ഗെയ്ല് പ്രകൃതിവാതക പദ്ധതി പൈപ്പിടല്‍ പൂർത്തിയായതായി മുഖ്യമന്ത്രി
510 കിലോമീറ്റർ പൈപ്പ് ലൈനാണ് ആകെ പദ്ധതിയിൽ ഉള്ളത്. ഇതിൽ 470 കിലോമീറ്ററും ഈ സർക്കാരിൻ്റെ കാലത്താണ് സ്ഥാപിച്ചത്
തിരുവനന്തപുരം :ഗെയ്ല് പ്രകൃതിവാതക പദ്ധതിയുടെ കേരളത്തിലെ പൈപ്പിടല്‍ പൂർത്തിയായതായി മുഖ്യമന്ത്രി പിണറായി വിജയൻ. അവസാന കടമ്പയായ കാസർഗോഡ് ചന്ദ്രഗിരിപ്പുഴയ്ക്ക് കുറുകെ ഒന്നരക്കിലോമീറ്റർ പൈപ്പ് ലൈൻ ശനിയാഴ്ച സ്ഥാപിച്ചു. ഒരാഴ്ചയ്ക്കുള്ളിൽ ബംഗളൂരുവിലെ വ്യവസായ മേഖലയിൽ വാതകം എത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചു. 510 കിലോമീറ്റർ പൈപ്പ് ലൈനാണ് ആകെ പദ്ധതിയിൽ ഉള്ളത്. ഇതിൽ 470 കിലോമീറ്ററും ഈ സർക്കാരിൻ്റെ കാലത്താണ് സ്ഥാപിച്ചത്. ഇതു ഡിസംബർ ആദ്യം തന്നെ കമ്മീഷൻ ചെയ്യാൻ കഴിയും എന്നാണ് പ്രതീക്ഷിക്കുന്നത്. ഇതോടൊപ്പം ബംഗളൂരു ലൈനിന്റെ ഭാഗമായ കൂറ്റനാട് ലൈനിലും 96 കീലോമീറ്റർ പൂർത്തിയായി. 2021 ജനുവരിയിൽ ആ പദ്ധതിയും കമ്മീഷൻ ചെയ്യാൻ സാധിക്കും എന്നാണ് പ്രതീക്ഷിക്കുന്നതെന്നും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
ബരിമല തീര്‍ത്ഥാടനത്തിനെത്തുന്ന തീര്‍ത്ഥാടകര്‍ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ശബരിമലയിലേക്കുള്ള വഴിയില്‍ പ്രധാന പൊതുസ്ഥലങ്ങളില്‍ അംഗീകൃത കിയോസ്കുകള്‍ സ്ഥാപിച്ചിട്ടുണ്ട്. അവയുടെ സേവനം ഉപയോഗപ്പെടുത്താവുന്നതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.ആന്റിജന്‍ ടെസ്റ്റ് നെഗറ്റീവായാല്‍ പോലും കോവിഡ് സാധ്യത നൂറ് ശതമാനം തള്ളിക്കളയാന്‍ സാധിക്കില്ലെന്നും അതിനാല്‍ തന്നെ ടെസ്റ്റ് നെഗറ്റീവായതുകൊണ്ട് മറ്റ് ജാഗ്രത ആവശ്യമില്ലെന്ന് കരുതരുതെന്നും മുഖ്യമന്ത്രി പറഞ്ഞു. നിര്‍ബന്ധമായും എല്ലാ ജാഗ്രതാ നിര്‍ദേശങ്ങളും പാലിക്കണം. ശബരിമലയില്‍ എത്തിയാല്‍ തീര്‍ത്ഥാടകര്‍ ഓരോ 30 മിനിറ്റിലും കൈകള്‍ ശുചിയാക്കണമെന്നും മാസ്ക് ധരിക്കാനും അകലം പാലിക്കാനും ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
നിലയ്ക്കലും പമ്പയിലും ആളുകള്‍ കൂടിനില്‍ക്കുന്നത് ഒഴിവാക്കണം. ഒരു സ്ഥലത്തും ആളുകള്‍ കൂട്ടംകൂടി നില്‍ക്കുന്നത് അനുവദിക്കില്ല. ടോയ്ലറ്റുകള് ഇടയ്ക്കിടെ അണുവിമുക്തമാക്കണം. തീര്‍ത്ഥാടകര്‍ക്കൊപ്പം വരുന്ന പാചകക്കാര്‍, ഡ്രൈവര്‍മാര്‍, ക്ലീനര്‍മാര്‍ ഇവരെല്ലാം നിര്‍ബന്ധമായും കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കാന്‍ ബാധ്യസ്ഥരാണെന്നും മുഖ്യമന്ത്രി പറഞ്ഞു.