അസദുദീന്‍ ഒവൈസി പൗരത്വബില്‍ കീറിയെറിഞ്ഞു; നാടകീയരംഗങ്ങൾ

‘ഗാന്ധിജിക്ക് മഹാത്മാ എന്ന വിശേഷണം ലഭിച്ചത് ദക്ഷിണാഫ്രിക്കയില്‍വച്ച് വിവേചനപരമായ പൗരത്വ കാര്‍ഡ് കീറിയതിന് പിന്നാലെയാണ്. പൗരത്വ ഭേദഗതി ബില്ലിന്റെ കാര്യത്തില്‍ താനും അങ്ങനെ ചെയ്യാതിരിക്കേണ്ടതിന് മതിയായ കാരണമില്ല. മുസ്‌ലിം വിഭാഗക്കാര്‍ക്കെതിരായ ഗൂഢാലോചനയാണ് ഇതിന് പിന്നില്‍. ഇന്ത്യയെ വീണ്ടും വിഭജിക്കുന്നതാണ് ഭേദഗതി'

0

ഡൽഹി : ലോക്സഭയില്‍ പൗരത്വ ഭേദഗതി ബില്ലിനെതിരെ അസദുദ്ദീന്‍ ഉവൈസിയുടെ പ്രതിഷേധം. സഭയില്‍ ഉവൈസി പൗരത്വ ഭേദഗതി ബില്‍ കീറിയെറിഞ്ഞു. ബില്‍ രാജ്യത്തെ വിഭജിക്കാന്‍ ലക്ഷ്യമിട്ടുള്ളതെന്നും ഉവൈസി പറഞ്ഞു . ഇന്ത്യയെ വീണ്ടും വിഭജിക്കുന്നതാണ് ബില്ലെന്ന് ഒവൈസി ആരോപിച്ചു. ഹൈദരാബാദിൽ നിന്നുള്ള എഐഎംഐഎം നേതാവാണ് അസദുദീന്‍ ഒവൈസി. പ്രതിപക്ഷത്തിന്‍റെ കടുത്ത എതിര്‍പ്പിനെ വോട്ടെടുപ്പിലൂടെ പരാജയപ്പെടുത്തിയാണ് ഏറെ വിവാദമായ പൗരത്വ ബില്‍ ലോക്സഭയില്‍ അവതരിപ്പിച്ചത്.

പൗരത്വം മതത്തിന്‍‌റെ അടിസ്ഥാനത്തിലാക്കുന്നത് ഭരണഘടനയുടെ അന്തസത്തയ്ക്ക് എതിരാണെന്നും ന്യൂനപക്ഷങ്ങളെ ഭയപ്പെടുത്താനാണ് ബില്ലെന്നും പ്രതിപക്ഷം ഒറ്റക്കെട്ടായി പറഞ്ഞു. ബില്ല് ന്യൂനപക്ഷ വിരുദ്ധമല്ലെന്നും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ ആശങ്കപ്പെടേണ്ടതില്ലെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ വ്യക്തമാക്കി.പൗരത്വ ബില്‍ അവതരണത്തിന് മുന്‍പ് നാടീകരംഗങ്ങളാണ് സഭയില്‍ അരങ്ങേറിയത്. 293 പേര് അവതരണത്തെ അനുകൂലിച്ചു. ശിവസേനയും ബിജെഡിയും ടിഡിപിയും സര്‍ക്കാരിനൊപ്പം നിന്നു. കോണ്‍ഗ്രസും ഇടതുപാര്‍ട്ടികളും മുസ്‍ലിം ലീഗും ഉള്‍പ്പെടെ പ്രതിപക്ഷകക്ഷികളിലെ 82 അംഗങ്ങള്‍ എതിര്‍ത്തു. ബില്ലിന് അവതരാണനുമതി നിഷേധിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷനിരയിലെ എട്ടുപേര് നോട്ടിസ് നല്‍കിയിരുന്നു. ബില്ല് ഭരണഘടന ഉറപ്പു നല്‍കുന്ന തുല്യതയ്ക്ക് എതിരാണെന്ന് പ്രതിപക്ഷ അംഗങ്ങള്‍ പറഞ്ഞു. ഇന്ത്യയുടെ മതേതര മൂല്യങ്ങള്‍ക്ക് നിരക്കുന്നതല്ല. ഇത്തരമൊരു ഭേദഗതിക്ക് പാര്‍ലമെന്‍റിന് അധികാരമില്ലെന്നും കോടതി അംഗീകരിക്കില്ലെന്നും പ്രതിപക്ഷ അംഗങ്ങള്‍ ചൂണ്ടിക്കാട്ടി.

മതത്തിന്‍റെ അടിസ്ഥാനത്തില്‍ ഇന്ത്യയുടെ വിഭജനം നടത്തിയതാണ് കോണ്‍ഗ്രസ് എന്ന് അമിത് ഷാ തിരിച്ചടിച്ചു. 1974ല്‍ ബംഗ്ലദേശില്‍ നിന്ന് വന്നവര്‍ക്ക്മാത്രം ഇന്ദിരാ ഗാന്ധി പൗരത്വം നല്‍കിയത് എന്തിനായിരുന്നുവെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കണം. ന്യൂനപക്ഷങ്ങള്‍ക്ക് എതിരില്ല. അയല്‍രാജ്യങ്ങളില്‍ വേട്ടയാടപ്പെടുന്ന മതന്യൂനപക്ഷങ്ങള്‍ക്ക് അഭയം നല്‍കുകയാണ് ലക്ഷ്യം.പാക്കിസ്ഥാന്‍, ബംഗ്ലദേശ്, അഫ്ഗാനിസ്ഥാന്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള മുസ്‍ലിംകള്‍ ഒഴികെയുള്ള അഭയാര്‍ഥികള്‍ക്ക് പൗരത്വം അനുവദിക്കാനാണ് ഭേദഗതി‌. അസം, മേഘാലയ, മിസോറം, ത്രിപുര സംസ്ഥാനങ്ങളിലെ ഗോത്ര മേഖലകള്‍ക്ക് ബില്‍ ബാധകമാകില്ല. അരുണാചല്‍, മിസോറം, നാഗാലന്‍ഡ് സംസ്ഥാനങ്ങളില്‍ പ്രവേശന പെര്‍മിറ്റ് ആവശ്യമായ മേഖലകളും ബില്ലിന്‍റെ പരിധിയില്‍ വരില്ല

You might also like

-