ആഡംബര കപ്പലിലെ ലഹരിപാർട്ടി എൻസിബി സോണൽ ഡയറക്ടർ സമീർ വാങ്കഡെക്കെതിരെ അന്വേഷണം
ആര്യൻഖാൻ കേസിൽഎൻസിബിയ്ക്കെതിരെ സാക്ഷി നടത്തിയ വെളിപ്പെടുത്തലിൽ എൻസിബി വിജിലൻസ് യൂണിറ്റ് അന്വേഷണം നടത്തും. സോണൽ ഡയറക്ടർ സമീർ വാങ്കഡെയുടെ മൊഴിയും അന്വേഷണ സംഘം രേഖപ്പെടുത്തുമെന്നാണ് സൂചന.
മുംബൈ: ആര്യൻഖാൻ കേസിൽഎൻസിബിയ്ക്കെതിരെ സാക്ഷി നടത്തിയ വെളിപ്പെടുത്തലിൽ എൻസിബി വിജിലൻസ് യൂണിറ്റ് അന്വേഷണം നടത്തും. സോണൽ ഡയറക്ടർ സമീർ വാങ്കഡെയുടെ മൊഴിയും അന്വേഷണ സംഘം രേഖപ്പെടുത്തുമെന്നാണ് സൂചന. ആരോപണങ്ങളുടെ പേരിൽ തനിക്കെതിരെ നിയമനടപടി സ്വീകരിക്കരുതെന്ന് സമീർ വാങ്കഡെ മുംബൈ പൊലീസ് കമ്മീഷണർക്ക് കത്ത് നൽകി.അറസ്റ്റിലായ ആര്യൻ ഖാനെ വിട്ടയക്കാൻ ഷാരൂഖ് ഖാന്റെ പക്കൽ നിന്നും കോടികൾ ആവശ്യപ്പെട്ടെന്ന ആരോപണം അദ്ദേഹം തള്ളി
എൻസിബിയെ വൻ പ്രതിരോധത്തിലാക്കി സാക്ഷികളിലൊരാളായ പ്രഭാകർ സെയിലിന്റെ വെളിപ്പെടുത്തൽ. പ്രഭാകർ പറയുന്നത് ശരിയെങ്കിൽ എൻസിബി നിരവതി ചോദ്യങ്ങൾക്ക് മറുപടി പറയേണ്ടി വരും . റെയ്ഡ് സമയം ഒപ്പമില്ലാതിരുന്നയാളെ എന്തിന് സാക്ഷിയാ? എന്തിന് ഒന്നുമെഴുതാത്ത രേഖകളിൽ നിർബന്ധിച്ച് ഒപ്പ് ചെയ്യിച്ചു? വെറുമൊരു സാക്ഷിയെന്ന് എൻസിബി വിശേഷിപ്പിക്കുന്ന കിരൺ ഗോസാവിക്ക് എൻസിബി ഓഫീസിൽ ആരാണ് ഇത്രയും സ്വാതന്ത്ര്യം നൽകിയത്. ? കസ്റ്റഡിയിലുള്ള ആര്യൻഖാനെകൊണ്ട് ആരെയൊക്കെയാണ് ഈ ഗോസാവി ഫോണിൽ സംസാരിപ്പിച്ചത്. ? ഷാരൂഖിനെ ഭീഷണിപ്പെടുത്തി തട്ടുന്ന പണത്തിൽ 8 കോടി സമീറിന് നൽകാനുള്ളതെന്ന് ഗോസാവി പറയുന്നത് കേട്ടതായി പ്രഭാകർ പറയുന്നു. വിവാദങ്ങളിൽ നിറയുന്ന ഗോസാവി ഇപ്പോൾ എവിടെയാണ്? ഇത്തരം ചോദ്യങ്ങൾക്ക് എൻ സി ബി മറുപടി പറയേണി വരും
ആരോപണങ്ങൾ സമീർ വാങ്കഡെ നിഷേധിക്കുന്നുണ്ടെങ്കിലും എൻസിബി സോണൽ ഡെപ്യൂട്ടി ഡയറക്ടർ ജനറൽ അശോക് ജെയ്ൻ വിജിലൻസിന് വിവരങ്ങൾ കൈമാറി. എൻസിബി വിജിലൻസ് തലവൻ ഗ്യാനേശ്വർ സിംഗിന്റെ നേതൃത്വത്തിൽ അന്വേഷണം നടക്കുമെന്നാണ് വിവരം. എൻസിബിയ്ക്കെതിരെ ഇടഞ്ഞ് നിൽക്കുന്ന മഹാരാഷ്ട്രാ സർക്കാറിന്റെ പൊലീസ് പരാതികിട്ടിയാൽ കേസെടുക്കാനും സാധ്യതയുണ്ട്. ഈ സാഹചര്യത്തിലാണ് നിയമനടപടി തടയാൻ സമീർ വാങ്കഡെ തന്നെ മുംബൈ പൊലീസ് കമ്മീഷണറെ സമീപിച്ചത്. ബോളിവുഡ് സംവിധായകൻ ഹൻസാൽ മെഹ്ത അടക്കമുള്ളവർ സമീറിന്റെ രാജി ആവശ്യം ഉയർത്തിക്കഴിഞ്ഞു.ആര്യൻ ഖാനെ കേസിൽ നിന്നും ഒഴിവാക്കാൻ 25 കോടി രൂപ സമീർ വാങ്കഡെ ആവശ്യപ്പെട്ടുവെന്നാണ് പ്രഭാകർ സയിൽ വെളിപ്പെടുത്തിയത്. ആര്യൻ ഖാന്റെ അറസ്റ്റിൽ കേസിലെ മറ്റൊരു സാക്ഷിയായ ഗോസാവിക്കും പങ്കുണ്ട്. ആര്യന്റെ അറസ്റ്റുമായി ബന്ധപ്പെട്ട് 18 കോടിയുടെ പണമിടപാട് നടന്നിട്ടുണ്ടെന്നും പ്രഭാകർ പറഞ്ഞിരുന്നു