ഇടുക്കിയെ വീണ്ടെടുക്കാന്‍ മെഗാ ക്ലിനിങ് …നവകേരള സൃഷ്ടി  കൂട്ടായ്മ തുടരണമെന്ന്  ജില്ലാ വികസന സമിതി

0
ചെറുതോണി:ജില്ലയിലെ മുഴുവന്‍ തദ്ദേശ സ്വയംഭരണ സ്ഥാപന പരിധിയിലും ഇന്ന് മെഗാ ക്ലീനിങ് ഡ്രൈവ്.  തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലെ ദുരന്തബാധിതമായ മുഴുവന്‍ പൊതുയിടങ്ങളും പ്രദേശങ്ങളും ശുചീകരണം പൂര്‍ത്തിയാവാത്ത വീടുകളും ഉള്‍പ്പെടെ രാവിലെ എട്ടുമുതല്‍ വൃത്തിയാക്കും. ഡ്രൈവിന്റെ ജില്ലാതല ഉദ്ഘാടനം വണ്ടിപ്പെരിയാര്‍ പഞ്ചായത്ത് ബസ്റ്റാന്റില്‍ നടക്കും. എം.പി, എം.എല്‍.എ, ജനപ്രതിനിധികള്‍ ഉള്‍പ്പെടെ 2000ലേറെ പേര്‍ ജില്ലാതല പരിപാടിയില്‍ പങ്കെടുക്കും. മറ്റ് പ്രദേശങ്ങളില്‍ അതത് പ്രദേശങ്ങളിലെ ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, അധ്യാപകര്‍, കുടുംബ ശ്രീ ഭാരവാഹികള്‍, പ്രവര്‍ത്തകര്‍, ഹരിത കേരളം ശുചിത്വ മിഷന്‍ റിസോഴ്‌സ് പേഴ്‌സന്‍മാര്‍, സാക്ഷരതാ പ്രേരകുമാര്‍, പഠിതാക്കള്‍, ട്രൈബല്‍ പ്രമോട്ടര്‍മാര്‍, സന്നദ്ധ സംഘടനകള്‍, ദേശീയ സമ്പാദ്യ പദ്ധതി ഏജന്റുമാര്‍, നെഹ്‌റു യുവകേന്ദ്ര വളണ്ടിയര്‍മാര്‍, എന്‍എസ്എസ്, സ്റ്റുഡന്റ്‌സ് പോലിസ് കേഡറ്റുമാര്‍, യുവജന ക്ലബ്ബ്  വായനശാലാ അംഗങ്ങള്‍, ആരോഗ്യ ആശാ പ്രവര്‍ത്തകര്‍ തുടങ്ങിയ എല്ലാ വിഭാഗം ആളുകളും  പങ്കെടുക്കും. ക്ലീനിങ്‌ ്രൈഡവിങിന്റെ ഭാഗമായി ശേഖരിക്കുന്ന അജൈവ മാലിന്യങ്ങള്‍ തരംതിരിച്ച് ശേഖരിക്കുന്നതിനുള്ള നടപടികള്‍ അതത് തദ്ദേശഭരണ സ്ഥാപനങ്ങള്‍ സ്വീകരിക്കും.അജൈവമാലിന്യങ്ങള്‍ ക്ലീന്‍ കേരള കമ്പനിയുടെ സഹകരണത്തോടെ നീക്കം ചെയ്യുന്നതിനുള്ള നടപടികള്‍ ജില്ലാ ഹരിതകേരളം മിഷനും ശുചിത്വമിഷനും സംയുക്തമായി സ്വീകരിക്കും.
പ്രളയത്തിലും ഉരുള്‍പൊട്ടലിലും തകര്‍ന്ന ജില്ലയുടെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ ഫലപ്രദമായി നടപ്പാക്കുന്നതിന് ദുരന്തമുഖത്ത് ജനങ്ങളും ഉദ്യോഗസ്ഥരും ജനപ്രതിനിധികളും, സന്നദ്ധ പ്രവര്‍ത്തകരും പ്രകടിപ്പിച്ച ഏകോപനവും കൂട്ടായ്മയും ജില്ലയുടെ മുന്നോട്ടുള്ള പുരോഗതിക്കായി തുടരണമെന്ന് ജില്ലാ വികസന സമിതിയോഗം അഭ്യര്‍ത്ഥിച്ചു.
