ഏത് വിദഗ്ധനും ബിജെപി ആയാല്‍ ബിജെപിയുടെ സ്വഭാവം കാണിക്കും, ശ്രീധരന്റേത് വെറും ജല്‍പനങ്ങളാണ്
ശബരിമലയില്‍ സര്‍ക്കാരിന് ഒരു ആശയക്കുഴപ്പവുമില്ല. സുപ്രീംകോടതി വിധി വന്നാല്‍ എല്ലാവരുമായും ചര്‍ച്ച ചെയ്‌തേ നടപ്പാക്കുവെന്നും പിണറായി ആവര്‍ത്തിച്ചു.
പാലക്കാട്: മെട്രോമാൻ ശ്രീധരന്റേത് വെറും ജല്‍പനങ്ങളാണ്. അദ്ദേഹം രാജ്യത്തെ എൻജിനീയറിങ് രംഗത്തെ വിദഗ്ധനായിരുന്നു. എന്നാല്‍ ഏത് വിദഗ്ധനും ബിജെപി ആയാല്‍ ബിജെപിയുടെ സ്വഭാവം കാണിക്കും. ഇതിന്റെ ഭാഗമായി ബിജെപിയില്‍ എത്തിയപ്പോള്‍ എന്തും വിളിച്ചുപറയുന്ന അവസ്ഥയിലേക്ക് ശ്രീധരന്‍ മാറിയെന്നും മുഖ്യമന്ത്രി പറഞ്ഞു .ശബരിമലയില്‍ സര്‍ക്കാരിന് ഒരു ആശയക്കുഴപ്പവുമില്ല. സുപ്രീംകോടതി വിധി വന്നാല്‍ എല്ലാവരുമായും ചര്‍ച്ച ചെയ്‌തേ നടപ്പാക്കുവെന്നും പിണറായി ആവര്‍ത്തിച്ചു. ശബരിമലയില്‍ നിലവില്‍ പ്രശ്‌നങ്ങളൊന്നുമില്ല. പ്രതിപക്ഷം ഉയര്‍ത്തുന്ന ശബരിമല വിഷയം നിയമസഭാ തിരഞ്ഞെടുപ്പില്‍ ഏശില്ല. ശബരിമലയില്‍ സര്‍ക്കാര്‍ സ്വീകരിച്ച നിലപാടുകളെക്കുറിച്ച് വിശ്വാസികള്‍ക്ക് സംശയങ്ങളൊന്നുമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
എല്‍ഡിഎഫിന് ഒരു അഡ്ജസ്റ്റ്‌മെന്റ് രാഷ്ട്രീയവുമില്ല. കേരളത്തില്‍ കോലീബി സഖ്യം ഇത്തവണയുമുണ്ടാകാം. ജനങ്ങള്‍ ജാഗ്രത കാട്ടണമെന്നും അദ്ദേഹം പറഞ്ഞു. കോലീബി സഖ്യത്തിന്റെ ഇടപെടലിലൂടെയാണ് ബിജെപിക്ക് കേരളത്തില്‍ അക്കൗണ്ട് തുറക്കാന്‍ കഴിഞ്ഞത്. ഒ രാജഗോപാലിനെ സ്ഥാനാര്‍ഥിയാക്കി കോണ്‍ഗ്രസ് ബിജെപിയെ സഹായിച്ചു. പിന്നീട് ആ മണ്ഡലത്തില്‍ കോണ്‍ഗ്രസിന്റെ വോട്ടുകള്‍ കാണാതായി. ഇക്കാര്യം രാജഗോപാല്‍ തന്നെ സമ്മതിച്ചുവെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാണിച്ചു. തൃപ്പൂണിത്തുറയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി കെ ബാബു പരസ്യമായി ബിജെപിയോട് വോട്ടു തേടിയെന്നും മുഖ്യമന്ത്രി ആരോപിച്ചു. കെജി മാരാരുടെ ബൂത്ത് ഏജന്റായിരുന്നു താനെന്ന ബിജെപി നേതാവ് എംടി രമേശിന്റെ ആരോപണത്തെയും മുഖ്യമന്ത്രി തള്ളി.