അവസാനമായി അച്ഛനെ ഒരുനോക്ക് കാണാനായില്ല; ഐസൊലേഷന്‍ വാര്‍ഡില്‍ നിന്നൊരു മകന്റെ കുറിപ്പ്
കോട്ടയം: വീട്ടില്‍ ഉറക്കത്തില്‍ കട്ടിലില്‍നിന്നു വീണു ഗുരുതരാവസ്ഥയില്‍ കോട്ടയം മെഡിക്കല്‍ കോളേജിലായ അച്ഛന്‍ ആബേല്‍ ഔസേഫിനെ കാണാനാണു ലിനോ ആബേല്‍ ഖത്തറില്‍ നിന്നെത്തിയത്. എന്നാല്‍, ആന്തരിക രക്തസ്രാവത്തെ തുടര്‍ന്ന് ആബേലിന്റെ അവസ്ഥ ഗുരുതരമാവുകയും സ്ട്രോക്ക് വന്ന് രാത്രിയോടെ മരിക്കുകയുമായിരുന്നു.ആശുപത്രിയിലായ അച്ഛനെ കാണാന്‍ വിദേശത്തു നിന്നെത്തി, കോവിഡ് സംശയത്തെ തുടര്‍ന്നു സ്വമേധയാ ആശുപത്രിയില്‍ റിപ്പോര്‍ട്ട് ചെയ്ത് ഐസലേഷനില്‍ ആയ യുവാവിന്റെ കണ്ണീര്‍ക്കുറിപ്പ് വൈറലാകുന്നു.
ലിനോ ആബേലിന്റെ കുറിപ്പിന്റെ പൂര്‍ണരൂപം:
എങ്ങനെയാണു പറഞ്ഞു തുടങ്ങേണ്ടത് എന്നു എനിക്കറിയില്ല ഒന്നു വായിക്കാന്‍ ഇത്തിരി സമയം മാത്രമേ ചോദിക്കുന്നുള്ളൂ. like ചെയ്യാനല്ല. മറ്റൊരാള്‍ക്കു ഒരു inspiration അകാന്‍ share ചെയ്യാന്‍ പറ്റുമെങ്കില്‍ നന്നായിരുന്നു ലൈവായി വിഡിയോ ചെയ്യാനുള്ള മാനസിക അവസ്ഥയില്‍ അല്ലാത്തതുകൊണ്ടാണ് എഴുതിയത്.
ഞാന്‍ ലിനോ ആബേല്‍
മാര്‍ച്ച് 7ന് രാവിലെയാണ് എന്റെ ചേട്ടന്റെ മെസ്സേജ് കാണുന്നത്. പെട്ടെന്ന് വിളിക്കുക അത്യാവശ്യമാണ്. പെട്ടെന്ന് തന്നെ ഞാന്‍ നാട്ടിലേക്ക് വിളിക്കുകയും ചെയ്തു. അപ്പോള്‍ ആണ് അറിയുന്നത് അച്ചാച്ചന്‍ (അച്ഛന്‍) രാത്രിയില്‍ കട്ടിലില്‍നിന്നു ഉറക്കത്തില്‍ താഴെ വീണു, സീരിയസ് ആണെന്ന്. തൊടുപുഴ നിന്നും കോട്ടയം മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയാണെന്നും പറഞ്ഞു. പിന്നീട് വിളിച്ചപ്പോള്‍ casuality യില്‍ ആണെന്നും സ്കാന്‍ ചെയ്തപ്പോള്‍ internal bleeding ആണെന്നും പറഞ്ഞു എന്റെ കമ്ബനിയില്‍ പറഞ്ഞപ്പോള്‍ തന്നെ നാട്ടിലേക്ക് ടിക്കറ്റ് എടുക്കുകയും ചെയ്തു.
നാട്ടിലെ കൊറോണ വാര്‍ത്തകള്‍ കാണുമ്ബോള്‍ എത്താന്‍ പറ്റുമോ എന്നും അറിയില്ലായിരുന്നു. എങ്കിലും രാത്രിയില്‍ qatar ല്‍ നിന്നും യാത്ര തിരിച്ചു. എട്ടാം തീയതി രാവിലെ കൊച്ചി വിമാനത്താവളത്തില്‍ എത്തുകയും ഫ്ലൈറ് ഫോം ഫില്‍ ചെയ്തു ഏല്‍പ്പിക്കുകയും ചെയ്തു. എനിക്ക് അപ്പോള്‍ പ്രശ്‌നങ്ങള്‍ ഒന്നുമില്ലായിരുന്നു Temperature നോര്‍മല്‍ ആയിരുന്നു. Mask ഞാന്‍ അവിടെ നിന്നു വരുമ്ബോള്‍ തന്നെ യൂസ് ചെയ്തിരുന്നു തൊടുപുഴയില്‍ നിന്നും N95 mask ഞാന്‍ വാങ്ങിച്ചിരുന്നു. ചെറിയൊരു പേടി ഉണ്ടായിരുന്നതുകൊണ്ട് ആരുടെയും ദേഹത്തു തൊടാതിരിക്കാനും അകലം പാലിക്കാനും ശ്രദ്ധിച്ചിരുന്നു.
