ജമ്മുവിൽ സൈനിക നീക്കം 8000 അര്‍ധസൈനികര്‍ കൂടി കശ്മീരിലേക്ക് താഴ്വര ഭീതിയിൽ
പുതിയ സംഭവവികാസങ്ങളുടെ അടിസ്ഥാനത്തില്‍ കശ്മീരില്‍ സംഘര്‍ഷം പൊട്ടിപ്പുറപ്പെടാന്‍ സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണു നീക്കം. ഇന്നു രാവിലെ തന്നെ താഴ്‌വരയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. മൊബൈല്‍, ലാന്‍ഡ് ഫോണ്‍, ഇന്റര്‍നെറ്റ് സൗകര്യങ്ങളും റദ്ദാക്കിയിരുന്നു.
ഡല്‍ഹി∙ ജമ്മു കശ്മീരിനു പ്രത്യേക പദവി നല്‍കുന്ന ഭരണഘടനയുടെ 370-ാം അനുഛേദം റദ്ദാക്കിയതിനു പിന്നാലെ കശ്മീരിലേക്കു കൂടുതല്‍ അര്‍ധസൈനികരെ അയച്ച് കേന്ദ്രസര്‍ക്കാര്‍.ഉത്തര്‍പ്രദേശ്, ഒഡീഷ, അസം എന്നിവിടങ്ങളില്‍നിന്ന് എണ്ണായിരത്തോളം അര്‍ധസൈനികരെയാണ് വിമാനത്തില്‍ അടിയന്തരമായി കശ്മീര്‍ താഴ്‌വരയിലേക്കു കൊണ്ടുപോയത്. ശ്രീനഗറില്‍നിന്നു സൈന്യത്തെ വിവിധ കേന്ദ്രങ്ങളിലേക്ക് അയച്ചുകൊണ്ടിരിക്കുകയാണ്.
പുതിയ സംഭവവികാസങ്ങളുടെ അടിസ്ഥാനത്തില്‍ കശ്മീരില്‍ സംഘര്‍ഷം പൊട്ടിപ്പുറപ്പെടാന്‍ സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണു നീക്കം. ഇന്നു രാവിലെ തന്നെ താഴ്‌വരയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. മൊബൈല്‍, ലാന്‍ഡ് ഫോണ്‍, ഇന്റര്‍നെറ്റ് സൗകര്യങ്ങളും റദ്ദാക്കിയിരുന്നു.
കഴിഞ്ഞയാഴ്ച ഏതാണ്ട് 35000 അര്‍ധസൈനികരെ താഴ്‌വരയില്‍ വിന്യസിച്ചിരുന്നു. കരസേനാ മേധാവി ബിപിന്‍ റാവത്ത് നേരിട്ട് ശ്രീനഗറിലെത്തിയാണ് സേനാ വിന്യാസത്തിനു ചുക്കാന്‍ പിടിച്ചത്. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ രണ്ടു ദിവസം കശ്മീരില്‍ തങ്ങി സ്ഥിതിഗതികള്‍ വിലയിരുത്തിയ ശേഷമാണ് കൂടുതല്‍ സൈന്യത്തെ അയയ്ക്കാന്‍ കേന്ദ്രം തീരുമാനമെടുത്തത്.
കാലാവസ്ഥ മോശമാണെന്ന കാരണം പറഞ്ഞ് അമര്‍നാഥ് യാത്ര മാറ്റിയിരുന്നു. എന്നാല്‍ കാലാവസ്ഥാവകുപ്പ് ഇത്തരത്തില്‍ മുന്നറിയിപ്പൊന്നും നല്‍കിയിട്ടില്ല. യാത്രയുടെ സുരക്ഷയ്ക്കായി എത്തിച്ച നാല്‍പതിനായിരത്തോളം അര്‍ധസൈനികരെ മറ്റു ക്രമസമാധാന ചുമതല ഏല്‍പ്പിക്കുന്നതായും റിപ്പോര്‍ട്ടുണ്ട്. ഏതു സാഹചര്യവും നേരിടാന്‍ തയാറായിരിക്കാനാണ് സേനയ്ക്കു ലഭിച്ചിരിക്കുന്ന നിര്‍ദേശം.