ഇടുക്കി അണക്കെട്ട് വീണ്ടും തുറന്നു    പെരിയാറിൽ ..സെക്കന്‍റില്‍ 50 ഘന മീറ്റര്‍ അധിക ജലം

ഡാമിന്‍റെ മൂന്നാം നമ്പർ ഷട്ടർ 70 സെന്‍റിമീറ്റർ ഉയത്തിയാണ് ഡാം തുറന്നത്. ഇപ്പോൾ 50 ക്യൂമെക്സ് വെള്ളമാണ് പുറത്തേക്ക് ഒഴുക്കിവിടുന്നത്. പെരിയാറിന്‍റെ ഇരുകരകളിലും താമസിക്കുന്നവർ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു

0

ഇടുക്കി:ഇടുക്കി ഡാം തുറന്നു. രാവിലെ 11 മണിയോടെയാണ് ചെറുതോണി ഡാമിന്‍റെ ഒരു ഷട്ടർ തുറന്നത്. ഡാമിന്‍റെ മൂന്നാം നമ്പർ ഷട്ടർ 70 സെന്‍റിമീറ്റർ ഉയത്തിയാണ് ഡാം തുറന്നത്. ഇപ്പോൾ 50 ക്യൂമെക്സ് വെള്ളമാണ് പുറത്തേക്ക് ഒഴുക്കിവിടുന്നത്. പെരിയാറിന്‍റെ ഇരുകരകളിലും താമസിക്കുന്നവർ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു. ആരും പുഴയിൽ ഇറങ്ങരുതെന്നും ജാഗ്രതാ സന്ദേശത്തിൽ പറയുന്നു. വൃഷ്ടി പ്രദേശത്ത് മഴ തുടരുന്ന സാഹചര്യത്തില്ലാണ് ഡാം തുറക്കാൻ കെഎസ്ഇബി തീരുമാനിച്ചത്. നേരത്തെ രാവിലെ ആറ് മണിയോടെ ഷട്ടറുകള്‍ തുറക്കുമെന്നാണ് അറിയിച്ചിരുന്നതെങ്കിലും പിന്നീട് ഇത് പതിനൊന്ന് മണിയിലേക്ക് മാറ്റുകയായിരുന്നു.ചെറുതോണി പുഴയുടെയും പെരിയാറിന്റെയും തീരത്തുള്ളവര്‍ അതീവ ജാഗ്രത പാ ലിക്കണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. ഡാം തുറക്കുന്ന സാഹചര്യത്തില്‍ പെരിയാറില്‍ മീന്‍ പിടിക്കുന്നതും, സെല്‍ഫി എടുക്കുന്നതും കര്‍ശനമായി നിരോധിച്ചിരിക്കുകയാണ്.

ഇടുക്കി അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് വർദ്ധിച്ചതിനെ തുടർന്നാണ് വീണ്ടും ഡാം തുറക്കാൻ തീരുമാനമായത്. ചെറുതോണി അണക്കെട്ടിന്‍റെ മധ്യത്തിലെ ഷട്ടറാണ് തുറന്നത്. മഴശക്തമാകുന്നതിന് മുമ്പ് അണക്കെട്ട് തുറന്നാൽ ജലനിരപ്പ് നിയന്ത്രിക്കാമെന്നാണ് കണക്ക് കൂട്ടൽ. അടുത്ത ദിവസങ്ങളിലെല്ലാം ഇടുക്കിയിൽ കനത്ത മഴയുണ്ടാകുമെന്നാണ് കാലാവസ്ഥ മുന്നറിയിപ്പ്.

ഇന്നലെ നാല് മണിക്ക് ഷട്ടർ തുറക്കാനായിരുന്നു കെഎസ്ഇബിയുടെ ആദ്യ തീരുമാനം. എന്നാൽ പകൽ മഴ മാറി നിന്നതോടെ തീരുമാനം മരവിപ്പിച്ചു. തിരുവനന്തപുരത്ത് ചേർന്ന കെഎസ്ഇബി ബോർഡ് യോഗത്തിലാണ് വീണ്ടും ഡാം തുറക്കാൻ തീരുമാനമായത്. കഴിഞ്ഞ തവണ ഡാം തുറക്കാൻ വൈകിയതിനാൽ ബോർഡ് ഏറെ പഴി കേട്ടിരുന്നു. അത് ഒഴിവാക്കാൻ കൂടിയാണ് തീരുമാനമെന്നാണ് സൂചന.

മുല്ലപ്പെരിയാർ അണക്കെട്ടിലും ജലനിരപ്പ് ഉയരുകയാണ്. മഴയുടെ പശ്ചാത്തലത്തിൽ മാട്ടുപ്പെട്ടി, പൊൻമുടി, മലങ്കര അണക്കെട്ടുകളിൽ നിന്നുള്ള ജലമൊഴുക്ക് കൂട്ടി. ഉരുൾപൊട്ടലിനും മണ്ണിടിച്ചിലിനും സാധ്യതയുള്ളതിനാൽ ജില്ലയിലെ വിനോദ സഞ്ചാരകേന്ദ്രങ്ങളിലേക്ക് സഞ്ചാരികൾക്കുള്ള നിരോധനം തുടരുകയാണ്. മലയോര മേഖലയിലെ രാത്രിയാത്രയ്ക്കും നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു. അറബിക്കടലില്‍ ഇന്നലെ രൂപം കൊണ്ട ന്യൂനമര്‍ദ്ദം ഇന്ന് രാത്രിയോടെ ചുഴലിക്കാറ്റായി മാറിയേക്കും. ഇത് ഒമാന്‍ തീരത്തേക്ക് നീങ്ങാനാണ് സാധ്യത. കടല്‍ പ്രക്ഷുബ്ധമാകാന്‍ സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

You might also like

-