പാലായിലെ ട്രെൻഡ്ഇടതുപക്ഷത്തിന് അനുകൂലം; സഹതാപതരംഗം മാണി സി കാപ്പനോടാണെന്ന് വെള്ളാപ്പള്ളി
കഴിഞ്ഞ തെരഞ്ഞെടുപ്പുകളിൽ പരാജയപ്പെട്ട മാണി സി കാപ്പനോട് സഹതാപതരംഗമാണ് പാലാ മണ്ഡലത്തിലുള്ളത്.
ചേർത്തല: പാലായിൽ ഇപ്പോഴത്തെ ട്രെൻഡ് എൽ ഡി എഫിന് അനുകൂലമാണെന്ന് എസ് എൻ ഡി പി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ചേർത്തലയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു വെള്ളാപ്പള്ളി . കഴിഞ്ഞ തെരഞ്ഞെടുപ്പുകളിൽ പരാജയപ്പെട്ട മാണി സി കാപ്പനോട് സഹതാപതരംഗമാണ് പാലാ മണ്ഡലത്തിലുള്ളത്.
പാലാ ഉപതെരഞ്ഞെടുപ്പിൽ കേരള കോൺഗ്രസിന് കാര്യങ്ങൾ എളുപ്പമാകില്ലെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി. രണ്ടില ചിഹ്നം നിലനിര്‍ത്താനാകാത്ത പാര്‍ട്ടിക്ക് എങ്ങനെ തെരഞ്ഞെടുപ്പിനെ നേരിടാന്‍ കഴിയും. ജോസ് ടോമിന് ജനകീയ മുഖമില്ല. നിഷ ജോസ് കെ മാണിക്ക് ജോസ് ടോമിനെക്കാളും ജനപിന്തുണ ഉണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.എസ് എൻ ഡി പി യോഗത്തിന് പ്രത്യേക രാഷ്ട്രീയനിലപാട് ഇല്ല. പാലാ ഉപതെരഞ്ഞെടുപ്പിൽ പ്രത്യേകനിർദ്ദേശം നൽകിയിട്ടില്ലെന്നും വെള്ളാപ്പള്ളി നടേശൻ ആലപ്പുഴയിൽ പറഞ്ഞു. പക്ഷേ, സമുദായംഗങ്ങൾക്ക് ഇടയിൽ മാണി സി കാപ്പൻ അനുകൂല തരംഗമുണ്ടെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി.
എൽ ഡി എഫ് ഇതേ രീതിയിലാണ് മുന്നോട്ട് പോകുന്നതെങ്കിൽ ഉപതെരഞ്ഞെടുപ്പിൽ വിജയിക്കാൻ കഴിയും. നവോത്ഥാന നിലപാടുകളുമായി എസ് എൻ ഡി പി യോഗം മുന്നോട്ടുപോകുമെന്നും വെള്ളാപ്പള്ളി പറഞ്ഞു