ജവഹർലാൽ നെഹ്‌റു സർവകലാശാല വിദ്യാർഥികൾക്ക് നേരെ പൊലീസ് ലാത്തിച്ചാർജ്ജ് നിരവധി പേർക്ക് പരിക്ക്

ഇരുപതോളം പേർക്ക് മാരകമായി പരിക്കേറ്റു. നിരവധി വിദ്യാർഥികളെ പൊലീസ് കസ്റ്റഡിയിലെടുത്ത് അജ്ഞാതകേന്ദ്രത്തിലേയ്ക്ക് കൊണ്ടുപോയി

0

ഡൽഹി: ഫീ വർധന പിൻവലിക്കണമെന്നാവശ്യപ്പെട്ട് രാഷ്ട്രപതി ഭവനിലേയ്ക്ക് മാർച്ച് ചെയ്ത ജവഹർലാൽ നെഹ്‌റു സർവകലാശാല വിദ്യാർഥികൾക്ക് നേരെ പൊലീസ് ലാത്തിച്ചാർജ്ജ്. ഉച്ചയോടെ സർവകലാശാലയിൽ നിന്ന് ആരംഭിച്ച മാർച്ച് സരോജിനി നഗർ പ്രദേശത്ത് ബാരിക്കേഡ് ഉയർത്തി തടയാൻ പൊലീസ് ശ്രമിച്ചു. എന്നാൽ അത് അവഗണിച്ച് മുന്നേറിയ വിദ്യാർഥികളെ മൃഗീയമായി ലാത്തിച്ചാർജ്ജ് ചെയ്യുകയായിരുന്നു. നൂറുകണക്കിന് വിദ്യാർഥികളെ പൊലീസ് പൊതിരെ തല്ലി.

പൊലീസ് ലാത്തിച്ചാർജ്ജിനെ തുടർന്ന് കൂട്ടം തെറ്റിയ വിദ്യാർഥികൾ ഭിക്കാജി കാമ പ്ലേസിൽ വീണ്ടും ഒത്തുചേരുകയും മാർച്ച് പുനരാരംഭിക്കുകയും ചെയ്തെങ്കിലും പൊലീസ് വീണ്ടും ലാത്തിച്ചാർജ്ജ് ചെയ്തു. ഇവിടെ ഇരുപതോളം പേർക്ക് മാരകമായി പരിക്കേറ്റു. നിരവധി വിദ്യാർഥികളെ പൊലീസ് കസ്റ്റഡിയിലെടുത്ത് അജ്ഞാതകേന്ദ്രത്തിലേയ്ക്ക് കൊണ്ടുപോയി.ഒരു മാസത്തിലധികമായി ഫീ വർധനയ്കെതിരെ വിദ്യാർഥികൾ ഒന്നടങ്കം സമരത്തിലാണ്. കാമ്പസിനകത്ത് സമരം നടത്തി വന്നിരുന്ന വിദ്യാർഥികൾ നവംബർ 18 ന് പാർലമെന്റ് മാർച്ച് നടത്തിയപ്പോഴും കോൺവൊക്കേഷൻ നടന്ന സ്ഥലത്തേയ്ക്ക് മാർച്ച് നടത്തിയപ്പോഴും ലാത്തിച്ചാർജ്ജ് നടത്തിയിരുന്നു. ഇതിൽ നൂറുകണക്കിന് വിദ്യാർഥികൾക്ക് പരിക്കേറ്റിരുന്നു.

ഭീമമായ ഫീ വർധന സാധാരണക്കാരെ ജെഎൻയുവിൽ നിന്ന് അകറ്റുമെന്ന സാഹചര്യത്തിലാണ് വിദ്യാർഥികൾ ഒക്ടോബർ അഴസാനം പ്രക്ഷോഭം ആരംഭിച്ചത്. വർധനര പിൻവലിക്കണമെന്ന് മാനവ വിഭവ ശേഷി മന്ത്രാലയത്തിന്റെ പാനൽ നിർദ്ദേശിച്ചിരുന്നുവെങ്കിലും ഭാഗികമായി മാത്രമേ പിൻവലിക്കൂ എന്ന നിലപാടിലാണ് സർവകലാശാല അധികൃതർ. ഈ സാഹചര്യത്തിലാണ് വിദ്യാർഥികൾ പ്രക്ഷോഭത്തിൽ ഉറച്ചുനിൽക്കുന്നത്.

You might also like

-