രഹ്നഫാത്തിമയുടെ മുന്‍കൂര്‍ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി.

മതവിശ്വാസത്തെ വ്രണപ്പെടുത്തിയെന്ന കേസിലാണ് കോടതി മുന്‍കൂര്‍ ജാമ്യം തള്ളിയത്. അതേ സമയം ശബരിമലയില്‍ മാധ്യമങ്ങളെ തടഞ്ഞിട്ടില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു.

0

രഹ്നഫാത്തിമയുടെ മുന്‍കൂര്‍ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. മതവിശ്വാസത്തെ വ്രണപ്പെടുത്തിയെന്ന കേസിലാണ് കോടതി മുന്‍കൂര്‍ ജാമ്യം തള്ളിയത്. അതേ സമയം ശബരിമലയില്‍ മാധ്യമങ്ങളെ തടഞ്ഞിട്ടില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു.ഇതിനിടെ നിലയ്ക്കലില്‍ അക്രമം നടത്തിയ കേസില്‍ അറസ്റ്റിലായ ആറു പേര്‍ക്ക് കോടതി ജാമ്യം അനുവദിച്ചു.

ശബരിമലയില്‍ മാധ്യമ പ്രവര്‍ത്തകരെ തടയുന്നുവെന്ന് ചൂണ്ടിക്കാട്ടി സ്വകാര്യ ചാനല്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയത്.ശബരിമലയില്‍ മാധ്യമപ്രവര്‍ത്തകരെ തടഞ്ഞിട്ടില്ലെന്ന് സര്‍ക്കാര്‍ അറിയിച്ചു. 15ന് വൈകീട്ടു മുതല്‍ പ്രവേശനം അനുവദിച്ചിരുന്നു.14ന് മാധ്യമപ്രവര്‍ത്തകരുള്‍പ്പടെ ആരെയും പ്രവേശിപ്പിച്ചിട്ടില്ല.

സുരക്ഷാനടപടികളുടെ ഭാഗമായാണ് ഈ നടപടി.മാധ്യമ പ്രവര്‍ത്തകരുടെ സുരക്ഷകൂടി ഉറപ്പാക്കാനായിരുന്നു അവിടെ പരിശോധനകള്‍ നടത്തിയത്. മാധ്യമ പ്രവര്‍ത്തകരെ തടയരുതെന്നും എന്താണ് അവിടെ നടക്കുന്നതെന്ന് ജനങ്ങള്‍ക്കറിയണമെന്നും കോടതി ചൂണ്ടിക്കാട്ടി.

ഈ വിഷയത്തില്‍ വിശദമായ സത്യവാങ്ങ്മൂലം സമര്‍പ്പിക്കാനും സര്‍ക്കാരിനോട് കോടതി നിര്‍ദേശിച്ചു.അതേ സമയം മതവിശ്വാസത്തെ വ്രണപ്പെടുത്തിയതിന് പത്തനംത്തിട്ട പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് രഹ്ന ഫാത്തിമ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈകോടതി തള്ളി.

പൊലീസിന് തുടര്‍നടപടികളുമായി മുന്നോട്ട് പോകാമെന്നും കോടതി നിര്‍ദേശിച്ചു. ശബരിമല ദര്‍ശനത്തിന് മുന്നോടിയായി രഹ്ന ഫേയ്‌സ്ബുക്കിലിട്ട ഫോട്ടോ മതവിശ്വാസത്തെ അവഹേളിക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടി തൃക്കൊടിത്താനം സ്വദേശി ആര്‍. രാധാകൃഷ്ണ മേനോന്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് പൊലീസ് കേസ്സെടുത്തത്.

ഈ സാഹചര്യത്തിലാണ് മുന്‍കൂര്‍ ജാമ്യം തേടി രഹ്ന ഫാത്തിമ ഹൈക്കോടതിയെ സമീപിച്ചത്.
യുവതികള്‍ക്കും ദര്‍ശനം നടത്താമെന്ന സുപ്രീം കോടതി ഉത്തരവ് വന്നത് മുതല്‍ വൃതം നോറ്റ് ശബരിമലയില്‍ പോകാന്‍ ആഗ്രഹിച്ചയാളാണ് താനെന്ന് രഹ്നാ ഫാത്തിമ ഹര്‍ജിയില്‍ പറയുന്നുണ്ട്.

ബി.എസ്.എന്‍.എല്‍ ജീവനക്കാരിയായ തന്‍റെ ക്വാര്‍േട്ടഴ്‌സ് ചിലര്‍ അടിച്ചു തകര്‍ത്ത സംഭവമുണ്ടായി. ഇതോടനുബന്ധിച്ച് ചിലര്‍ അറസ്റ്റിലുമായി. ജീവന് ഭീഷണിയുള്ളതിനാല്‍ താനും കുടുംബാംഗങ്ങളും ഇപ്പോള്‍ പൊലീസ് സംരക്ഷണയിലാണ് കഴിയുന്നത്.

സത്യത്തില്‍ ശബരിമല വിഷയത്തിലെ ഇരയായതന്നെ കുറ്റവാളിയാക്കി കേസെടുത്തിയിരിക്കുകയാണെന്ന് ഹര്‍ജിയില്‍ പറയുന്നു.ഈ വാദങ്ങള്‍ കോടതി തള്ളുകയായിരുന്നു.ഇതിനിടെ താല്ക്കാലിക ജീവനക്കാരെ നിയമിക്കാൻ ദേവസ്വം ബോർഡിന് ഹൈക്കോടതി അനുമതി നല്‍കി.

You might also like

-