പ്രളയക്കെടുതിയിൽ സേവന പ്രവര്‍ത്തനങ്ങള്‍ ഉര്‍ജിതമാക്കി വിദ്യാര്‍ത്ഥികള്‍ ഇടുക്കിയിൽ രംഗത്ത്
ചെറുതോണി :ഓണാവധി അവസാനിക്കാന്‍ ഒരുദിവസംകൂടി ശേഷിക്കെ സേവനപ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി രാജകുമാരി ഗവണ്‍മെന്റ് വി എച്ച് എസ് ഇയിലെ ഒരുകൂട്ടം വിദ്യാര്‍ത്ഥികള്‍. സ്‌കൂളിലെ നാഷ്ണല്‍ സര്‍വ്വീസ് സ്‌കീം അംഗങ്ങളുടെ നേതൃത്വത്തില്‍ പ്രളയകെടുതിയില്‍ നാശനഷ്ടങ്ങള്‍ സംഭവിച്ച വീടുകളില്‍ നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തി ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ പങ്കുചേരുകയാണ് ഈ വിദ്യാര്‍ത്ഥികളും. വളരെ ചുരുങ്ങിയ ദിവസങ്ങള്‍കൊണ്ട് ആറോളം വീടുകള്‍ വാസയോഗ്യമാക്കി തീര്‍ക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഇവരുടെ പ്രവര്‍ത്തനം. അഞ്ചുപേരടങ്ങുന്ന സംഘങ്ങളായാണ് ശുചീകരണപ്രവര്‍ത്തനങ്ങളും ചെറിയ രീതിയിലുള്ള അറ്റകുറ്റ പണികളും നടത്തി വരുന്നത്. പ്രധാനമായും മണ്ണിടിച്ചിലും ഉരുള്‍പൊട്ടലും മൂലം വീടുകളില്‍ അടിഞ്ഞുകൂടിയിട്ടുള്ള ചെളിയും മണ്ണും പൂര്‍ണമായും നീക്കം ചെയ്യുന്ന പ്രവര്‍ത്തനങ്ങളാണ് സ്‌കൂളിലെ എന്‍ എസ് എസ് യൂണിറ്റിന്റെ നേതൃത്വത്തില്‍ പുരോഗമിക്കുന്നത്. അവധി തീരുന്നതിനു മുമ്പ് ആറുവീടുകളിലും നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്ന് വിദ്യാര്‍ത്ഥികള്‍ പറഞ്ഞു. അവധി ആഘോഷങ്ങള്‍ വേണ്ടന്നുവെച്ച് സ്‌കൂളിലെ അധ്യാപകരും ദുരിതാശ്വസപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ ഇവര്‍ക്കൊപ്പമുണ്ട്. സ്‌കൂള്‍ പ്രിന്‍സിപ്പിള്‍ ബ്രിജേഷ് ബാലകൃഷ്ണന്‍, അധ്യാപകരായ പ്രിന്‍സ് പോള്‍, സി.എം.റീന തുടങ്ങിയവരാണ് സേവന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്.
അടിമാലിയിലെ ആദിവാസി മേഖലകളില്‍ ദുരിതാശ്വാസ കിറ്റുകള്‍ എത്തിച്ച്
ബാംഗ്ലൂരിലെ മലയാളി കൂട്ടായ്മ
അടിമാലിയിലെ വിവിധ ആദിവാസി കുടികളില്‍ ദുരിതാശ്വാസ കിറ്റുകള്‍ വിതരണം ചെയ്ത് ബാംഗ്ലൂരിലെ മലയാളി കൂട്ടായ്മ. ബാഗ്ലൂരിലെ രാജരാജേശ്വരി നഗര്‍ മലയാളി സംഗമത്തിന്റെ നേതൃത്വത്തിലാണ് അടിമാലി മേഖലയില്‍ കിറ്റുകള്‍ വിതരണം ചെയ്തത്. തിരഞ്ഞെടുത്ത 350 കുടംബങ്ങളില്‍ വസ്ത്രങ്ങളും ഗൃഹോപകരണങ്ങളും അരിയും അടങ്ങിയ കിറ്റുകള്‍ സംഘം വിതരണം ചെയ്തു. മന്നക്കാല,മുക്കാല്‍ഏക്കര്‍, വില്ലുംപടി മേഖലകളില്‍ മര്‍ച്ചന്റ്‌സ് യൂത്ത് വിങ്ങ്, ജെ സി ഐ എന്നീ സംഘടങ്ങളുടെയും സഹകരണത്തോടെയാണ് കിറ്റുകള്‍ വിതരണം ചെയ്തത്. പ്രളയകെടുതിയില്‍ നിന്ന് ജനങ്ങളെ കൈപിടിച്ചുയര്‍ത്തുന്നതിനുള്ള സഹായസഹകരണങ്ങള്‍ വിവിധ ഇടങ്ങളില്‍ നടത്തിവരുന്നതിന്റെഭാഗമായാണ് അടിമാലിയില്‍ എത്തിയതെന്ന് മലയാളി സംഗമത്തിന്റെ ഭാരവാഹി ജിജോ പറഞ്ഞു. ദുരിതബാധിത മേഖലകളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് പഠനോപരകരണങ്ങള്‍ വിതരണം ചെയ്യുക,ചികിത്സധനസഹായം നല്‍കുക തുടങ്ങിയ സന്നദ്ധ പ്രവര്‍ത്തനങ്ങളും ഈ മലയാളി കൂട്ടായ്മയുടെ നേതൃത്വത്തില്‍ നടന്നു വരുന്നു.300 പേരുള്ള സംഘടനയുടെ പ്രതിനിധികളായി ജിജോ, രാകേഷ്,രാജേഷ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് അടിമാലിയില്‍ എത്തിയത്.
