ജസ്നയെ കണ്ടെത്തണം ഹൈക്കോടതി ജഡ്ജിയുടെ കാറിൽ കരി ഓയിൽ ഒഴിച്ച് പ്രതിക്ഷേധം
കോട്ടയം സ്വദേശിയായ ആർ. രഘുനാഥനാണ് ഹൈക്കോടതി ജഡ്ജിയുടെ കാറിൽ കരിഓയിൽ ഒഴിച്ചത്. കൈയിൽ പ്ലക്കാർഡുമായി പ്രതിഷേധ മുദ്രാവാക്യവും വിളിച്ചാണ് ഇയാൾ ഹൈക്കോടതി ജഡ്ജിയുടെ വണ്ടി ആക്രമിച്ചത്
കൊച്ചി: പത്തനംതിട്ടയിൽ നിന്നും കാണാതായ ജസ്നയെ കണ്ടെത്തണം എന്ന് ആവശ്യപ്പെട്ട് ജസ്നയുടെ ബന്ധു എന്ന് അവകാശപ്പെട്ടയാൾ ജസ്റ്റിസ് വി ഷേർസിയുടെ കാറിന് നേരെ കരി ഓയിൽ ഒഴിച്ചു പ്രതിക്ഷേധിച്ചതു . കോട്ടയംഎരുമേലി സ്വദേശി രഘുനാഥൻ നായരെ പൊലീസ് കസ്റ്റഡിയിലെടുത്തു. കൈയിൽ പ്ലക്കാർഡുമായി പ്രതിഷേധ മുദ്രാവാക്യവും വിളിച്ചാണ് ഇയാൾ ഹൈക്കോടതി ജഡ്ജിയുടെ വണ്ടി ആക്രമിച്ചത്. ഹൈക്കോടതിയുടെ പ്രവേശന കവാടത്തിൽ വച്ചായിരുന്നു സംഭവം. തുടർന്ന് ഹൈക്കോടതിയിലെ സുരക്ഷാ ജീവനക്കാർ ചേർന്ന് ആർ.രഘുനാഥനെ പിടികൂടി. ഇയാളെ എറണാകുളം സെൻട്രൽ പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി. ഇയാൾക്കൊപ്പം വേറേയും ചിലർ പ്രതിഷേധിക്കാനുണ്ടായിരുന്നുവെന്ന് വിവരം. ഹൈക്കോടതി രജിസ്ട്രാർ അടക്കം സംഭവസ്ഥലത്ത് എത്തി കാർ പരിശോധിക്കുകയാണ്.
2018 മാർച്ച് 22 നാണ് വെച്ചൂച്ചിറ കൊല്ലമുള കുന്നത്ത് ജെയിംസ് ജോസഫിന്റെ മകൾ ജെസ്ന മരിയയെ (20) കാണാതാകുന്നത്. കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കോളജിൽ രണ്ടാം വർഷ ബി കോം വിദ്യാർഥിയായിരുന്നു. കാണാതായ ദിവസം മുണ്ടക്കയം പുഞ്ചവയലിലുള്ള ബന്ധുവീട്ടിലേക്ക് എന്ന് പറഞ്ഞ് പോയ ജെസ്നയെ പിന്നീട് കണ്ടിട്ടില്ല. ആദ്യം ലോക്കൽ പൊലീസും പിന്നീട് ഐ ജിയുടെ നേതൃത്വത്തിലുള്ള സംഘവും അന്വേഷണം നടത്തി.
പിന്നീട് പ്രതിഷേധങ്ങളെ തുടർന്ന് ക്രൈംബ്രാഞ്ച് കേസ് ഏറ്റെടുത്തു. ബെംഗളൂരു, പൂനെ, ഗോവ, ചെന്നൈ എന്നിവിടങ്ങളിലെല്ലാം പൊലീസ് അന്വേഷണം നടത്തി. നാലായിരത്തിലധികം ഫോൺ കോളുകൾ പരിശോധനയ്ക്ക് വിധേയമാക്കി. എരുമേലി വരെ ജെസ്ന പോയതായി സി സി ടി വി ദൃശ്യങ്ങളിൽ തെളിഞ്ഞിരുന്നു. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിൽ പൊലീസ് വിവരശേഖരണപ്പെട്ടി സ്ഥാപിച്ചിരുന്നു. ജെസ്നയെക്കുറിച്ച് വിവരം നൽകുന്നവർക്ക് ഡി ജി പി 5 ലക്ഷം രൂപ പാരിതോഷികവും പ്രഖ്യാപിച്ചിരുന്നു.
ജസ്നയുമായി സൗഹൃദമുണ്ടായിരുന്ന സഹപാഠിയെ പല തവണ ചോദ്യം ചെയ്തെങ്കിലും തുമ്പൊന്നും ലഭിച്ചില്ല. പത്തനംതിട്ട പൊലീസ് മേധാവിയായ കെ ജി സൈമൺ വന്ന ശേഷം അന്വേഷണം വീണ്ടും ചൂടുപിടിക്കുകയും ജസ്നയെ സംബന്ധിച്ച നിർണായക വിവരങ്ങൾ കിട്ടിയതായും വാർത്ത വന്നു. ജസ്ന ജീവനോടെയുണ്ടെന്നും വാർത്തകളുണ്ടായി. എന്നാൽ ഇതേക്കുറിച്ച് എന്തെങ്കിലും വെളിപ്പെടുത്തലോ സ്ഥിരീകരണമോ തരാതെ ഡിസംബർ 31ന് കെ ജി സൈമൺ സർവീസിൽ നിന്ന് വിരമിക്കുകയും ചെയ്തു.