പ്രകൃതി ദുരന്തങ്ങളില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിലും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത് നടത്തുന്നതിലും ഒരു വിധത്തിലുമുള്ള പരാതികള്‍ക്കും ഇടവരാതെ ജില്ലയിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത് നടത്തിയ മുഴുവന്‍ ജനങ്ങളെയും ഉദ്യോഗസ്ഥരെയും  സന്നദ്ധ പ്രവര്‍ത്തകരെയും ദുരിതാശ്വാസ സഹായങ്ങള്‍ എത്തിച്ച ജില്ലയിലും ഇതര സംസ്ഥാനത്തു നിന്നുള്ള മുഴുവന്‍ മനുഷ്യ സ്‌നേഹികളെയും ജില്ലാകലക്ടര്‍ കെ. ജീവന്‍ബാബുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാ വികസന സമിതി അഭിനന്ദിക്കുകയും കൃതജ്ഞത അറിയിക്കുകയും ചെയ്തു.
രക്ഷാപ്രവര്‍ത്തനങ്ങളിലും റോഡുകളിലെ തടസ്സങ്ങള്‍ നീക്കുന്നതിലും ദുതിരാശ്വാസ ക്യാമ്പുകള്‍ നടത്തുന്നതിലും സ്തുത്യര്‍ഹമായ സേവനങ്ങള്‍ നടത്തിയ  സന്നദ്ധ പ്രവര്‍ത്തകര്‍, ഡ്രൈവര്‍മാര്‍, സാമൂഹിക പ്രവര്‍ത്തകര്‍ , ഉദ്യോഗസ്ഥര്‍ തുടങ്ങിയവരെ ആദരിക്കുന്നതിന് ജില്ലയില്‍ പൊതുചടങ്ങ് സംഘടിപ്പിക്കുന്നതിനും യോഗം തീരുമാനിച്ചു.
ജില്ലയില്‍ ഏറ്റവും വലിയ പ്രകൃതി ദുരന്തത്തെ നേരിടുന്ന ഘട്ടത്തില്‍ സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയ ചെറുപ്പക്കാരുടെ കൂട്ടായ്മകള്‍ നാടിന്റെ കരുത്തായി മാറിയതും എല്ലാ തലത്തിലുള്ള ഉദ്യോഗസ്ഥരും ജനങ്ങളും ദുരന്ത മുഖത്ത് അമ്പരന്ന് നില്‍ക്കാതെ രക്ഷാ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത് മാതൃകയായതായും  പരാതിക്ക ് ഇടനല്‍കാതെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നടത്തിയതിനും ജില്ലാ ഭരണകൂടത്തെയും ജനങ്ങളെയും ജോയ്‌സ് ജോര്‍ജജ് എം.പിയും റോഷി അഗസ്റ്റിന്‍ എം.എല്‍.എയും അഭിനന്ദിച്ചു.
ജില്ലാ ആസ്ഥാനത്ത് അടിസ്ഥാന സൗകര്യങ്ങള്‍ അടിയന്തര ആവശ്യം
മഴക്കെടുതിയിലും വെള്ളപ്പാച്ചിലിലും തകര്‍ന്ന ് പോയ ചെറുതോണിയില്‍ യാത്രാസൗകര്യം,  പൊതു, സ്വകാര്യ വാഹനങ്ങള്‍ക്കും ടാക്‌സിക ള്‍ക്കും പാര്‍ക്കിംഗ് സൗകര്യം തുടങ്ങിയവ പൊതുശൗചാലയം ഉള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിന് അടിയന്തര പ്രാധാന്യത്തോടെ നടപടിയുണ്ടാകണമെന്ന് ജില്ലാ വികസന സമിതി യോഗത്തില്‍ ജനപ്രതിനിധികള്‍ ആവശ്യപ്പെട്ടു. അടിസ്ഥാന സൗകര്യങ്ങളുടെ പദ്ധതി ആസൂത്രണം ചെയ്യുന്നതിന് ടൗണ്‍പ്ലാനിംഗ് വിഭാഗത്തെയും ജില്ലാ വികസന സമിതി ചുമതലപ്പെടുത്തി. മണിയാറന്‍കുടി- ഉടുമ്പന്നൂര്‍ റോഡ് യാഥാര്‍ത്ഥ്യമാക്കാന്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്നും പ്രിന്‍സിപ്പല്‍ ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍, വനംവകുപ്പ് സെക്രട്ടറി തലത്തില്‍ തീരുമാനങ്ങളെടുത്ത് നിലവിലുള്ള തടസ്സങ്ങള്‍ നീക്കണമെന്നും ജില്ലാ വികസന സമിതി ആവശ്യപ്പെട്ടു.
റോഡുകളുടെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ എത്രയും വേഗം ഏറ്റെടുത്ത് നടപ്പാക്കുന്നതിന് സമഗ്രമായ പ്രോജക്ട് റിപ്പോര്‍ട്ട് തയ്യാറാക്കി കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ  പരമാവധി സഹായം ഉറപ്പാക്കണം. ജില്ലയുടെ പ്രധാന പാതകള്‍ വലിയതോതില്‍ തകര്‍ന്നത് സര്‍ക്കാര്‍ ഗൗരവത്തോടെ എടുത്തിരിക്കുന്നതുകൊണ്ടാണ് ഇടുക്കിയിലെ റോഡുകളുടെ പുനരുദ്ധാരണ ചുമതല  റോഡ്‌സ് വിഭാഗം ചീഫ് എഞ്ചിനീയര്‍ക്ക് മേല്‍നോട്ട  ചുമതല നല്‍കിയിരിക്കുന്നതെന്നും ജില്ലയിലെ തകര്‍ന്ന റോഡ് ശൃംഖല പൂര്‍ണ തോതില്‍ പുനസ്ഥാപിക്കുന്നതിനുള്ള ദീര്‍ഘവീക്ഷണത്തോടെയുള്ള സമഗ്ര റിപ്പോര്‍ട്ട് ഉണ്ടാകണമെന്നും ജോയ്‌സ് ജോര്‍ജ്ജ് എം.പി നിര്‍ദ്ദേശിച്ചു.
കേന്ദ്രാവിഷ്‌കൃത പദ്ധതികളും ജില്ലയുടെ സമഗ്ര പുനരുദ്ധാരണത്തിന് ഉപയോഗപ്പെടുത്തുംവിധം രൂപപ്പെടുത്തണമെന്ന് എം.പി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. പ്രധാന റോഡുകളിലെ തകര്‍ച്ചയും മണ്ണിടിച്ചിലും ചിത്രങ്ങള്‍ സഹിതം മാപ്പിംഗ് നടത്തി പാതകള്‍ ഗതാഗതയോഗ്യമാക്കുന്നതിനുള്ള പൂര്‍ണ്ണതയുള്ള റിപ്പോര്‍ട്ടാകണം നല്‍കേണ്ടതെന്ന് ജില്ലാകലക്ടര്‍ നിര്‍ദ്ദേശിച്ചു. കാര്‍ഷിക മേഖലയില്‍ കൃഷിഭൂമിയുള്‍പ്പെടെയുള്ള നാശനഷ്ടങ്ങള്‍ സംബന്ധിച്ച് ജില്ല പഞ്ചായത്ത് തിരിച്ചുള്ള കണക്കുകള്‍ ലഭ്യമാക്കണമെന്ന്  കലക്ടര്‍ നിര്‍ദ്ദേശിച്ചു.
സ്‌കൂളുകളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ആവശ്യമുള്ള സാമഗ്രികളുടെ കണക്ക് തിങ്കളാഴ്ച വൈകിട്ട് അഞ്ചിനകം ലഭ്യമാക്കണമെന്നും ഓണക്കാലത്ത് വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുന്ന അഞ്ച് കിലോ അരി വിതരണം നടക്കാത്ത സ്ഥലങ്ങളില്‍ ഉടനെ ലഭ്യമാക്കണമെന്നും കലക്ടര്‍ വിദ്യാഭ്യാസ ഉപഡയറക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കി.
കനത്ത മഴയും മണ്ണിടിച്ചിലും തുടര്‍ന്ന സാഹചര്യത്തില്‍ ഭാരവാഹനങ്ങള്‍ ഏര്‍പ്പെടുത്തിയ നിരോധനം നീക്കിയിട്ടുണ്ടെങ്കിലും പ്രധാന റോഡുകളില്‍ നിയന്ത്രണം വേണ്ട സ്ഥലങ്ങള്‍ പൊതുമരാമത്ത് വകുപ്പ് ആവശ്യപ്പെട്ടാല്‍ ആവശ്യമായ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തണമെന്നും കലക്ടര്‍ അറിയിച്ചു.
