വര്‍ഗീയതക്കെതിരായുളള പോരാട്ടം വട്ടവടയില്‍ നിന്ന് ആരംഭിക്കുo മന്ത്രി മേഴ്‌സിക്കുട്ടിയമ്മ

അഭിമന്യുവിന്റെ സ്മരണയ്ക്കായി വിദ്യാഭ്യാസത്തിന് ഊന്നല്‍ നല്കിയുളള വികസനപ്രവര്‍ത്തനങ്ങള്‍ വട്ടവടയില്‍ നടപ്പാക്കുകയാണ് ലക്ഷ്യം

0
  വട്ടവട :  ഫിഷറീസ് വകുപ്പ് മന്ത്രി ജെ.മേഴ്‌സിക്കുട്ടിയമ്മ കൊല്ലപ്പെട്ട  മഹാരാജാസ് കോളേജ് വിദ്യാര്‍ത്ഥി അഭിമന്യുവിന്റെ കൊട്ടക്കാമ്പൂരിലുളള വീട് സന്ദര്‍ശിച്ച് കുടുംബാംഗങ്ങളെ അനുശോചനം അറിയിച്ചു. അഭിമന്യുവിന്റെ കൊലപാതകത്തിലുള്‍പ്പെട്ട മുഴുവന്‍കുറ്റവാളികളെയും നിയമത്തിന് മുന്നില്‍ കൊണ്ടുവരും. കേരളത്തില്‍ വര്‍ഗീയതക്കെതിരായുളള പോരാട്ടം വട്ടവടയില്‍ നിന്ന് ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു. അഭിമന്യുവിന്റെ സ്മരണയ്ക്കായി വിദ്യാഭ്യാസത്തിന് ഊന്നല്‍ നല്കിയുളള വികസനപ്രവര്‍ത്തനങ്ങള്‍ വട്ടവടയില്‍ നടപ്പാക്കുകയാണ് ലക്ഷ്യം. സര്‍ക്കാരുമായി ആലോചിച്ച് പ്രദേശത്തെ അഭ്യസ്തവിദ്യരായ ചെറുപ്പക്കാരെ വിവിധതലങ്ങളിലുളള ജോലികള്‍ക്ക് പ്രാപ്തരാക്കുന്നതിന് പി.എസ്.സി കോച്ചിംഗ് സെന്ററും സ്‌കില്‍ ഡെവലപ്പ്‌മെന്റ് പ്രോഗ്രാമുകളും നടപ്പാക്കും. പ്രദേശത്ത് ഉപരിപഠനത്തിന് ആവശ്യമായ സൗകര്യങ്ങളും ഒരുക്കുന്നതിന് നടപടികള്‍ ആലോചിക്കും.
     എസ്.എസ്.എല്‍.സി, ഹയര്‍സെക്കന്‍ണ്ടറി തലങ്ങളില്‍ പഠനം പൂര്‍ത്തിയാക്കിയ 710 യുവജനങ്ങള്‍ വട്ടവട പഞ്ചായത്തിലുണ്ടെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.രാമരാജ് മന്ത്രിയുടെ ശ്രദ്ധയില്‍പെടുത്തി. അവരുടെ സമഗ്രവികസനത്തിനും തൊഴില്‍നൈപുണ്യ പരിശീലനത്തിനുമായി പ്രത്യേക പദ്ധതികളും സര്‍ക്കാര്‍ ആവിഷ്‌കരിക്കുമെന്നും മന്ത്രി പറഞ്ഞു. 
     അഭിമന്യുവിന്റെ സ്മരണയ്ക്കായി വട്ടവടയില്‍ പഞ്ചായത്ത് കെട്ടിടത്തില്‍ ആരംഭിക്കുന്ന നിര്‍ദ്ദിഷ്ട ലൈബ്രറിയ്ക്കായിളള ഒരുക്കങ്ങളും മന്ത്രി വീക്ഷിച്ചു. ലൈബ്രറിയ്ക്കായി കേരളത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്നും നിരവധിയാളുകളും സംഘടനകളും ഇതിനോടകം ഇവിടെയെത്തിച്ച പുസ്തകങ്ങളും മന്ത്രി പരിശോധിച്ചു. ഒരു മാസത്തിനകം ലൈബ്രറി സജ്ജമാക്കാന്‍ കഴിയുമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.
You might also like

-