ഷുഹൈബ് കേസിൽ ഹൈക്കോടതിയുടെ നിർണായക ഉത്തരവ് ഇന്ന്

യൂത്ത് കോൺഗ്രസ് പ്രവർത്തകൻ ഷുഹൈബ് വധക്കേസിന്റെ അന്വേഷണം സിബിഐക്ക് വിട്ട സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ സർക്കാർ നൽകിയ അപ്പീലിൽ ഹൈക്കോടതി ഇന്ന് വിധി പറയും.

0

കൊച്ചി: യൂത്ത് കോൺഗ്രസ് പ്രവർത്തകൻ ഷുഹൈബ് വധക്കേസിന്റെ അന്വേഷണം സിബിഐക്ക് വിട്ട സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ സർക്കാർ നൽകിയ അപ്പീലിൽ ഹൈക്കോടതി ഇന്ന് വിധി പറയും. പ്രാദേശിക തലത്തിലുള്ള വൈര്യത്തെ തുടർന്ന് നടന്ന കൊലപാതകമാണിതെന്നും ഏതെങ്കിലും നേതാക്കൾക്കൊപ്പം പ്രതികൾ നിൽക്കുന്ന ചിത്രം മാത്രം പരിഗണിച്ച് നേതാക്കൾക്ക് ഗൂഢാലോചനയിൽ പങ്കുണ്ടെന്ന് പറയാനാവില്ലെന്നും സർക്കാർ കോടതിയെ അറിയിച്ചിട്ടുണ്ട്.

ലോക്കൽ പൊലീസിൽ നിന്ന് മറ്റൊരു ഏജൻസിക്ക് അന്വേഷണം കൈമാറണമെങ്കിൽ കൃത്യമായ കാരണം ഉണ്ടെങ്കിൽ മാത്രമേ സാധിക്കൂ എന്ന സുപ്രീംകോടതിയുടെ മുൻ ഉത്തരവും സർക്കാർ ചൂണ്ടികാട്ടുന്നു. കേസിന്റെ അന്വേഷണം ശരിയായ രീതിയിലല്ലെന്ന് ചൂണ്ടിക്കാട്ടി ഷുഹൈബിന്റെ മാതാപിതാക്കൾ സമർപ്പിച്ച ഹർജിയിലാണ് സിംഗിൾ ബെഞ്ച് അന്വേഷണം സിബിഐക്ക് കൈമാറിയത്. ഇതിനെതിരെ സര്‍ക്കാര്‍ അപ്പീല്‍ സമര്‍പ്പിക്കുകയായിരുന്നു. കേസിലെ അന്വേഷണം പൂർത്തിയായെന്നും ഗൂഢാലോചന അടക്കം വിശദമായി അന്വേഷിച്ചതിനാല്‍ കേന്ദ്ര ഏജന്‍സി വീണ്ടും അന്വേഷിക്കേണ്ടതില്ലെന്നുമായിരുന്നു സംസ്ഥാന സര്‍ക്കാര്‍ നിലപാട്.

2018 ഫെബ്രുവരി 12നാണ് രാഷ്ട്രീയ സംഘർഷങ്ങളുടെ തുടർച്ചയായുണ്ടായ ആക്രമണത്തിൽ ഷുഹൈബ് കൊല്ലപ്പെട്ടത്. യൂത്ത് കോൺഗ്രസ് മട്ടന്നൂർ ബ്ലോക്ക് സെക്രട്ടറിയായിരുന്ന എസ് പി ഷുഹൈബിനെ കണ്ണൂർ തെരൂരിലെ തട്ടുകടയിൽ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ അക്രമിസംഘം വെട്ടിക്കൊല്ലുകയായിരുന്നു. മുൻ ലോക്കൽ സെക്രട്ടറി ഉൾപ്പെടെയുള്ള സിപിഎം പ്രവർത്തകരാണ് കേസിലെ പ്രതികൾ.

You might also like

-