കനത്ത മഴ തുടരുന്നു പത്ത് ജില്ലകളിൽ റെഡ് അലർട്ട്,നാലിടത്ത് ഓറഞ്ച് അലർട്ട്,കെടുതിയിൽ മരണം 13
കനത്ത മഴയുടെ പശ്ചാത്തലത്തിൽ 12 ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. ആലപ്പുഴ, കോഴിക്കോട്, തൃശൂർ, എറണാകുളം, കോട്ടയം, മലപ്പുറം, ഇടുക്കി, പത്തനംതിട്ട, പാലക്കാട്, വയനാട്, തിരുവനന്തപുര, കൊല്ലം ജില്ലകളിലാണ് അവധി
തിരുവനന്തപുരം | മധ്യകേരളത്തിലും വടക്കൻ കേരളത്തിലും ഇന്നും അതിതീവ്ര മഴയ്ക്ക് സാധ്യതയെന്ന മുന്നറിയിപ്പിൻ്റെ അടിസ്ഥാനത്തിൽ സംസ്ഥാനത്ത് അതീവജാഗ്രത തുടരുന്നു. ആലപ്പുഴ മുതൽ കണ്ണൂർ വരെ പത്ത് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. നാലിടത്ത് ഓറഞ്ച് അലർട്ടുംനിലവിലുണ്ട്.. 12 ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി നൽകി. കേരള,എംജി,കാലിക്കറ്റ് സർവകലാശാലകൾ പരീക്ഷകൾ മാറ്റിവച്ചിരിക്കുകയാണ്. ഇന്നലെ മാത്രം സംസ്ഥാന വ്യാപകമായി 12 ഇടത്ത് ഉരുൾപൊട്ടലുണ്ടായി. കണ്ണൂരിലെ പേരാവൂരിലാണ് കാര്യമായ നാശനഷ്ടങ്ങൾ ഉണ്ടായത്. കനത്ത മഴയും ആൾനാശവും ഉണ്ടായെങ്കിലും കണ്ണൂർ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധിയില്ല.
കനത്ത മഴയുടെ പശ്ചാത്തലത്തിൽ 12 ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. ആലപ്പുഴ, കോഴിക്കോട്, തൃശൂർ, എറണാകുളം, കോട്ടയം, മലപ്പുറം, ഇടുക്കി, പത്തനംതിട്ട, പാലക്കാട്, വയനാട്, തിരുവനന്തപുര, കൊല്ലം ജില്ലകളിലാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. പ്രൊഫഷണല്‍ കോളേജുകള്‍, അങ്കണവാടികള്‍ ഉള്‍പ്പടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാനങ്ങള്‍ക്കും അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടർമാർ അറിയിച്ചു. കാലിക്കറ്റ് സർവകലാശാലയും കേരളസർവ്വകലാശാലയും ബുധനാഴ്ച ( ഓഗസ്റ്റ് 3) നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റി വെച്ചതായി പരീക്ഷാ കൺട്രോളർ അറിയിച്ചിട്ടുണ്ട്. പുതുക്കിയ തീയതി പിന്നീടറിയിക്കും
സംസ്ഥാനത്ത് മഴക്കെടുതിയിൽ മരിച്ചവരുടെ എണ്ണം 13 ആയി. ഇന്നലെ 7 പേരാണ് മരിച്ചത്. കാണാതായവർക്കായി തെരച്ചിൽ പുരോഗമിക്കുകയാണ്. ചേറ്റുവ അഴിമുഖത്ത് കാണാതായ മത്സ്യത്തൊഴിലാളികൾക്കായി തെരച്ചിൽ തുടരുന്നുണ്ട്. കുളച്ചൽ സ്വദേശികളായ ഗിൽബർട്ട്, മണി എന്നിവർക്ക് വേണ്ടിയാണ് തെരച്ചിൽ. നേവിയുടെ ഹെലികോപ്റ്റർ വഴിയും കടലിൽ തെരച്ചിൽ നടത്തി.
അതേസമയം, സംസ്ഥാനത്തെ മഴക്കെടുതികളും ദുരന്ത നിവാരണ പ്രവർത്തനങ്ങളും ഇന്നത്തെ മന്ത്രിസഭാ യോഗം വിലയിരുത്തും. ഓൺലൈൻ ആയാണ് യോഗം.ദുരന്ത നിവാരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനായി മന്ത്രിമാർ വിവിധ ജില്ലകളിൽ തുടരുന്നതിനാലാണ് ഓണ്‌ലൈനായി യോഗം ചേരുന്നത്. നിലവിൽ സ്വീകരിച്ചിട്ടുള്ള പ്രതിരോധ മാർഗങ്ങൾ, അപകടസാധ്യതകൾ തുടങ്ങിയവ മന്ത്രിമാർ യോഗത്തിൽ അറിയിക്കും. അപകടസാധ്യതകൾ നിലനിൽക്കുന്ന മേഖലകളിൽ കൂടുതൽ ദുരന്ത പ്രതിരോധ സംഘങ്ങളെ വിന്യസിക്കുന്ന്‌നതും, കൂടുതൽ കേന്ദ്രസേനകളുടെ സഹായം തേടുന്നതും ഇന്നത്തെ യോഗത്തിൽ ചർച്ചയാകും.
കനത്ത മഴയെത്തുടര്‍ന്ന് സംസ്ഥാനത്ത് ആകെ 102 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു. ആകെ 2368 പേരെയാണ് വീടുകളില്‍ നിന്നും മാറ്റിപ്പാര്‍പ്പിച്ചത്. 27 വീടുകളാണ് പൂര്‍ണമായും തകര്‍ന്നത്. 126 വീടുകള്‍ ഭാഗികമായും തകര്‍ന്നു.എറണാകുളം ജില്ലയിലെ 18 ക്യാമ്പുകളിലുള്ളത് 199 കുടുംബങ്ങളാണ്. കോട്ടയം ജില്ലയില്‍ 28 ക്യാമ്പുകളും പത്തനംതിട്ട ജില്ലയില്‍ 25 ക്യാമ്പുകളും തുറന്നു. തൃശൂര്‍ ജില്ലയിലെ 32 ക്യാമ്പുകളിലായി 1268 പേരെയാണ് മാറ്റിപ്പാര്‍പ്പിച്ചത്