ആര്‍ടിപിസിആര്‍ പരിശോധന നിരക്ക് കുറച്ച സർക്കാര്‍ നടപടി പ്രശംസനീയമെന്ന് ഹൈക്കോടതി.നാല് ലക്ഷം ഡോസ് കൊവിഷീൽഡ് വാക്സീൻ കൂടി കേരളത്തിന്
സ്വകാര്യ ആശുപത്രിയിൽ കൊവിഡ് ചികിത്സയ്ക്ക് അമിത ഫീസ് ഈടാക്കുന്നതിനെതിരായ ഹർജി പരിഗണിച്ച ഹൈക്കോടതി, ഇത് ഏറെ ഗൗരവമുള്ള വിഷയമാണെന്ന് നിരീക്ഷിച്ചു
കൊച്ചി: ആര്‍ടിപിസിആര്‍ പരിശോധന നിരക്ക് കുറച്ച സർക്കാര്‍ നടപടി പ്രശംസനീയമെന്ന് ഹൈക്കോടതി. നിരക്ക് കുറയ്ക്കണം എന്നാവശ്യപ്പെട്ട് ഷാഫി പറമ്പിൽ അടക്കം നൽകിയ ഹർജിയിലാണ് പ്രശംസ. നിരക്ക് കുറച്ച് ഉത്തരവ് ഇറക്കിയെന്ന് സർക്കാർ കോടതിയെ അറിയിച്ചു. സർക്കാർ റിപ്പോർട്ട് രേഖപ്പെടുത്തിയ കോടതി ഹർജികൾ തീർപ്പാക്കി. ടെസ്റ്റുകൾ ആവശ്യസേവന നിയമത്തിന്റെ പരിധിയിൽ ഉൾപ്പെടുത്തുന്ന കാര്യത്തിൽ സർക്കാരിന് തീരുമാനം എടുക്കാമെന്ന് കോടതി പറഞ്ഞു.
സ്വകാര്യ ആശുപത്രിയിൽ കൊവിഡ് ചികിത്സയ്ക്ക് അമിത ഫീസ് ഈടാക്കുന്നതിനെതിരായ ഹർജി പരിഗണിച്ച ഹൈക്കോടതി, ഇത് ഏറെ ഗൗരവമുള്ള വിഷയമാണെന്ന് നിരീക്ഷിച്ചു. കൊവിഡ് ചികിത്സയ്ക്ക് ആശുപത്രികൾ അമിത നിരക്ക് ഈടാക്കുന്നു എന്ന് വ്യാപക പരാതികൾ ലഭിച്ചിട്ടുണ്ടെന്നും ഓരോ രോഗിയും പ്രതിദിനം രണ്ട് പിപിഇ കിറ്റുകളുടെ പണം വരെ നൽകേണ്ടിവരുന്നുവെന്നും ഹൈക്കോടതി പറഞ്ഞു. വിവിധ പേരുകളിലാണ് ആശുപത്രികൾ ഇത്തരത്തിൽ അധിക നിരക്ക് ഈടാക്കുന്നതെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ നിരീക്ഷിച്ചു.
സർക്കാരിന്റെ മുൻ ഉത്തരവ് സ്വകാര്യ ആശുപത്രികൾ പാലിക്കുന്നില്ല. 10 പേരുള്ള വാർഡിൽ ഓരോ രോഗിയിൽ നിന്നും പിപിഇ കിറ്റിനുള്ള പണം ഈടക്കരുതെന്ന് കോടതി നിര്‍ദ്ദേശിച്ചു. രണ്ടാം തരംഗം കൂടുതൽ ആളുകളെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കും. അതിനാൽ സർക്കാർ ഒരു പോളിസി കൊണ്ടുവരുന്നതാണ് ഉചിതം. ഏറെ പൊതുതാല്പര്യം ഉള്ള ഒരു വിഷയമാണ് ഇതെന്നും കോടതി നിരീക്ഷിച്ചു.
അതേസമയം സംസ്ഥാനത്തെ വാക്സീൻ ക്ഷാമത്തിന് താല്‍കാലിക പരിഹാരം. ഇന്ന് നാല് ലക്ഷം ഡോസ് കൊവിഷീൽഡ് വാക്സീൻ കൂടി കേരളത്തിലെത്തും. 75000 ഡോസ് കൊവാക്സീനും കേരളത്തിലെത്തിയിട്ടുണ്ട്. അതേസമയം, പതിനെട്ട് വയസിന് മുകളിലുള്ളവരുടെ വാക്സീനേഷന്‍ സംബന്ധിച്ച് കേന്ദ്രത്തില്‍ നിന്നൊരു നിര്‍ദേശവും കിട്ടിയിട്ടുമില്ല.
കൊവാക്സീനും കൊവിഷീൽഡും ഉൾപ്പെടെ ആകെ 2 ലക്ഷം ഡോസ് വാകസീനാണ് ഇപ്പോൾ സംസ്ഥാനത്തുള്ളത്. പല ജില്ലകളിലും നല്‍കിയിട്ടുള്ളത് വളരെ കുറച്ച് ഡോസ് വാക്സീൻ മാത്രമാണ്. ഇന്ന് കൂടുതല്‍ കേന്ദ്രങ്ങളിൽ വാക്സീനേഷൻ നടക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ആകെ ഉള്ള വാക്സീനില്‍ നല്ലൊരു പങ്കും തീരും. ഈ സാഹചര്യത്തിലാണ് നാല് ലക്ഷം ഡോസ് കൊവിഷീൽഡ് വാക്സീൻ കേരളത്തിലെത്തുന്നത്. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് ഇങ്ങനെ മൂന്ന് മേഖലക്കും കൂടി ഉള്ളതാണിത്.
അതിനിടെ ആദ്യ ഡോസ് എടുക്കാനുള്ളവര്‍ക്ക് കൊവിൻ ആപ്പിൽ ഇപ്പോഴും പ്രശ്നങ്ങൾ തുടരുന്നുണ്ട്. ദിവസങ്ങൾ പരിശ്രമിച്ചാണ് സ്ഥലവും സമയവും കിട്ടുന്നത്. കേരളത്തിന്‍റ ആവശ്യം അനുസരിച്ചുള്ള വാക്സീൻ കിട്ടാത്തതിനാല്‍ വളരെ കുറച്ച് സമയം മാത്രമാണ് രജിസട്രേഷനായി ആപ്പ് സജ്ജമാക്കുന്നത്. അതേസമയം 18 വയസിന് മുകളിലുള്ളവരുടെ വാക്സിനേഷൻ ഇതുവരെ തുടങ്ങിയിട്ടില്ല. എന്ന് തുടങ്ങുമെന്നതിലും വ്യക്തതയില്ല. സ്വകാര്യ മേഖലക്കും അറിയിപ്പ് കിട്ടിയിട്ടില്ല.