അവിടെ നിന്നും കോട്ടയം എത്തുകയും ചേട്ടനുമായി സംസാരിക്കുകയും ചെയ്തു. ഉള്ളില്‍ ചെറിയൊരു പേടി ഉണ്ടായിരുന്നതുകൊണ്ടു അച്ഛനെ കാണാന്‍ നിന്നില്ല. അപ്പോള്‍ അച്ഛന്‍ വെന്റിലേറ്ററില്‍ ആയിരുന്നു. അവിടെ നിന്നും പുറത്തിറങ്ങി കുറച്ചു കഴിഞ്ഞപ്പോള്‍ ചെറുതായി ചുമക്കുകയും തൊണ്ടയില്‍ എന്തോപോലെ തോന്നുകയും ചെയ്തു. ആദ്യം വേണ്ട എന്നു തോന്നി. പക്ഷെ ഞാന്‍ കാരണം എന്റെ വീട്ടിലുള്ളവരെയും ചുറ്റുമുള്ളവരെയും ഓര്‍ത്തപ്പോള്‍ കൊറോണ സെക്ഷനില്‍ അറിയിക്കാന്‍ തന്നെ തീരുമാനിച്ചു.
കോട്ടയം മെഡിക്കല്‍ കോളജിലെ തന്നെ കൊറോണ സെക്ഷനില്‍ ബന്ധപ്പെട്ടു. അവിടെ ഉണ്ടായിരുന്ന ഡോക്ടര്‍ പറഞ്ഞു, ഖത്തര്‍ എല്ലായിടത്തും കൊറോണ സ്പ്രെഡ് ആകുന്നതുകൊണ്ടു school, supermarket അതുപോലെ ഇവിടെ നിന്നു qatar ലേക്കുള്ള യാത്രയും താല്‍കാലികമായി ക്ലോസ് ചെയ്തിരിക്കുന്നു. അവിടെ നിന്നും എന്നെ ഐസലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചു. അന്ന് രാത്രിയില്‍ ഏകദേശം 10:30 യോട് കൂടി അച്ഛന് ഒരു strock ഉണ്ടാകുകയും മരണപ്പെടുകയും ചെയ്തു. ഇവിടെ ഐസലേഷന്‍ വാര്‍ഡില്‍ നിന്നും ഒന്നു കാണാന്‍ സാധിക്കുമോയെന്നു ചോദിച്ചപ്പോള്‍ ഇപ്പോളത്തെ അവസ്ഥയില്‍ സാധിക്കുകയില്ലെന്നും അറിയിച്ചു.
കരയാന്‍ മാത്രമേ എനിക്ക് കഴിഞ്ഞുള്ളൂ. തൊട്ടടുത്ത് ഉണ്ടായിട്ടും ഒന്നു കാണാന്‍ പറ്റാതിരിക്കുന്നത് ഭീകരമാണ്. പിറ്റേദിവസം post mortem ഉണ്ടായിരുന്നു, കട്ടിലില്‍ നിന്നു വീണതുകൊണ്ട്. ഞാന്‍ കിടന്നിരുന്ന റൂമിന്റെ മുന്‍വശത്തു തന്നെ ആയിരുന്നു post mortem റൂം ഉണ്ടായിരുന്നത്. 10-ാം തീയതി ഉച്ചയ്ക്ക് 3 മണിയോട് കൂടി അച്ഛനുമായി ആംബുലന്‍സ് പോകുമ്ബോള്‍ ജനലില്‍ കൂടി നോക്കി നില്‍ക്കാനേ കഴിഞ്ഞുള്ളൂ. വീട്ടില്‍ എത്തിയപ്പോള്‍ വിഡിയോ കാള്‍ ചെയ്താണ് ഞാന്‍ അച്ചാച്ചനെ അവസാനമായി കണ്ടത്. ഒരുപക്ഷേ ഞാന്‍ റിപ്പോര്‍ട്ട് ചെയ്തില്ലായിരുന്നെങ്കില്‍ എനിക്ക് അച്ചാച്ചനെ കാണാന്‍ പറ്റുമായിരുന്നു.