കോടതി ഉത്തരവ് നടപ്പാക്കുന്നു ,കണ്ടക്ടര്‍ തസ്തികയിലേക്ക് പിഎസ്‍സി അഡ്വൈസ് മെമ്മോ ലഭിച്ച ഉദ്യോഗാര്‍ത്ഥികള്‍ക്ക് നിയമനം

ഹൈക്കോടതി നിര്‍ദ്ദേശപ്രകാരം ഉടന്‍ നിയമനം നല്‍കാനാണിത്. 4051 ഉദ്യോഗാര്‍ത്ഥികളെ രാവിലെ 10 മുതല്‍ ഉച്ചക്ക് ഒരു മണി വരെ നാല് ബാച്ചുകളിലായി തിരിച്ച് നിയമന നടപടികള്‍ സ്വീകരിക്കും

0

തിരുവനന്തപുരം: കണ്ടക്ടര്‍ തസ്തികയിലേക്ക് പിഎസ്‍സി അഡ്വൈസ് മെമ്മോ ലഭിച്ച ഉദ്യോഗാര്‍ത്ഥികള്‍ക്ക് നിയമനം ഉടനെന്ന് കെഎസ്ആര്‍ടിസി എം ഡി ടോമിന്‍ തച്ചങ്കരി. ഉദ്യോഗാര്‍ത്ഥികള്‍ വ്യാഴാഴ്ച കെഎസ്ആര്‍ടിസി ആസ്ഥാന മന്ദിരത്തില്‍ എത്തണമെന്ന് തച്ചങ്കരി അറിയിച്ചു. ഹൈക്കോടതി നിര്‍ദ്ദേശപ്രകാരം ഉടന്‍ നിയമനം നല്‍കാനാണിത്. 4051 ഉദ്യോഗാര്‍ത്ഥികളെ രാവിലെ 10 മുതല്‍ ഉച്ചക്ക് ഒരു മണി വരെ നാല് ബാച്ചുകളിലായി തിരിച്ച് നിയമന നടപടികള്‍ സ്വീകരിക്കും.

പിഎസ്‍സിയില്‍ നിന്നും ലഭിച്ച അഡ്വൈസ് മെമ്മോ, തിരിച്ചറിയില്‍ രേഖ എന്നിവ പരിശോധിച്ച ശേഷം ഇവര്‍ക്ക് നിയമനം നല്‍കും. രണ്ട് ദിവസത്തിനകം നിയമന നടപടി പൂര്‍ത്തിയാക്കണമെന്ന ഹൈക്കോടതി ഉത്തരവിന്‍റെ അടിസ്ഥാനത്തില്‍ കാലതാമസം ഒഴിവാക്കാനാണിതെന്നും ടോമിന്‍ തച്ചങ്കരി അറിയിച്ചു.

പിരിച്ചുവിട്ട താല്‍ക്കാലിക ജീവനക്കാര്‍ക്ക് പകരം പിഎസ്‍സി പട്ടികയിൽ നിന്നും ഉടൻ നിയമനം നടത്തണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചിരുന്നു. രണ്ട് ദിവസത്തിനകം കണ്ടക്ടർമാരെ നിയമിക്കാനും കോടതി പുറപ്പെടുവിച്ച ഇടക്കാല ഉത്തരവില്‍ പറയുന്നു. കെഎസ്ആര്‍ടിസിയുടെ വാദം തള്ളി പരിശീലനം ആവശ്യമില്ലെന്നും അത് അവര്‍ പഠിച്ചോളുമെന്നും കോടതി വ്യക്തമാക്കിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് അഡ്വൈസ് മെമ്മോ ലഭിച്ച ഉദ്യോഗാര്‍ത്ഥികള്‍ക്ക് നിയമനം നല്‍കുന്നതിനായി കെഎസ്ആര്‍ടിസി അടിയന്തര നടപിട കൈക്കൊണ്ടിരിക്കുന്നത്.

You might also like

-