എസ്എഫ്ഐ വെല്ലുവിളിക്കിടെ കാലിക്കറ്റ് സർവകലാശാലയിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

കാലിക്കറ്റ് സർവകലാശാല സനാധന ധർമ പീഠവും ഭാരതീയ വിചാര കേന്ദ്രവും സംയുക്തമായാണ് സെമിനാർ സംഘടിപ്പിക്കുന്നത്.പരിപാടിയിൽ പാസ് ഉള്ളവർക്കാണ് പ്രവേശനം.ആർഎസ്എസ് ബിജെപി നേതാക്കളുൾപ്പെടെ സെമിനാറിൽ പങ്കെടുക്കുന്നുണ്ട്

0

കോഴിക്കോട് | എസ്എഫ്ഐ വെല്ലുവിളിക്കിടെ കാലിക്കറ്റ് സർവകലാശാലയിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഇന്ന് പൊതുപരിപാടിയിൽ പങ്കെടുക്കും.വൈകീട്ട് മൂന്നരയ്ക്ക് ശ്രീനാരായണ ഗുരു നവോത്ഥാനത്തിൻ്റെ പ്രവാചകൻ എന്ന വിഷയത്തിൽ സംഘടിപ്പിക്കുന്ന സെമിനാറിലാണ് ഗവർണർ പങ്കെടുക്കുക. കാലിക്കറ്റ് സർവകലാശാല സനാധന ധർമ പീഠവും ഭാരതീയ വിചാര കേന്ദ്രവും സംയുക്തമായാണ് സെമിനാർ സംഘടിപ്പിക്കുന്നത്.പരിപാടിയിൽ പാസ് ഉള്ളവർക്കാണ് പ്രവേശനം.ആർഎസ്എസ് ബിജെപി നേതാക്കളുൾപ്പെടെ സെമിനാറിൽ പങ്കെടുക്കുന്നുണ്ട്.ഗവർണർക്ക് എതിരായ പ്രതിഷേധം കടുപ്പിക്കുമെന്ന എസ്എഫ്ഐ പ്രഖ്യാപനത്തിൻ്റെ പശ്ചാത്തലത്തിൽ കനത്ത പൊലീസ് സുരക്ഷയിലാണ് സർവകലാശാല ക്യാമ്പസ്.

അതേ സമയം വിദ്യാർത്ഥികൾ ഉൾപ്പെടെ ഉള്ളവർക്ക് പ്രധാന ഗേറ്റിലൂടെ പ്രവേശനം ഉണ്ടാകില്ലെന്ന് പോലീസ് അറിയിച്ചിട്ടുണ്ട്.ബാനറുകൾ പൊലീസിനെ ഉപയോഗിച്ച് ഇന്നലെ രാത്രി നീക്കിയതിന് പിന്നാലെ എസ്എഫ്ഐ പ്രവർത്തകർ വീണ്ടും ബാനർ ഉയർത്തിയതിനാൽ ഗവർണറുടെ തുടർ നീക്കവും പ്രതീക്ഷിക്കാം.

ഗവർണർക്കെതിരെ എസ്എഫ്ഐ ഉയർത്തിയ ബാനറുകൾ ഗവർണൻ ആരിഫ് മുഹമ്മദ്‌ ഖാൻ പൊലീസിനെ ഉപയോഗിച്ച് ഇന്നലെ നീക്കം ചെയ്തിരുന്നു. ബാനറുകൾ നീക്കം ചെയ്യാത്തത്തിൽ ക്ഷുഭിതനായ ഗവർണർ മലപ്പുറം എസ്പി ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരോട് രൂക്ഷമായി പ്രതികരിച്ചതിന് പിന്നാലെയാണ് എസ്പി തന്നെ നേരിട്ട് ബാനറുകൾ നീക്കം ചെയ്തത്.ഇതിനിടെ ക്യാമ്പസിൽ പ്രകടനവുമായെത്തിയ എസ്എഫ്ഐ പ്രവർത്തകർ വീണ്ടും ഗവർണർക്കെതിരെ ബാനറുകൾ ഉയർത്തി. ഗവർണർ പങ്കെടുക്കുന്ന സെമിനാറിൻ്റെ ഭാഗമായി ക്യാമ്പസിൽ സ്ഥാപിച്ച ഫ്ലക്സ് ബോർഡിൽ നിന്ന് കീറിയെടുത്ത ആരിഫ് മുഹമ്മദ് ഖാൻ്റെ ചിത്രവും കോലവും എസ്എഫ്ഐ പ്രവർത്തകർ കത്തിച്ചു. വിഷയത്തിൽ അടിയന്തര റിപ്പോർട്ട് സമർപ്പിക്കാൻ വിസിക്ക് ഗവർണർ നിർദ്ദേശം നൽകിയിരിക്കുകയാണ്.

You might also like

-