ആന്ധ്ര പ്രദേശ് മുഖ്യമന്ത്രിയായി ജഗൻ മോഹൻ റെഡ്ഡി ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും
. ഉച്ചക്ക് 12.23ന് വിജയവാഡയിലെ ഇന്ദിരാ ഗാന്ധി സ്റ്റേഡിയത്തിൽ നടക്കുന്ന ചടങ്ങിൽ ഗവർണർ ഇഎസ്എൽ നരസിംഹൻ സത്യവാചകം ചൊല്ലിക്കൊടുക്കും.
വിജയവാഡ: ആന്ധ്ര പ്രദേശ് മുഖ്യമന്ത്രിയായി വൈഎസ്ആർ കോൺഗ്രസ് അധ്യക്ഷൻ ജഗൻ മോഹൻ റെഡ്ഡി ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. ഉച്ചക്ക് 12.23ന് വിജയവാഡയിലെ ഇന്ദിരാ ഗാന്ധി സ്റ്റേഡിയത്തിൽ നടക്കുന്ന ചടങ്ങിൽ ഗവർണർ ഇഎസ്എൽ നരസിംഹൻ സത്യവാചകം ചൊല്ലിക്കൊടുക്കും. ജഗൻ മോഹൻ റെഡ്ഡി മാത്രമാവും ഇന്ന് സത്യപ്രതിജ്ഞ ചെയ്യുക. ജൂൺ ഏഴിന് മന്ത്രിസഭാ രൂപീകരണം നടക്കുമെന്നാണ് റിപ്പോർട്ട്.
തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര റാവു, ഡി എം കെ അധ്യക്ഷൻ എം കെ സ്റ്റാലിൻ എന്നിവർ സത്യപ്രതിജ്ഞാ ചടങ്ങിൽ സംബന്ധിക്കും. ജഗൻ നേരിട്ട് ക്ഷണിച്ചിട്ടുണ്ടെങ്കിലും ടിഡിപി അധ്യക്ഷനും ആന്ധ്രപ്രദേശ് മുൻ മുഖ്യമന്ത്രിയുമായ ചന്ദ്രബാബു നായിഡു സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുക്കില്ല. അധികാരമേറ്റ ശേഷം സുപ്രധാന പ്രഖ്യാപനങ്ങൾ ജഗൻ നടത്തുമെന്നാണ് സൂചന. ഇന്നലെ തിരുമല ക്ഷേത്രത്തിലും അച്ഛനും മുൻ മുഖ്യമന്ത്രിയുമായ വൈഎസ് രാജശേഖര റെഡ്ഡിയുടെ സമാധി സ്ഥലമായ ഇദുപുലപ്പയിലും ജഗൻ സന്ദർശനം നടത്തിയിരുന്നു