവേളയ്ക്ക് ശേഷം, ഇന്ത്യയിൽ കേസുകൾ വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. കേരളത്തിൽ, കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. എന്നാൽ ഇതുവരെയുള്ള തീവ്രത മുമ്പത്തേതിന് സമാനമാണ്.വേഗത്തിൽ പടരാനും പ്രതിരോധശേഷി ദുർബലമാക്കാനും ഉപവിഭാഗത്തിന് കഴിയും” – നാഷണൽ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ കോവിഡ് ടാസ്‌ക് ഫോഴ്‌സിന്റെ കോ-ചെയർമാൻ രാജീവ് ജയദേവൻ എഎൻഐയോട് പറഞ്ഞു.

സംസ്ഥാനത്ത് കൊവിഡ് രോഗികളുടെ എണ്ണവും ഉയരുകയാണ്. ആക്ടീവ് കേസുകൾ 1,523 ആയി ഉയർന്നു.ജനിതക ഘടന പരിശോധന നടത്തുന്ന ലാബുകളുടെ കൺസോർഷ്യമായ INSACOG നടത്തിയ പഠനത്തിലാണ് കേരളത്തിൽ ജെ.എൻ1 വകഭേദം കണ്ടെത്തിയത്. ഒമിക്രോണിന്റെ ഉപവകഭേദത്തിൽപ്പെട്ട വൈറസാണിത്. ലോകത്ത് പുതുതായി റിപ്പോർട്ട് ചെയ്യുന്ന കൊവിഡ് കേസുകളിൽ നല്ല പങ്കും ജെ എൻ.1 വകഭേദമെന്നാണ് കണക്ക്. ഇതിനിടെയാണ് കഴിഞ്ഞ മാസം തിരുവനന്തപുരത്ത് നിന്ന് ശേഖരിച്ച ഒരു സാമ്പിളിൽ ജെ എൻ.1 സ്ഥിരീകരിച്ചത്. ആശങ്ക വേണ്ടെന്നാണ് ആരോഗ്യവകുപ്പ് വിശദീകരിക്കുന്നത്.

You might also like

-