ജെസ്ന: അന്വേഷണസംഘം ചെന്നൈയിൽ തെളിവെടുപ്പാരംഭിച്ചു
കാണാതാകുന്നതിന്റെ ഒരു ദിവസംമുന്പ് ജെസ്ന നിരവധിത്തവണ സംസാരിച്ചതായി മൊബൈൽ കോൾ ലിസ്റ്റിൽ കാണുന്ന മുണ്ടക്കയം സ്വദേശിയായ സഹപാഠിയുമായി പോലീസ് സംസാരിച്ചിട്ടും സംശയാസ്പദമായ സൂചനയൊന്നും ലഭിച്ചിരുന്നില്ല
കോട്ടയം: മുക്കൂട്ടുതറയിൽനിന്നു കാണാതായ ജെസ്ന മരിയ ജയിംസിനെ (22) ചെന്നൈയിൽ കണ്ടതായുള്ള റിപ്പോർട്ടുകൾപ്രകാരം പോലീസ് സംഘം അയനാപുരത്തെത്തി. മാർച്ച് 22നു കാണാതായ ജെസ്ന നാലു ദിവസങ്ങൾക്കുശേഷം അയനാപുരം വെള്ളല സ്ട്രീറ്റിലെ കടയിൽനിന്നു ഫോണ് ചെയ്തെന്നു കടയുടമയും സമീപവാസിയായ മലയാളിയും പറഞ്ഞിരുന്നു. മാർച്ച് 26നു രാത്രി 7.45നും എട്ടിനും ഇടയിൽ വഴിചോദിച്ചു കടയിലെത്തി തമിഴിൽ ഫോണ് ചെയ്തെന്നാണു മലയാളിയായ അലക്സിയുടെ മൊഴി. ഇതുപ്രകാരമാണ് സ്പെഷൽ സ്ക്വാഡ് ഷാഡോ പോലീസ് ഇന്നലെ ചെന്നൈയിലെത്തിയത്. എന്നാൽ, ജെസ്നയ്ക്കു തമിഴ് അറിയില്ലെന്ന് ബന്ധുക്കൾ പറഞ്ഞു.
കാണാതാകുന്നതിന്റെ ഒരു ദിവസംമുന്പ് ജെസ്ന നിരവധിത്തവണ സംസാരിച്ചതായി മൊബൈൽ കോൾ ലിസ്റ്റിൽ കാണുന്ന മുണ്ടക്കയം സ്വദേശിയായ സഹപാഠിയുമായി പോലീസ് സംസാരിച്ചിട്ടും സംശയാസ്പദമായ സൂചനയൊന്നും ലഭിച്ചിരുന്നില്ല. ഈ യുവാവുമായി സൗഹൃദത്തിനപ്പുറമുള്ള അടുപ്പം ജെസ്നയ്ക്കുണ്ടായിരുന്നില്ലെന്നാണു സൂചന.
യുവാവിനെ നുണപരിശോധനയ്ക്കു വിധേയമാക്കണോഎന്നു പോലീസ് തീരുമാനിച്ചിട്ടില്ല. മുക്കൂട്ടുതറ, എരുമേലി, കാഞ്ഞിരപ്പള്ളി, ജെസ്ന പഠിച്ചിരുന്ന കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കോളജ് എന്നിവിടങ്ങൾ ഉൾപ്പെടെ, ജെസ്നയെക്കുറിച്ച് വിവരം നൽകാൻ ജെസ്നയെ കണ്ടെത്താം എന്നെഴുതിയ വിവരശേഖരണ പെട്ടികൾ സ്ഥാപിച്ചിട്ടുണ്ട്. ഈ പെട്ടികളിൽ ലഭിച്ച വിവരങ്ങൾ പോലീസ് പതിവായി ശേഖരിക്കുന്നുണ്ട്.