മെഗാക്ലീനിംഗ്: അടിമാലിയും ദേവികുളവും ഒരുങ്ങി
ടൗണ്‍ കേന്ദ്രീകരിച്ചും  താലൂക്ക് ആശുപത്രിയും പരിസരവും പ്രത്യേക പരിഗണന നല്‍കിയുമാണ് അടിമാലിയില്‍  മെഗാക്ലീനിംഗ്. വ്യാപര സ്ഥാപനങ്ങള്‍, ബസ്റ്റാന്റ്, ടൗണ്‍ കേന്ദ്രീകരിച്ചുള്ള റോഡുകള്‍ എന്നിവിടങ്ങളിലെ ജൈവ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ വിവിധ വകുപ്പുകളുടെ സഹായത്തോടെ നീക്കം ചെയ്യും .വാര്‍ഡു തലത്തില്‍ വീടുകളുടെ പരിസരവും ശുചീകരിക്കും. പ്ലാസ്റ്റിക് മാലിന്യങ്ങള്‍ അടിമാലി പഞ്ചയത്തിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന പ്ലാസ്റ്റിക് ഷെഡിംഗ് യൂണിറ്റില്‍ എത്തിച്ച് സംസ്‌ക്കരിക്കും.
ദേവികുളം ബ്ലോക്കില്‍ കീഴിലെ ശുചീകരണ പരിപാടി ദേവികുളം പി. ച്ച് സി യില്‍ നിന്ന് ആരംഭിക്കും .റോഡുകള്‍ തദ്ദേശ്വ സ്വയംഭരണ സ്ഥാപനങ്ങള്‍, മൂന്നാര്‍ ടൗണ്‍ ആശുപത്രി, അംഗന്‍വാടി കുടിവെള്ള സ്രോതസ്സുകള്‍ തുടങ്ങിയവടെ ശുചീകരണമാണ് ദേവികുളം ബ്ലോക്കില്‍ നടക്കുക.
മെഗാക്ലീനിംഗ് ;ഏകോപനത്തിന് 
വകുപ്പുകളുടെ ജില്ലാതല മേധാവികള്‍
വിവിധ വകുപ്പ് ജില്ലാതല മേധാവികള്‍ താഴെ പറയുന്ന ബ്ലോക്കുകളിലും അതിനു കീഴില്‍ വരുന്ന ഗ്രാമപഞ്ചായത്തുകളിലും മെഗാക്ലീനിംഗിന്
 നേതൃത്വം നല്‍കും. കട്ടപ്പനയില്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍, ശുചിത്വമിഷനും (9567667220, ) നെടുങ്കണ്ടത്ത് -കോ-ഓര്‍ഡിനേറ്റര്‍, ഹരിതകേരളം മിഷനും  (9447466229),  തൊടുപുഴയില്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ കുടുംബശ്രീയും (9400030669), ദേവികുളത്ത് പ്രോജക്ട് ഡയറക്ടര്‍ ദാരിദ്ര്യ ലഘൂകരണ വിഭാഗവും (9447117285),  അഴുതയില്‍ ജോയിന്റ് പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ എന്‍.ആര്‍.ഇ.ജ.ിഎസ്(9447127632), ഇളംദേശത്ത്  അസി. ഡവലപ്‌മെന്റ് കമ്മീഷണറും (ജനറല്‍) – ( 9447608634), അടിമാലിയില്‍ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറും, (9496045010), ഇടുക്കിയില്‍ ജില്ലാ പ്ലാനിംഗ് ഓഫീസറും (9495098595) മെഗാക്ലീനിംഗിന് നേതൃത്വം നല്‍കും
പ്രളയം ബാക്കിവെച്ച മാലിന്യങ്ങള്‍ നീക്കം ചെയ്ത് പെരിയാര്‍ മെഗാ ശുചീകരണം
