യാത്രക്കാരെ മർദിച്ച സംഭവത്തിൽ കല്ലട ബസിന്റെ പെർമിറ്റ് റദ്ദാക്കി

തൃശൂർ ആർടിഎ സമിതിയുടേതാണ് നടപടി. 17 പരാതികൾ ബസ്സിനെതിരെ ഉണ്ടായിരുന്നുവെന്ന് സമിതി കണ്ടെത്തി. നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് പെർമിറ്റ് റദ്ദാക്കിയിരിക്കുന്നത്

0

തൃശൂർ : യാത്രക്കാരെ മർദിച്ച സംഭവത്തിൽ കല്ലട ബസ്സിന്റെ പെർമിറ്റ് ഒരു വർഷത്തേക്ക് റദ്ദാക്കി. തൃശൂർ ആർടിഎ സമിതിയുടേതാണ് നടപടി. 17 പരാതികൾ ബസ്സിനെതിരെ ഉണ്ടായിരുന്നുവെന്ന് സമിതി കണ്ടെത്തി. നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് പെർമിറ്റ് റദ്ദാക്കിയിരിക്കുന്നത്. ബസ്സിന്റെ പെർമിറ്റ് ഇരിങ്ങാലക്കുട ജോയിന്റ് ആർടിഒക്ക് മുമ്പാകെ ഹാജരാക്കണമെന്നും നിർദേശം നൽകിയിട്ടുണ്ട്.

ഏപ്രിൽ 21നാണ് കല്ലട ബസ്സിൽ യാത്രക്കാർക്ക് മർദനമേറ്റത്. ബസ് കേടു വന്നതിനെ തുടർന്ന് പകരം ബസ് ഏർപ്പെടുത്തണമെന്ന് യാത്രക്കാർ ആവശ്യപ്പെട്ടതിനായിരുന്നു മർദനം. ഇതിനു പിന്നാലെ എറണാകുളം മരട് പൊലീസ്‌ സ്‌റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിന്റെ അടിസ്ഥാനത്തിലാണ് കെ.എൽ 45 H 6132 ബസിന്റെ പെർമിറ്റ് ഒരു വർഷത്തേയ്ക്ക് സസ്പൻഡ് ചെയ്യാൻ ആർടിഎ സമിതി യോഗം തീരുമാനിച്ചത്.

തൃശൂരിൽ നടന്ന യോഗത്തിൽ കല്ലട മാനേജ്മെന്റിന് പറയാനുള്ളതും ആർടിഎ സമിതി കേട്ടിരുന്നു. ബസ്സിലുണ്ടായത് ഒറ്റപ്പെട്ട സംഭവമാണെന്നും ഉത്തരവാദികളായ ജീവനക്കാരെ പുറത്താക്കിയെന്നും മാനേജ്‌മെന്റ് യോഗത്തെ അറിയിച്ചു. നിയമവശങ്ങൾ കൂടി പരിശോധിച്ച ശേഷമാണ് സമിതി അന്തിമ തീരുമാനമെടുത്തിരിക്കുന്നത്. യാത്രക്കാരെ മർദിച്ച സംഭവത്തെ തുടർന്ന് കല്ലട ബസ്സുകൾക്കെതിരെ വ്യാപക പ്രതിഷേധമാണ് സംസ്ഥാനത്തുണ്ടായത്. എന്നാൽ ഇത്രയേറെ ആരോപണങ്ങൾ ഉയർന്നിട്ടും ബസ്സിന്റെ പെർമിറ്റ് റദ്ദാക്കാൻ അധികൃതർ തയ്യാറാകാതിരുന്നതും വിമർശനത്തിന് ഇടയാക്കിയിരുന്നു.

You might also like

-