യുക്രൈന് മുകളിൽ നാറ്റോ “നോ ഫ്ലൈ സോൺ “പ്രഖ്യാപിച്ചാൽ റഷ്യ-ന റ്റോ യുദ്ധമാകും പുടിൻ

രാജ്യത്ത് ഇനിയുണ്ടാകുന്നു എല്ലാ മരണങ്ങൾക്കും ഉത്തരവാദി നാറ്റോ കൂടി ആയിരിക്കുമെന്നും സെലൻസ്കി പറഞ്ഞു

0

കീവ് |മോസ്കോ|ഹാർകീവ്| യുക്രൈന് മുകളിൽ നോ ഫ്ലൈ സോൺ പ്രഖ്യാപിച്ച് ഏതെങ്കിലും നാറ്റോ രാജ്യം രംഗത്തെത്തിയാൽ അത് മൊത്തം നാറ്റോയും റഷ്യയും തമ്മിലുള്ള യുദ്ധമായി മാറുമെന്ന് മുന്നറിയിപ്പുമായി റഷ്യൻ പ്രസിഡന്‍റ് വ്ലാദിമിർ പുടിൻ. യുക്രൈന് മേൽ വിമാനനിരോധിതമേഖല പ്രഖ്യാപിക്കണമെന്ന് പ്രസിഡന്‍റ് വ്ലാദിമിർ സെലൻസ്കി നാറ്റോയോട് ആവശ്യപ്പെട്ടിരുന്നെങ്കിലും അമേരിക്ക ഇത് തള്ളിക്കളഞ്ഞിരുന്നു.

അത്തരമൊരു നീക്കം നടത്തിയാൽ അത് വൻയുദ്ധത്തിൽ കലാശിക്കുമെന്നാണ് അമേരിക്ക യുക്രൈൻ ആവശ്യം നിരസിച്ചുകൊണ്ട് പറഞ്ഞു . യുക്രൈന്‍റെ ആവശ്യം നാറ്റോ തള്ളിയതിനെത്തുടർന്ന് അംഗരാജ്യങ്ങൾക്കെതിരെ ശക്തമായ വിമർശനവുമായി സെലൻസ്കി രംഗത്തുവന്നു. രാജ്യത്ത് ഇനിയുണ്ടാകുന്നു എല്ലാ മരണങ്ങൾക്കും ഉത്തരവാദി നാറ്റോ കൂടി ആയിരിക്കുമെന്നും സെലൻസ്കി പറഞ്ഞു. എന്നാൽ നാറ്റോ – റഷ്യ ഏറ്റുമുട്ടലാണ് സെലൻസ്കിയുടെ ആഗ്രഹമെന്നായിരുന്നു ഇതിന് റഷ്യ മറുപടി നൽകിയത്.

അതേസമയം, റഷ്യയിൽ പട്ടാളനിയമം കൊണ്ടുവരാനുള്ള ഒരു ആലോചനയുമില്ലെന്നും പുടിൻ പ്രഖ്യാപിച്ചു. ദേശീയ ടെലിവിഷനായ റഷ്യൻ ടെലിവിഷനിൽ ഏയ്റോ ഫ്ലോട്ട് എന്ന റഷ്യൻ ഔദ്യോഗിക വിമാനക്കമ്പനിയുടെ ഫ്ലൈറ്റ് അറ്റൻഡന്‍റുമാരുമായി പുടിൻ സംസാരിക്കുന്ന വീഡിയോ പുറത്തുവന്നിരുന്നു. അതിർത്തി പ്രദേശങ്ങളിൽ ഏതെങ്കിലും തരത്തിൽ വിദേശരാജ്യങ്ങൾ പ്രകോപനമുണ്ടാക്കിയാൽ മാത്രമേ പട്ടാളനിയമം പ്രഖ്യാപിക്കൂ എന്നും അത്തരമൊരു സാഹചര്യം നിലവിലില്ല എന്നും പുടിൻ വീഡിയോയിൽ വ്യക്തമാക്കുന്നുണ്ട്.