      കനത്തമഴയില്‍ പെരിയാര്‍ ഒഴുക്കിക്കൊണ്ടുവന്ന് തീരങ്ങളില്‍ അവശേഷിപ്പിച്ച പ്ലാസ്റ്റിക് ഉള്‍പ്പെടെയുളള മാലിന്യങ്ങള്‍ നീക്കുവാന്‍ ഒരുജനതയാകെ കൈകോര്‍ത്തു. അഴുത ബ്ലോക്ക് പഞ്ചായത്തിന്റെയും വണ്ടിപ്പെരിയാര്‍ ഗ്രാമപഞ്ചായത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിച്ച പെരിയാര്‍ ശുചീകരണം ജനപങ്കാളിത്വവും പ്രവര്‍ത്തനങ്ങളും കൊണ്ട് ശ്രദ്ധേയമായി. വണ്ടിപ്പെരിയാര്‍ ഗ്രാമപഞ്ചായത്ത് സ്റ്റേഡിയത്തിനു സമീപം ആരംഭിച്ച ശുചീകരണപ്രവര്‍ത്തനങ്ങള്‍ ഇ.എസ്.ബിജിമോള്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് നാലു ഗ്രൂപ്പുകളായി തിരിഞ്ഞ് വണ്ടിപ്പെരിയാര്‍ ആറ്റോരം, കറുപ്പുപാലം, ഇഞ്ചിക്കാട്, വണ്ടിപ്പെരിയാര്‍ ടൗണ്‍ എന്നിവിടങ്ങളില്‍ ശുചീകരണം നടത്തി. പെരിയാര്‍ തീരത്ത് അടിഞ്ഞുകൂടിയതും മണ്ണില്‍ പുതഞ്ഞുകിടന്നതും തീരത്തെ സസ്യങ്ങളില്‍ കെട്ടുപിണഞ്ഞിരുന്നതുമായ പ്ലാസ്റ്റിക്മാലിന്യങ്ങള്‍ സംസ്‌കരണത്തിനായി പ്രത്യേകം വേര്‍തിരിച്ചു. ഇത്തരത്തില്‍ ഏകദേശം 500 കിലോയിലധികം മാലിന്യമാണ് പെരിയാര്‍ തീരങ്ങളില്‍ നിന്നും ശേഖരിച്ചത്. ഭക്ഷ്യാവശിഷ്ടങ്ങളും ചത്തമൃഗങ്ങളും ഉള്‍പ്പെടെ തീരത്തടിഞ്ഞ ദുര്‍ഗന്ധം വമിക്കുന്ന മാലിന്യങ്ങളാണ് സന്നദ്ധപ്രവര്‍ത്തകര്‍ നിര്‍മ്മാര്‍ജനം ചെയ്ത് ശുചിയാക്കിയത്. രാവിലെ ഒന്‍പതിനാരംഭിച്ച പരിപാടി ഉച്ചകഴിഞ്ഞ് രണ്ടുമണിയോടെയാണ് അവസാനിച്ചത്.
അഴുത ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലിസിയാമ്മ ജോസ് , വണ്ടിപ്പെരിയാര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശാന്തി ഹരിദാസ്, പീരുമേട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റ്റി.എസ്.സുലേഖ, ജില്ലാപഞ്ചായത്തംഗം വിജയകുമാരി ഉദയസൂര്യന്‍. ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ ഷാജി പൈനേടത്ത്, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ആര്‍.സെല്‍വത്തായ്, ആലീസ് സണ്ണി, ലിസി ജോയി, ജയ മോഹന്‍ദാസ്, ആര്‍ ദിനേശന്‍, വണ്ടിപ്പെരിയാര്‍ ഗ്രാമപഞ്ചായത്തംഗങ്ങള്‍, ബിഡിഒ എം.എസ് വിജയന്‍, ബ്ലോക്ക്-ഗ്രാമപഞ്ചായത്ത് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ നേതൃത്വം നല്കി. ജനപ്രതിനിധികള്‍, വിവിധ വകുപ്പുകളിലെ ജീവനക്കാര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, മഹിളാപ്രധാന്‍ ഏജന്റുമാര്‍, തൊഴിലുറപ്പ് അംഗങ്ങളും ഉദ്യോഗസ്ഥരും, പി എം കെ എസ് വൈ ജീവനക്കാര്‍, ആശാപ്രവര്‍ത്തകര്‍, സാക്ഷരതാ പ്രവര്‍ത്തകര്‍, കുട്ടിക്കാനം മാര്‍ബസേലിയസ് എന്‍ജിനീയറിംഗ് കോളേജ്, വണ്ടിപ്പെരിയാര്‍ എ.എച്ച്.ആര്‍.ഡി കോളേജ് വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ 600ലധികം പേര്‍ പെരിയാര്‍ മാലിന്യനിര്‍മ്മാര്‍ജന പ്രവര്‍ത്തനത്തില്‍ പങ്കാളികളായി. പങ്കെടുത്ത എല്ലാവര്‍ക്കും കുടിവെളളവും ലഘുഭക്ഷണവും നല്കി.
