കേരളത്തിൽ എയിംസ് സ്ഥാപിക്കാന്‍ കേന്ദ്രത്തിന്റെ ഉറപ്പ്: മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍
വൈറസ് രോഗ നിര്‍വ്യാപന ഗവേഷണത്തിന് കേന്ദ്രസഹായം
തിരുവനന്തപുരം: കേരളത്തില്‍ എയിംസ് സ്ഥാപിക്കുന്ന കാര്യം കേന്ദ്രത്തിന്റെ സജീവ പരിഗണനയിലാണെന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് മന്ത്രി കെ. കെ. ശൈലജ ടീച്ചര്‍. ഇതു സംബന്ധിച്ച് കേന്ദ്ര ആരോഗ്യ വകുപ്പ് മന്ത്രി ജെ.പി. നഡ്ഡയുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷം ഡല്‍ഹി നിര്‍മാണ്‍ ഭവനില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി. മാതൃമരണ നിരക്ക് ഏറ്റവും കുറവുള്ള സംസ്ഥാനത്തിനുള്ള അവാര്‍ഡ് ഏറ്റുവാങ്ങുന്നതിനായാണ് മന്ത്രി ഡല്‍ഹിയിലെത്തിയത്.
കേരളത്തില്‍ എയിംസ് സ്ഥാപിക്കുന്ന കാര്യം വിശദമായി പരിശോധിക്കാമെന്ന് കേന്ദ്ര മന്ത്രി ഉറപ്പു നല്‍കിയതായി ശൈലജ ടീച്ചര്‍ പറഞ്ഞു. ഘട്ടം ഘട്ടമായിട്ടാണ് ഇക്കാര്യത്തില്‍ തീരുമാനമെടുന്നതെന്ന് അറിയിച്ചിരുന്നു. എന്നാല്‍ കഴിഞ്ഞ വര്‍ഷം വരെ തീരുമാനമായിരുന്നില്ല. അടുത്തഘട്ടത്തില്‍ ഇക്കാര്യം ഉള്‍പ്പെടുത്താമെന്ന് ഇപ്പോള്‍ മന്ത്രി സമ്മതിച്ചിട്ടുണ്ട്. കേന്ദ്രത്തില്‍ ഈ സര്‍ക്കാരിന്റെ കാലാവധി തീരുന്നതിനു മുമ്പ് ഇക്കാര്യത്തില്‍ തീരുമാനമുണ്ടാകും. നാലു സ്ഥലങ്ങളാണ് എയിംസ് സ്ഥാപിക്കുന്നതിനായി നേരത്തെ കണ്ടെത്തിയിരുന്നത്. കോഴിക്കോടാണ് ഇപ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ നിര്‍ദേശിച്ചിരിക്കുന്നത്. 200 ഏക്കര്‍ ഇതിനായി കണ്ടെത്തിയിട്ടുണ്ട്. സ്ഥലം ഏറ്റെടുക്കുന്ന കാര്യത്തില്‍ നിലവില്‍ ഒരു പ്രയാസവുമുണ്ടാകില്ലെന്നും മന്ത്രി പറഞ്ഞു.
കേരളത്തില്‍ സമീപകാലത്തുണ്ടായ നിപ വൈറസ് ബാധ മൂലമുള്ള മാരക രോഗങ്ങള്‍ ഉണ്ടാകുന്നതു തടയുന്നതിനായി ലോകാരോഗ്യ സംഘടനയുമായി ചേര്‍ന്നുള്ള ഗവേഷണ സംവിധാനത്തിനു കേന്ദ്രത്തിന്റെ പൂര്‍ണ പിന്തുണ ലഭിച്ചതായും മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പറഞ്ഞു. ഇതു സംബന്ധിച്ചു കേന്ദ്ര ആരോഗ്യ മന്ത്രിക്ക് കെ.കെ. ശൈലജ ടീച്ചര്‍ നിവേദനം നല്‍കി.
നിപ വൈറസ് ബാധ തടയുന്നതിനു കേന്ദ്രം നല്‍കിയ പിന്തുണയ്ക്ക് നന്ദി അറിയിച്ചതായി മന്ത്രി പറഞ്ഞു. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളുടെ ഇടപെടല്‍ മൂലം വളരെ പെട്ടന്ന് രോഗ വ്യാപനം തടയാനായി. ഭാവിയില്‍ ഇത്തരം രോഗങ്ങള്‍ വ്യാപിക്കുന്നതു തടയുന്നതിനായി സംസ്ഥാനം പ്രത്യേക ആശയം തയാറാക്കിയിട്ടുണ്ട്. ഇക്കാര്യത്തില്‍ കേന്ദ്രമന്ത്രി വളരെ അനുകൂലമായ നിലപാടാണു സ്വീകരിച്ചിരിക്കുന്നത്. ഐസിഎംആറും ലോകാരോഗ്യസംഘനാ പ്രതിനിധികളെയുമൊക്കെ പങ്കെടുപ്പിച്ച് താമസിയാതെ ഒരു യോഗം വിളിച്ചുചേര്‍ക്കാമെന്ന് കേന്ദ്രം അറിയിച്ചിട്ടുണ്ട്. ഈ യോഗത്തില്‍ ശാസ്ത്രജ്ഞരെയും പങ്കെടുപ്പിക്കും. കേരളത്തിന്റെ പ്രതിനിധികളും യോഗത്തില്‍ പങ്കെടുക്കും.