ഇന്ത്യ ചൈന മന്ത്രിതല കൂടിക്കാഴ മോസ്കോയിൽ നടക്കുമെന്ന് ചൈനീസ് മാധ്യമങ്ങൾ, നിക്ഷേധിച്ച് ഇന്ത്യ
ടങ്ങില്‍ ഇരു നേതാക്കളും പങ്കെടുക്കുന്നുണ്ടെങ്കിലും ഔദ്യോഗികമായ കൂടിക്കാഴ്ച ഇതുവരെ നിശ്ചയിട്ടില്ലെന്നാണ് പ്രതിരോധ മന്ത്രാലയ വൃത്തങ്ങള്‍ നല്‍കുന്ന വിശദീകരണം.
നാസി ജര്‍മ്മനിക്കുമേല്‍ റഷ്യ നേടിയ സൈനിക വിജയത്തിന്റെ 75ാം വാര്‍ഷികം ആഘോഷിക്കുന്ന ചടങ്ങില്‍ കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗും ചൈനയുടെ പ്രതിരോധ മന്ത്രി വേ ഫെംഗിയും കൂടിക്കാഴ്ച നടത്തുമെന്ന റിപ്പോര്‍ട്ടുകളെ നിഷേധിച്ച് ഇന്ത്യ. ഇരു നേതാക്കളും പങ്കെടുക്കുന്നുണ്ടെങ്കിലും ഔദ്യോഗികമായ കൂടിക്കാഴ്ച ഇതുവരെ നിശ്ചയിട്ടില്ലെന്നാണ് പ്രതിരോധ മന്ത്രാലയ വൃത്തങ്ങള്‍ നല്‍കുന്ന വിശദീകരണം. അതേസമയം ചൈനയുടെ ഔദ്യോഗിക മാധ്യമങ്ങള്‍ അവകാശപ്പെടുന്നത് കൂടിക്കാഴ്ച നടക്കുമെന്നാണ്.
മോസ്‌കോയിലെ വിജയാഹ്ലാദ സൈനിക പരേഡില്‍ പങ്കെടുക്കുന്നതിന് ഇന്ത്യയില്‍ നിന്നുള്ള 75 പേരുള്‍പ്പടെ ചൈനയടക്കം 11 രാജ്യങ്ങളില്‍ നിന്നുള്ള സൈനികരും റഷ്യയില്‍ എത്തിയിട്ടുണ്ട്. ഇരു മന്ത്രിമാരും ആഘോഷ ചടങ്ങിനിടെ കാണുന്നുണ്ടെന്നാണ് ദേശീയ അന്തര്‍ ദേശീയ മാധ്യമങ്ങള്‍ ചൈനീസ് വൃത്തങ്ങളെ ഉദ്ധരിച്ച് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇന്ത്യാ ചൈനാ അതിര്‍ത്തിയിലെ സംഘര്‍ഷത്തില്‍ അയവു വരുന്നുണ്ടെങ്കിലും ഇത്തരമൊരു ചര്‍ച്ച നിശ്ചയിച്ചിട്ടില്ലെന്നാണ് ഇന്ത്യയുടെ നിഷേധം.
അതേസമയം ഇരു രാജ്യങ്ങളുടെയും വിദേശകാര്യ മന്ത്രിമാര്‍ ജൂണ്‍ 17ന് ഫോണില്‍ ബന്ധപ്പെടുകയും റഷ്യ വിളിച്ചു ചേര്‍ത്ത ഗ്രൂപ്പുതല യോഗത്തില്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ പങ്കെടുക്കുകയും ചെയ്തിരുന്നു. സംഘര്‍ഷം ലഘൂകരിക്കുന്നതിന് അതിര്‍ത്തിയില്‍ സൈനിക മേധാവികളുടെ ചര്‍ച്ചകളും നടന്നു.
അതേസമയം ജൂണ്‍ 15ലെ സംഭവത്തിനു ശേഷം ഇരു രാജ്യങ്ങളിലെയും മുതിര്‍ന്ന രാഷ്ട്രീയ നേതാക്കള്‍ മൂന്നാമതൊരു രാജ്യത്ത് മുഖാമുഖം ചര്‍ച്ച നടത്തുന്നത് രാഷ്ട്രീയമായി ദോഷം ചെയ്യുമെന്ന വിലയിരുത്തലിലാണ് കേന്ദ്രം. രാജ്‌നാഥും ഫെംഗിയും കാണുമെങ്കില്‍ കൂടിയും തികച്ചും അനൗപചാരികമായ ചര്‍ച്ചകളാവും നടക്കുകയെന്നാണ് സൂചന.