*ആധുനിക കേബിള്‍ കാര്‍ സംവിധാനവും അഡ്വഞ്ചര്‍ പാര്‍ക്കും *ലോകത്തെ ഏറ്റവും വലിയ പക്ഷി ശില്‍പം *ഹെലികോപ്റ്റര്‍ ലോക്കല്‍ ഫ്‌ളൈയിംഗ് സര്‍വീസ്
കൊല്ലം :ചടയമംഗലത്തെ ജടായു എര്‍ത്ത് സെന്ററിന്റെ രണ്ടാം ഘട്ട ഉദ്ഘാടനം ജൂലൈ നാലിന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കുമെന്ന് ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഇതോടെ അന്താരാഷ്ട്ര നിലവാരത്തിലുള്ള പുതിയ ടൂറിസം കേന്ദ്രമെന്ന കേരളത്തിന്റെ സ്വപ്‌നമാണ് യാഥാര്‍ത്ഥ്യമാകുന്നത്.
ലോകത്തെ ഏറ്റവും വലിയ പക്ഷിശില്‍പമാണ് സമര്‍പ്പിക്കപ്പെടുന്നത്. പൂര്‍ണമായി സ്വിറ്റ്‌സര്‍ലാന്റില്‍ നിര്‍മ്മിച്ച ആധുനിക കേബിള്‍ കാര്‍ സംവിധാനവും അഡ്വഞ്ചര്‍ പാര്‍ക്കും ഇവിടെ ഒരുക്കിയിട്ടുണ്ട്. ആയിരം അടി ഉയരത്തില്‍ കേബിള്‍ കാറില്‍ സഞ്ചരിക്കുന്നത് ടൂറിസ്റ്റുകള്‍ക്ക് വിസ്മയകരമായ അനുഭവം പകരും. ഹെലികോപ്റ്റര്‍ ലോക്കല്‍ ഫ്‌ളൈയിംഗ് സര്‍വീസാണ് മറ്റൊരു ആകര്‍ഷണം. ഇതിന് സിവില്‍ ഏവിയേഷന്‍ അനുമതി ലഭിച്ചിട്ടുണ്ട്. രണ്ട് ഹെലികോപ്ടറുകള്‍ക്കുള്ള ഹെലിപ്പാടും അനുബന്ധ സൗകര്യങ്ങളും സജ്ജീകരിച്ചിട്ടുണ്ട്. 65 ഏക്കര്‍ വിസ്തൃതിയിലുള്ള ജടായു എര്‍ത്ത് സെന്റര്‍ സംസ്ഥാനത്തെ ടൂറിസം രംഗത്തെ ആദ്യ ബി. ഒ. ടി സംരംഭമാണ്. ലോകോത്തര നിലവാരത്തിലുള്ള സാഹസിക വിനോദങ്ങളും പാറക്കെട്ടുകളുടെ സ്വാഭാവികതയും ലോകമെങ്ങുമുള്ള സാഹസിക വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുന്നതാണ്. സാംസ്‌കാരിക ടൂറിസത്തിന് ഊന്നല്‍ നല്‍കുന്ന കലാവിരുന്നുകളും ജടായു ശില്‍പത്തിന് സമീപം ഒരുക്കും. 65 ഏക്കര്‍ സ്ഥലവും അടിസ്ഥാന സൗകര്യവും സര്‍ക്കാര്‍ ഒരുക്കുമ്പോള്‍ 100 കോടി രൂപയാണ് സ്വകാര്യ സംരംഭകരുടെ മുതല്‍ മുടക്ക്. രാജീവ് അഞ്ചലിന് പുറമെ 150 ഓളം വിദേശ മലയാളികളാണ് പദ്ധതിയുടെ ഭാഗമാവുന്നത്.
കേബിള്‍ കാര്‍ യാത്രയ്ക്ക് 250 രൂപയും പ്രവേശന ഫീസായി 150 രൂപയും ഉള്‍പ്പെടെ 400 രൂപയാണ് ഒരാള്‍ക്ക് ഫീസ്. ഇത് നിശ്ചിത കാലയളവിലേക്കാണ്. അഡ്വഞ്ചര്‍ പാര്‍ക്കില്‍ നൂതന സാഹസിക വിനോദങ്ങളും ഭക്ഷണവും ഉള്‍പ്പെടെയുള്ള പാക്കേജിന് 2500 രൂപയാണ്. ജടായു ശില്‍പത്തിനുള്ളില്‍ മ്യൂസിയവും 6 ഡി തിയേറ്ററും നവംബറില്‍ ആരംഭിക്കുന്ന മൂന്നാം ഘട്ടത്തില്‍ സജ്ജമാവും. പാറക്കെട്ടുകള്‍ക്കിടയിലെ ഗുഹാസങ്കേതത്തില്‍ ഒരുക്കുന്ന ആയുര്‍വേദ സിദ്ധ ചികിത്‌സയും മൂന്നാം ഘട്ടത്തില്‍ ആരംഭിക്കും. ടൂറിസം സെക്രട്ടറി റാണി ജോര്‍ജ്, ഡയറക്ടര്‍ പി. ബാലകിരണ്‍, രാജീവ് അഞ്ചല്‍, പ്രമോദ് എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.