കേരളത്തിൽ ജി എസ് ടി ക്ക് പുറമേ സെസ്സിന് ധാരണ
28 ശതമാനം നികുതി ഉണ്ടായിരുന്ന പല സാധനങ്ങളുടേയും സേവനങ്ങളുടേയും നികുതി 18 ലേക്ക് കുറയ്ക്കാൻ കൗൺസിൽ യോഗത്തിൽ തീരുമാനം ആയതായി ഐസക് പറഞ്ഞു. 35 - 45% നികുതിയാണ് ഇപ്പോൾ കുറച്ച ഉത്പന്നങ്ങൾക്ക് നേരത്തെ ഉണ്ടായിട്ടുള്ളത്.
ഡൽഹി : പ്രളയദുരന്തം നേരിടാൻ ജിഎസ്ടിക്ക് മേൽ സെസ് ചുമത്താൻ അനുവദിക്കണമെന്ന കേരളത്തിന്‍റെ ആവശ്യത്തിൽ ജിഎസ്ടി കൗൺസിലിൽ തത്വത്തിൽ ധാരണ ആയതായി ധനമന്ത്രി തോമസ് ഐസക് അറിയിച്ചു. എല്ലാ സംസ്ഥാനങ്ങളും ഇക്കാര്യത്തിൽ അഭിപ്രായം അറിയിക്കും. അടുത്ത യോഗത്തിൽ പ്രളയ സെസ് ഏർപ്പെടുത്തുന്നത് സംബന്ധിച്ച് തീരുമാനമുണ്ടാവുമെന്നും ധനമന്ത്രി പറഞ്ഞു. കേരളത്തിന് വായ്‌പ്പാ പരിധി ഉയർത്തണമെന്ന ആവശ്യത്തോട് മറ്റു ധനമന്ത്രിമാർ യോജിച്ചതായും അദ്ദേഹം പറഞ്ഞു.
28 ശതമാനം നികുതി ഉണ്ടായിരുന്ന പല സാധനങ്ങളുടേയും സേവനങ്ങളുടേയും നികുതി 18 ലേക്ക് കുറയ്ക്കാൻ കൗൺസിൽ യോഗത്തിൽ തീരുമാനം ആയതായി ഐസക് പറഞ്ഞു. 35 – 45% നികുതിയാണ് ഇപ്പോൾ കുറച്ച ഉത്പന്നങ്ങൾക്ക് നേരത്തെ ഉണ്ടായിട്ടുള്ളത്. എന്നാൽ എല്ലാ ഉൽപ്പന്നങ്ങളുടേയും നികുതി 18 ലേക്ക് മാറ്റുക സാധ്യമല്ല. 28 ശതമാനം ഒറ്റയടിക്ക് ഇല്ലാതാക്കാൻ ആകില്ലെന്ന് യോഗം സമ്മതിച്ചതായും ഐസക് പറഞ്ഞു.
ലോട്ടറി നികുതി 12 ശതമാനത്തിൽ നിന്നും 28 ശതമാനമാക്കാൻ ജിഎസ്ടി കൗൺസിൽ യോഗത്തിൽ ശുപാർശ ഉണ്ടായി. ഇത് കേരളത്തിന് തിരിച്ചടിയാകുമെന്ന് തോമസ് ഐസക് അഭിപ്രായപ്പെട്ടു. ഈ നീക്കം അംഗീകരിക്കാനാകില്ല.ലോട്ടറി മാഫിയയെ തിരികെ കൊണ്ടുവരാനുള്ള നീക്കത്തിൽ കേന്ദ്രം പങ്കാളിയാവുകയാണോ എന്ന് സംശയമുണ്ടെന്ന് ധനമന്ത്രി വിമർശിച്ചു. കൗൺസിൽ അജണ്ടയിൽ പോലും ഇല്ലാത്ത വിഷയത്തിൽ കൗൺസിൽ യോഗത്തിൽ ലഘുലേഖ വിതരണം ചെയ്തു. ഈ നീക്കം ആർക്കുവേണ്ടിയാണെന്ന് കേന്ദ്രം വ്യക്തമാക്കണമെന്നും തോമസ് ഐസക് പറഞ്ഞു