റവന്യു മന്ത്രി ക്യാമ്പുകള്‍ സന്ദര്‍ശിച്ചു
ജില്ലയില്‍ മഴക്കെടുതിയിലും പ്രകൃതിക്ഷോഭത്തിലും നേരിട്ട നാശനഷ്ടങ്ങള്‍ വിലിരുത്തുന്നതിനും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യുന്നതിനും എത്തിയ റവന്യുമന്ത്രി ഇ.ചന്ദ്രശേഖരനും ജനപ്രതിനിധികളും ഇടുക്കി വെള്ളപ്പാറ ഫോറസ്റ്റ് ഡോര്‍മെറ്ററിയിലെ ദുരിതാശ്വാസ ക്യാമ്പില്‍ കഴിയുന്ന ചെറുതോണി ഗാന്ധിനഗര്‍ കോളനി നിവാസികളെ സന്ദര്‍ശിച്ചു. ജനങ്ങളുടെ പുനരധിവാസം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ സമയബന്ധിതമായി നടപ്പാക്കുന്നതിനുള്ള സര്‍്ക്കാരിന്റെ നിശ്ചയദാര്‍ഢ്യത്തോടെയുള്ള നടപടികള്‍ വിശദീകരിച്ചു. വീടുകള്‍ നഷ്ടപ്പെട്ടവര്‍ക്കും സുരക്ഷയുടെ ഭാഗമായി മാറിത്താമസിക്കേണ്ടിവന്നിട്ടുള്ളവര്‍ക്കും സുരക്ഷിതമായ പുനരധിവാസ സൗകര്യം ഏര്‍പ്പെടുത്തുമെന്ന് മന്ത്രി അറിയിച്ചു. മണിയാറന്‍കുടി സെലിന ചാള്‍സ് ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ ക്യാമ്പും തുടര്‍ന്ന് മന്ത്രി സന്ദര്‍ശിച്ചു. തകര്‍ന്ന ചെറുതോണി ബസ്റ്റാന്റും പരിസരവും മന്ത്രി പരിശോധിച്ചു. എം.പിമാരായ അഡ്വ.ജോയ്‌സ് ജോര്‍ജ്, ബിനോയ് വിശ്വം, റോഷി അഗസ്റ്റിന്‍ എം.എല്‍.എ, ആര്‍.ഡി.ഒ എം.പി വിനോദ്, കെ.കെ.ശിവരാമന്‍ തുടങ്ങിയവരും മന്ത്രിയോടൊപ്പം ഉണ്ടായിരുന്നു.
ജില്ലയില്‍ 15 ദുരിതാശ്വാസ ക്യാമ്പുകള്‍
ജില്ലയില്‍ 15 ദുരിതാശ്വാസ ക്യാമ്പുകളിലായി 906 പേരാണ് ഇപ്പോള്‍ കഴിയുന്നത്. ദേവികുളത്ത് നാലു ക്യാമ്പുകളിലായി 139 പേരും പീരുമേട് ഒരു ക്യാമ്പിലായി 176 പേരും തൊടുപുഴയില്‍ ഒരു ക്യാമ്പിലായി അഞ്ചുപേരും ഇടുക്കിയില്‍ 9 ക്യാമ്പുകളിലായി 586 പേരുമാണ് കഴിയുന്നത്. 328 കുടുംബങ്ങളിലായി 370 പുരുഷന്മാരും 372 സ്ത്രീകളും 164 കുട്ടികളുമാണ് ക്യാമ്പില്‍ കഴിയുന്നത്.