പോസ്റ്റൽ ബാങ്കിന് പ്രധാനമന്ത്രി തുടക്കമിട്ടു; 1.55 ലക്ഷം പോസ്റ്റോഫീസുകൾ വഴി ബാങ്കിംഗ് സേവനം

ഐപിപിബിയ്ക്ക് ഇപ്പോൾ ഇന്ത്യയിലൊട്ടാകെ 650 ശാഖകളാണ് ഉള്ളത്. 3250 ഇടങ്ങളില്‍ സേവനം ലഭ്യമാകും

0

ഡൽഹി: ഇന്ത്യൻ പോസ്റ്റൽ വകുപ്പിന്റെ പെയ്മെൻറ്സ് ബാങ്കിന്റെ (ഐപിപിബി) പ്രവ‍ർത്തനോദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്രമോദി നിർവഹിച്ചു. തപാൽ വകുപ്പിന്റെ വിപുലമായ ശൃംഖലയുടെ സഹായത്തോടെ രാജ്യത്തുടനീളം വേഗത്തിൽ ധനപരമായ ഇടപാടുകൾ നടത്തുക ലക്ഷ്യമിട്ടാണ് ഇന്ത്യാ പോസ്റ്റ് പെയ്മെന്റ് ബാങ്ക് സംവിധാനം നടപ്പാക്കുന്നത്. മറ്റു ബാങ്കുകൾക്ക് സമാനമാണ് പ്രവർത്തനമെങ്കിലും വായ്പ, ക്രെഡിറ്റ് കാർഡ് സേവനങ്ങൾ ഉണ്ടാകില്ല.

ഐപിപിബിയ്ക്ക് ഇപ്പോൾ ഇന്ത്യയിലൊട്ടാകെ 650 ശാഖകളാണ് ഉള്ളത്. 3250 ഇടങ്ങളില്‍ സേവനം ലഭ്യമാകും. 2018 അവസാനത്തോടെ ഇത് 1.55 ലക്ഷമായി വർധിപ്പിക്കും. ഒരു ലക്ഷം രൂപ വരെ നിക്ഷേപം സ്വീകരിക്കാനും കറന്റ് അക്കൗണ്ട്, സേവിങ്‌സ് അക്കൗണ്ട് എന്നിവ ലഭ്യമാക്കാനും കഴിയുന്നവയാണ് പെയ്‌മെന്റ് ബാങ്കുകള്‍. ഡെബിറ്റ് കാര്‍ഡുകള്‍, ഇന്റര്‍നെറ്റ് ബാങ്കിങ്, മൊബൈല്‍ ബാങ്കിങ് എന്നിവയും ലഭ്യമാകും.

കറന്റ് അക്കൗണ്ട്, സേവിംഗ്‌സ് അക്കൗണ്ട് എന്നിവയ്ക്ക് പുറമെ പണം അടയ്ക്കാനുള്ള സൗകര്യം, പണം കൈമാറ്റം ചെയ്യാനുള്ള സൗകര്യം, ഗുണഭോക്താവിന് നേരിട്ട് പണം നല്‍കാനുള്ള സൗകര്യം (ഡയറക്ട് ബനഫിക്ട് ട്രാന്‍സ്ഫര്‍) തുടങ്ങിയവയും ഇന്ത്യ പോസ്റ്റ് പെയ്‌മെന്റ്‌സ് ബാങ്കിലുണ്ടാകും. പോസ്റ്റ് ഓഫീസുകളിലെ കൗണ്ടറുകള്‍, മൈക്രോ എടിഎം, മൊബൈല്‍ ബാങ്കിംഗ് ആപ്ലിക്കേഷനുകള്‍, എസ്എംഎസ്, ഇന്ററാക്ടീവ് വോയ്‌സ് റെസ്‌പോണ്‍സ് എന്നിവ വഴി സേവനങ്ങള്‍ ഉപയോഗിക്കാന്‍ കഴിയും.

You might also like

-