അത്‌ലറ്റിക് മീറ്റിനിടെ ഹാമര്‍ തലയില്‍ പതിച്ച് വിദ്യാര്‍ത്ഥി മരിച്ച സംഭവത്തില്‍ മൂന്ന് പേരെ അറസ്റ്റ് ചെയ്തു

മത്സരത്തില്‍ വോളണ്ടിയറായിരുന്ന അഫീല്‍ ജോണ്‍സന്റെ മരണത്തിന് കാരണം സംഘാടകരുടെ വീഴ്ച്ചയാണെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു

0

പാലാ: പാലായില്‍ നടന്ന സംസ്ഥാന ജൂനിയര്‍ അത്‌ലറ്റിക് മീറ്റിനിടെ ഹാമര്‍ തലയില്‍ പതിച്ച് വിദ്യാര്‍ത്ഥി മരിച്ച സംഭവത്തില്‍ മൂന്ന് പേരെ അറസ്റ്റ് ചെയ്തു. കായികാധ്യാപകരായ മുഹമ്മദ് കാസിം, ജോസഫ് സേവി, മാര്‍ട്ടിന്‍ എന്നിവരെയാണ് ചോദ്യം ചെയ്യലിനു ശേഷം അറസ്റ്റ് ചെയ്ത് സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടത്. മത്സരത്തില്‍ വോളണ്ടിയറായിരുന്ന അഫീല്‍ ജോണ്‍സന്റെ മരണത്തിന് കാരണം സംഘാടകരുടെ വീഴ്ച്ചയാണെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു

അപകടം നടന്ന് ഒരു മാസത്തിന് ശേഷമാണ് ഈരാറ്റുപേട്ട സ്വദേശി അഫീല്‍ ജോണ്‍സന്റെ മരണത്തില്‍ കുറ്റക്കാരുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. അറസ്റ്റിലായ മൂന്നു പേരും ത്രോ മത്സരങ്ങളുടെ മേല്‍നോട്ടം വഹിച്ച കായിക അധ്യാപകരാണ്. കുറ്റകരമായ അനാസ്ഥ മൂലമുണ്ടായ മരണമായി കണക്കിലെടുത്ത് 304 എ വകുപ്പാണ് ഇവര്‍ക്കെതിരെ ചുമത്തിയത്. അറസ്റ്റിന് ശേഷം സ്റ്റേഷന്‍ ജാമ്യത്തില്‍ ഇവരെ വിട്ടയച്ചു.

ജാവലിന്‍ – ഹാമര്‍ ത്രോ മത്സരങ്ങള്‍ ഒരേ സമയം ഒരേ വേദിയില്‍ നടത്തിയതാണ് അഫീലിന്റെ മരണത്തിന് കാരണമായ അപകടത്തില്‍ കലാശിച്ചതെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ഇത് ശരിവയ്ക്കുന്ന റിപ്പോര്‍ട്ടാണ് കായിക വകുപ്പ് നിയോഗിച്ച മൂന്നംഗ സമിതിയും സര്‍ക്കാരിന് സമര്‍പ്പിച്ചത്. സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷനും അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു.

You might also like

-