നവകേരള സദസില്‍ മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും യാത്ര ചെയ്യാനായുള്ള ആ‍ഢംബര നിയമത്തിൽ ഇളവുകൾ വരുത്തി വിജ്ഞാപനം ഇറക്കി

ബെംഗളൂരുവിലെ ലാല്‍ബാഗിലെ ബസ് ബോഡി നിര്‍മിക്കുന്ന സ്വകാര്യ കമ്പനിയുടെ ഓഫീസില്‍നിന്ന് ഇന്ന് വൈകിട്ട് 6.30ഓടെയാണ് ബസ് കേരളത്തിലേക്ക് പുറപ്പെട്ടത്. നാളെ നവകേരള സദസ്സ് ആരംഭിക്കുന്ന കാസര്‍കോടേക്കാണ് ബസ് എത്തിക്കുക

0

തിരുവനന്തപുരം| നവകേരള സദസില്‍ മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും യാത്ര ചെയ്യാനായുള്ള ആ‍ഢംബര ബസ്സിനായി ഇളവുകള്‍ വരുത്തികൊണ്ട് സര്‍ക്കാര്‍ വിജ്ഞാപനം ഇറക്കി .കോണ്‍ട്രാക്ട് ക്യാരേജ് ബസുകള്‍ക്കായുള്ള നിയമത്തില്‍ ഭേദഗതി വരുത്തികൊണ്ട് സര്‍ക്കാര്‍ ഉത്തരവിറക്കിയത്. ബെംഗളൂരുവില്‍ ബോഡി നിർമ്മാണം പൂർത്തിയാക്കിയ ബസ്സ് ഇന്ന് വൈകിട്ടോടെയാണ് നവകേരള സദസ്സ് ആരംഭിക്കുന്ന കാസര്‍കോടേക്ക് പുറപ്പെട്ടിട്ടുള്ളത് . നവകേരള ബസ്സിനുള്ള ആഡംബര ബസ്സിന്‍റെ മുന്‍നിരയിലെ സീറ്റിന് 180 ഡിഗ്രി കറങ്ങാനുള്ള അനുമതിയും വിജ്ഞാപനത്തില്‍ നല്‍കിയിട്ടുണ്ട്. ഈ ബസ്സിനുവേണ്ടി മാത്രമായി കോൺട്രാക്ട് ക്യാരേജ് വാഹനങ്ങൾക്ക് നൽകിയിരിക്കുന്ന കളർ കോഡിനും ഇളവ് വരുത്തിയിട്ടുണ്ട്.
ബസ്സ്‌ നിര്‍ത്തിയിടുമ്പോൾ പുറത്തുനിന്നും വൈദ്യുതി ജനറേറ്റര്‍ വഴിയോ ഇന്‍വെട്ടര്‍ വഴിയോ വൈദ്യുതി എടുക്കുന്നതിനും അനുമതിയുണ്ട്. നവകേരള സദസ്സിനുവേണ്ടിയിറക്കിയ ആഢംബര ബസ്സിന് മാത്രമായിരിക്കും ഇളവുകള്‍ ബാധകമായിരിക്കുക.