മഹാശുചീകരണ യജ്ഞനത്തിനായി തയ്യാറെടുത്ത് തൊടുപുഴ, ഇളംദേശം ബ്ലോക്ക് പഞ്ചായത്തുകള്‍
 തൊടുപുഴ മുനിസിപ്പാലിറ്റിയുടെ നേതൃത്വത്തില്‍ നടത്തുന്ന ശുചീകരണ പ്രവര്‍ത്തനങ്ങള്‍ രാവിലെ 8 മണിക്ക് മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ മിനി മധു ഉദ്ഘാടനം നിര്‍വഹിക്കും. തുടര്‍ന്ന് ജീവനക്കാര്‍ പല ടീമുകളായി മുനിസിപ്പാലിറ്റിയുടെ കീഴിലെ വിവിധ പ്രദേശങ്ങള്‍ ശുചീകരിക്കും. മുനിസിപ്പാലിറ്റിയിലെ ഉദ്യോഗസ്ഥര്‍, ജീവനക്കാര്‍, തൊഴിലുറപ്പ് പ്രവര്‍ത്തകര്‍, താലൂക് ആശുപത്രിയിലെ ജീവനക്കാര്‍, സന്നദ്ധ സംഘടനകള്‍, ആരോഗ്യ പ്രവര്‍ത്തകര്‍, പൊതുജനങ്ങള്‍ തുടങ്ങിയവര്‍ പങ്കാളികളാകും.
തൊടുപുഴ ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിലെ പ്രവര്‍ത്തനങ്ങള്‍ ബ്ലോക്ക് ഓഫീസിന്റെ പരിസരപ്രദേശത്തുനിന്നും ആരംഭിക്കും. തുടര്‍ന്ന് കോലാനി നാലുവരിപ്പാത, പുറപ്പുഴ തുടങ്ങിയ  ബ്ലോക്കിന്റെ കീഴില്‍ വരുന്ന മേഖലകളില്‍ ശുചീകരണം നടത്തും.  ഇളംദേശം ബ്ലോക്കിലെ ശുചീകരണം ഇളംദേശം കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ നിന്നും ആരംഭിക്കും. കൂടാതെ ബ്ലോക്കിന് കീഴിലെ മുഴുവന്‍ പഞ്ചായത്തുകളും ശുചീകരണ യജ്ഞത്തില്‍ പങ്കാളികളാകുമെന്നും ഇളംദേശം ബ്ലോക്ക് വൈസ്  പ്രസിഡന്റ് എം മോനിച്ചന്‍ പറഞ്ഞു.
അടിമാലിയില്‍ ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ നടത്തുന്ന ശുചീകരണ പ്രോഗ്രാം
അടിമാലി ടൗണ്‍ കേന്ദ്രീകരിച്ചുള്ള പ്രവര്‍ത്തനങ്ങളാണ് നാളെ നടക്കുക. താലൂക്ക് ആശുപത്രിയും പരിസരവും പ്രത്യേക പരിഗണന നല്‍കി ശുചീകരിക്കും .വ്യാപര സ്ഥാപനങ്ങള്‍, ബസ്റ്റാന്റ്, ടൗണ്‍ കേന്ദ്രീകരിച്ചുള്ള റോഡുകള്‍ എന്നിവിടങ്ങളിലെ ജൈവ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ വിവിധ വകുപ്പുകളുടെ സഹായത്തോടെ നീക്കം ചെയ്യും .വാര്‍ഡു തലത്തില്‍ വീടുകളുടെ പരിസരവും ശുചീകരിക്കും. പ്ലാസ്റ്റിക് മാലിന്യങ്ങള്‍ അടിമാലി പഞ്ചയത്തിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന പ്ലാസ്റ്റിക് ഷെഡിംഗ് യൂണിറ്റില്‍ എത്തിച്ച് സംസ്‌ക്കരിക്കും.
ദേവികുളം ബ്ലോക്കില്‍ കീഴിലെ ശുചീകരണ പരിപാടി ദേവികുളം പി. ച്ച് സി യില്‍ നിന്ന് ആരംഭിക്കും .റോഡുകള്‍ തദ്ദേശ്വ സ്വയംഭരണ സ്ഥാപനങ്ങള്‍, മൂന്നാര്‍ ടൗണ്‍ ആശുപത്രി, അംഗന്‍വാടി കുടിവെള്ള സ്രോതസ്സുകള്‍ എന്നിവയുടെ ശുചീകരണമാണ് ദേവികുളം ബ്ലോക്കില്‍ നടക്കുക.
You might also like

-