പൗരനിയമങ്ങളെല്ലാം പിൻവലിക്കപ്പെട്ട് എല്ലാ ഭരണസംവിധാനങ്ങളും പട്ടാളത്തിന്‍റെ അധീനതയിലാകുന്ന സ്ഥിതിയാണ് പട്ടാളനിയമം പ്രഖ്യാപിച്ചാലുണ്ടാകുക. പുറത്ത് നിന്ന് ഏതെങ്കിലും പ്രകോപനമുണ്ടായാൽപ്പോലും ഉടനടി പട്ടാളനിയമം പ്രഖ്യാപിക്കാതെ തന്നെ കാര്യങ്ങൾ നിയന്ത്രിക്കാനാകുമെന്നും പുടിൻ വ്യക്തമാക്കുന്നു.

അതേസമയം, റഷ്യൻ ഔദ്യോഗികവിമാനസർവീസായ ഏയ്റോഫ്ലോട്ട് എല്ലാ അന്താരാഷ്ട്രവിമാനസർവീസുകളും നിർത്തിവച്ചിരിക്കുകയാണ്. മാർച്ച് എട്ട് വരെ ബെലാറൂസിലേക്ക് മാത്രമേ വിമാനസർവീസുകളുണ്ടാകൂ എന്നും, ആഭ്യന്തരവിമാനസർവീസുകൾ തുടരുമെന്നും ഏയ്റോഫ്ലോട്ട് വ്യക്തമാക്കുന്നു. നിലവിൽ, യൂറോപ്യൻ യൂണിയൻ, അമേരിക്ക, യുകെ, കാനഡ എന്നീ രാജ്യങ്ങൾ റഷ്യൻ വിമാനങ്ങളെ സ്വന്തം രാജ്യങ്ങളിൽ നിന്ന് വിലക്കിയിരിക്കുകയാണ്. റഷ്യയിലേക്ക് ഈ രാജ്യങ്ങളുടെ വിമാനസർവീസുകളും വിലക്കിയാണ് റഷ്യ തിരിച്ചടിച്ചത്.

അതേസമയം യുക്രൈൻ പത്താം റഷ്യന്‍ അധിനിവേശം തുടരുന്നതിനിടെ പ്രതീക്ഷ കൈവിടാതെ യുക്രൈന്‍ പ്രസിഡന്റ് സെലന്‍സ്‌കി. വിജയം നേടുന്നത് വരെ പൊരുതുമെന്ന് സെലന്‍സ്‌കി പ്രതികരിച്ചു. വാരാന്ത്യങ്ങള്‍ യുക്രൈനിലില്ല. കലണ്ടറിലും ഘടികാരത്തിലും ഉള്ളതിനല്ല പ്രാധാന്യമെന്നും സെലന്‍സ്‌കി കൂട്ടിച്ചേര്‍ത്തു. രാജ്യത്തോടുള്ള പുതിയ അഭിസംബോധനയിലാണ് യുക്രൈന്‍ പ്രസിഡന്റിന്റെ പ്രതികരണം.

യുദ്ധഭീതി ഉടനെ ഒഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. യുക്രൈനില്‍ നിന്ന് പലായനം ചെയ്തവര്‍ക്ക് ഉടന്‍ മടങ്ങിയെത്താനുള്ള സാഹചര്യമുണ്ടാകും. പലായനം ചെയ്തവരെ സ്വാഗതം ചെയ്ത പോളണ്ടിന്റെ നടപടിക്കും സെലന്‍സ്‌കി നന്ദിയറിയിച്ചു.

അതിനിടെ താത്ക്കാലിക വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച മരിയുപോളിലെ ഒഴിപ്പിക്കല്‍ നടപടികള്‍ നിര്‍ത്തിവച്ചു. റഷ്യ ഷെല്ലാക്രമണം തുടരുന്നതിനാലാണ് ഒഴിപ്പിക്കല്‍ നിര്‍ത്തിവച്ചതെന്ന് യുക്രൈന്‍ അറിയിച്ചു. മരിയുപോളില്‍ ഇപ്പോഴും റഷ്യ കനത്ത ഷെല്ലാക്രമണം തുടരുകയാണെന്ന് ഡെപ്യൂട്ടി മേയര്‍ പറഞ്ഞു.യുക്രൈന്‍ നഗരമായ സുമിയില്‍ നിന്ന് സ്വന്തം നിലയില്‍ യാത്ര തിരിക്കരുതെന്ന് ഇന്ത്യന്‍ എംബസി വിദ്യാര്‍ത്ഥികള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. വിദ്യാര്‍ത്ഥികള്‍, സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നും അപകട സാഹചര്യം ഒഴിവാക്കണമെന്നും എംബസി നിര്‍ദേശിച്ചു.

You might also like

-