കെഎസ്ആര്‍ടി.സി എംഡിയുടെ ശുപാര്‍ശയിലാണ് സര്‍ക്കാര്‍ വിജ്ഞാപനമിറക്കിയത്. കോണ്‍ട്രാക്ട് ക്യാരേജ് വാഹനങ്ങള്‍ക്ക് വെള്ള നിറം വേണമെന്നാണ് സര്‍ക്കാര്‍ ഉത്തരവ്. എന്നാല്‍, ഇതിലും നവകേരള ബസിന് ഇളവ് നല്‍കിയിട്ടുണ്ട്. കറുപ്പു നിറമാണ് ബസ്സിന് നല്‍കിയിരിക്കുന്നത്. വിവിഐപികള്‍ക്കുള്ള ബസ്സിനും ടൂറിസം ആവശ്യത്തിനുമാണ് ഇളവന്നാണ് ഉത്തരവില്‍ പറയുന്നത്. 12 മീറ്റര്‍ വാഹനത്തിനാണ് ഇളവ്. സര്‍ക്കാര്‍ ആവശ്യപ്പെടുമ്പോള്‍ വാഹനം വില്‍ക്കണമെന്നും സര്‍ക്കാര്‍ വിജ്ഞാപനത്തിലുണ്ട്. കളര്‍കോഡിന്‍റെയും മറ്റു മോഡിഫിക്കേഷന്‍റെയും പേരില്‍ കേരളത്തിലെ ടൂറിസ്റ്റ് ബസ്സുകള്‍ക്കെതിരെ നേരത്തെ കര്‍ശന നടപടിയെടുത്ത ഗതാഗത വകുപ്പാണിപ്പോള്‍ സര്‍ക്കാരിന്‍റെ നവകേരള സദസ്സിനായുള്ള ആഢംബര ബസ്സിനുവേണ്ടി പ്രത്യേക ഇളവ് നല്‍കിയിരിക്കുന്നത്.
ബെംഗളൂരുവിലെ ലാല്‍ബാഗിലെ ബസ് ബോഡി നിര്‍മിക്കുന്ന സ്വകാര്യ കമ്പനിയുടെ ഓഫീസില്‍നിന്ന് ഇന്ന് വൈകിട്ട് 6.30ഓടെയാണ് ബസ് കേരളത്തിലേക്ക് പുറപ്പെട്ടത്. നാളെ നവകേരള സദസ്സ് ആരംഭിക്കുന്ന കാസര്‍കോടേക്കാണ് ബസ് എത്തിക്കുക. ബസ് പുലര്‍ച്ചെ തന്നെ കാസര്‍കോട് എത്തും. ബെംഗളൂരുവിലെ എസ്.എം കണ്ണപ്പ ഓട്ടോമൊബൈല്‍സ് പ്രൈവറ്റ് ലിമിറ്റഡ് (പ്രകാശ്) ആണ് അത്യാധുനിക സൗകര്യങ്ങളുള്ള ബസിന്‍റെ ബോഡി നിര്‍മിച്ചത്. കറുപ്പു നിറത്തില്‍ ഗോള്‍ഡന്‍ വരകളോടെയുള്ള ഡിസൈനാണ് ബസ്സിന് നല്‍കിയിരിക്കുന്നത്. ബസിന് പുറത്ത് കേരളം ദൈവത്തിന്‍റെ സ്വന്തം നാട് എന്ന കേരള ടൂറിസത്തിന്‍റെ ടാഗ് ലൈനും ഇംഗ്ലീഷില്‍ നല്‍കിയിട്ടുണ്ട്.ബെന്‍സിന്‍റെ ഷാസിയാണ് ഉപയോഗിച്ചിരിക്കുന്നത്. 25 പേര്‍ക്ക് യാത്ര ചെയ്യാനാകുന്ന ഈ ബസിലായിരിക്കും മുഖ്യമന്ത്രിയും മന്ത്രിമാരും നവകേരള സദസ്സിന്‍റെ ഭാഗമായി വിവിധ ജില്ലകളിലേക്ക് സഞ്ചരിക്കുക.

ബയോ ടോയ്ലെറ്റ്, ഫ്രിഡ്ജ്, ഡ്രൈവർക്ക് അടുത്ത് മുഖ്യമന്ത്രിക്ക് ജനങ്ങളെ അഭിമുഖീകരിക്കാൻ സ്പോട് ലൈറ്റുള്ള സ്പെഷ്യൽ ഏരിയ തുടങ്ങിയവയാണ് ബസ്സിലുള്ളതെന്നാണ് വിവരം. ബസ് വാങ്ങാൻ കഴിഞ്ഞ ദിവസമാണ് ഒരു കോടി അഞ്ച് ലക്ഷം രൂപ അനുവദിച്ചത്. 1 കോടി അഞ്ച് ലക്ഷം ഷാസിക്ക് പുറത്തുള്ള തുകയാണെന്നും കേൾക്കുന്നു. ബെന്‍സിന്‍റെ ഷാസിക്ക് മാത്രം 35 ലക്ഷം വേറെ ഉണ്ടെന്നും വിവരമുണ്ട്. എസ് എം കണ്ണപ്പയുടെ മാണ്ഡ്യയിലെ ഫാക്ടറിയിലാണ് ബസിന്‍റെ ബോഡി നിര്‍മിച്ചിരിക്കുന്നത്.

അതേസമയം, ഒരു കോടി അഞ്ച് ലക്ഷം ചെലവിട്ട് ഇറക്കിയിരിക്കുന്നത് ആഢംബര ബസാണെന്നും ധൂർത്തിന്റെ ഒടുവിലത്തെ ഉദാഹരണമെന്നുമാണ് പ്രതിപക്ഷത്തിന്‍റെ ആക്ഷേപം. എന്നാല്‍, മന്ത്രിമാർ സ്വന്തം വാഹനങ്ങൾ വിട്ട് പ്രത്യേക ബസിൽ പോകുന്നത് വഴി ചെലവ് കുറയുമെന്നാണ് ഗതാഗതമന്ത്രി ആന്റണി രാജുവിന്റെ വാദം. മുഖ്യമന്ത്രിക്ക് പ്രത്യേക മുറിയും ഓരോ മന്ത്രിമാർക്കും പ്രത്യേകം സീറ്റുകളും ബസ്സിലുണ്ട്.

You might also like

-