അട്ടക്കുളങ്ങര വനിതാ ജയിലിൽ നിന്നും വനിതാ തടവുകാർ രക്ഷപ്പെട്ടത് പുറകുവശത്തെ മതിൽ ചാടി; ദൃശ്യങ്ങൾ പുറത്ത്

വർക്കല സ്വദേശിനി സന്ധ്യ, പാങ്ങോട് സ്വദേശിനി ശിൽപ്പ എന്നിവരാണ് ഇന്ന് വൈകീട്ടോടെ ജയിൽ ചാടിയത്.

0

തിരുവനന്തപുരം :അട്ടക്കുളങ്ങര വനിതാ ജയിലിൽ നിന്ന് രണ്ടു തടവുകാരികൾ രക്ഷപ്പെട്ടത് പുറകുവശത്തെ മതിൽ ചാടിയാണെന്ന് കണ്ടെത്തി. പ്രതികൾ രക്ഷപ്പെടുന്ന സിസിടിവി ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്. വർക്കല സ്വദേശിനി സന്ധ്യ, പാങ്ങോട് സ്വദേശിനി ശിൽപ്പ എന്നിവരാണ് ഇന്ന് വൈകീട്ടോടെ ജയിൽ ചാടിയത്. വൈകീട്ട് നാല് മണിക്ക് ശേഷമാണ് ഇവരെ കാണാതായത്. വിവരമറിഞ്ഞ് ജയിൽ ഡി.ജി.പി ഋഷിരാജ് സിങ് അടക്കമുള്ള ഉദ്യോഗസ്ഥർ ജയിലിലെത്തിയിരുന്നു. പ്രതികൾക്കായുള്ള തിരച്ചിൽ തുടരുകയാണ്.

വൈകിട്ട് നാല് മണിക്കാണ് ജയിലിൽ നിന്ന് രക്ഷപ്പെട്ട തടവുകാരെ ജയിൽ ജീവനക്കാരും, സഹതടവുകാരും അവസാനമായി കണ്ടത്. പിന്നീട് പ്രതികളെ ലോക്കപ്പ് ചെയ്യുമ്പോൾ രണ്ട് തടവുകാരുടെ കുറവുണ്ടെന്ന് കണ്ടെത്തി. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് രക്ഷപ്പെട്ടത് സന്ധ്യയും ശിൽപ്പയുമാണെന്ന് കണ്ടെത്തിയത്. സംഭവം അറിഞ്ഞയുടൻ ജയിൽ ഡിജിപി ഋഷിരാജ് സിങ് അടക്കമുള്ള ഉദ്യോഗസ്ഥർ ജയിലിലെത്തി പരിശോധന നടത്തി.

ജയിലിനുള്ളിലെ അഴുക്കു ചാലുകളിൽ ഒളിച്ചിരിക്കാനുള്ള സാധ്യത മുൻനിർത്തി ഇവിടെയടക്കം പരിശോധന നടത്തിയിരുന്നു. പിന്നീട് ജയിലിന്റെ മതിലിന് പുറത്തെ സിസിടിവി ക്യാമറയിൽ നിന്നുമാണ് ഇരുവരും ഓടി രക്ഷപ്പെടുന്ന ദൃശ്യങ്ങൾ ലഭിച്ചത്. രക്ഷപ്പെട്ടവർക്കായി ഡോഗ് സ്‌ക്വാഡ് അടക്കമുള്ള സംവിധാനങ്ങൾ ഉപയോഗിച്ചാണ് പരിശോധന നടക്കുന്നത്. സന്ധ്യ മോഷണക്കേസിലെ പ്രതിയും, ശിൽപ്പ ചെക്ക് തട്ടിപ്പ് കേസിലെ പ്രതിയുമാണ്.

You might also like

-