കശ്മീര്‍ വിഭജനം: രാജ്യസഭയിൽ ഭരണഘടന വലിച്ചു കീറി പിഡിപി, കറുത്ത ദിനമെന്ന് മെഹ്ബൂബ

വലിയ സൈനിക വിന്യാസത്തിനൊടുവിൽ കശ്മീരിലെ സുരക്ഷാസന്നാഹങ്ങൾ ഉറപ്പാക്കിയ ശേഷമാണ് തീരുമാനങ്ങൾ സര്‍ക്കാര്‍ നാടകീയമായി പ്രഖ്യാപിച്ചത്.

0

ദില്ലി: പ്രത്യേക പദവി റദ്ദാക്കി ജമ്മു കശ്മീരിനെ രണ്ടായി വിഭജിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തിനെതിരെ സഭയ്ക്ക് അകത്തും പുറത്തും അതിശക്തമായ പ്രതിഷേധമാണ് ഉയരുന്നത്. വലിയ പ്രതിഷേധങ്ങൾക്കിടെയായിരുന്നു കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ സര്‍ക്കാര്‍ തീരുമാനം രാജ്യസഭയിൽ പ്രഖ്യാപിച്ചത്. പ്രതിപക്ഷ അംഗങ്ങൾ ഒറ്റക്കെട്ടായി സഭയുടെ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു. ഇതിനിടെയാണ് പിഡിപി അംഗങ്ങൾ ഭരണഘടന വലിച്ചുകീറിയത്.

പിഡിപി രാജ്യസഭാംഗം അംഗം മിർഫയാസും, നസീർ അഹമ്മദും ഭരണഘടന വലിച്ചു കീറി പ്രതിഷേധിച്ചതോടെ ഇരുവരോടും സഭയ്കക്ക് പുറത്ത് പോകാൻ വെങ്കയ്യ നായിഡു നിര്‍ദ്ദേശിച്ചു

ഇന്ത്യയുടെ കറുത്ത ദിനം എന്നാണ് മെഹ്ബൂബ മുഫ്തി പ്രതികരിച്ചത്. ഭരണഘടനയുടെ 370 ആം അനുച്ഛേദം റദ്ദാക്കുന്ന തീരുമാനം ജനാധിപത്യ വിരുദ്ധമാണെന്നും കേന്ദ്ര സര്‍ക്കാര്‍ തീരുമാനം മഹാദുരന്തമാണെന്നും ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രിയും പിഡിപി നേതാവുമായ മെഹബൂബ മുഫ്തി തുറന്നടിച്ചു.

വലിയ സൈനിക വിന്യാസത്തിനൊടുവിൽ കശ്മീരിലെ സുരക്ഷാസന്നാഹങ്ങൾ ഉറപ്പാക്കിയ ശേഷമാണ് തീരുമാനങ്ങൾ സര്‍ക്കാര്‍ നാടകീയമായി പ്രഖ്യാപിച്ചത്. തീരുമാനം പ്രഖ്യാപിക്കുന്നതിന് മുമ്പ് എല്ലാ സംസ്ഥാനങ്ങൾക്കും കേന്ദ്ര ആഭ്യന്തര മന്ത്രാലയം ജാഗ്രത നിര്‍ദ്ദേശം നൽകുകയും ചെയ്തിരുന്നു. സംഘര്‍ഷങ്ങൾ ഉണ്ടാകാതിരിക്കാൻ മുൻകരുതലെടുക്കണമെന്നാണ് ആഭ്യന്തര മന്ത്രാലയത്തിന്‍റെ ജാഗ്രത നിര്‍ദ്ദേശത്തിൽ പറയുന്നത്.

ആഭ്യന്തര മന്ത്രി അമിത്ഷായാണ് ജമ്മുകശ്മീരിന്‍റെ പ്രത്യേക പദവി എടുത്ത് കളയുന്ന ബില്ല് രാജ്യസഭയിൽ അവതരിപ്പിച്ചത്. നിമിഷങ്ങൾക്കകം രാഷ്ട്രപതിയുടെ ഉത്തരവും പുറത്തിറങ്ങി. ജമ്മുവും കശ്മീരും നിയമസഭയുള്ള കേന്ദ്രഭരണ പ്രദേശവും ലഡാക്ക് നിയമസഭയില്ലാത്ത പ്രത്യേക കേന്ദ്ര ഭരണപ്രദേശവുമായി മാറ്റാനുമാണ് കേന്ദ്രസര്‍ക്കാര്‍ നീക്കം.

You might also like

-